പട്ടാള വേഷത്തിലെത്തി മോഷണം : വിധി ഒക്ടോബറിൽ

മനാമ : സൗത്തേൺ ഗവർണറേറ്റിലെ ഒരു എക്സ്ചേഞ്ച് ഹൗസിൽ പട്ടാള വേഷത്തിലെത്തി മോഷണം നടത്തിയ വ്യക്തിയുടെ വിധി ഒക്ടോബറിൽ പ്രസ്താവിക്കും. കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സിൽ അംഗമാണെന്ന വ്യാജേന ഫിനാൻസ് കന്പനിയിൽ എത്തിയ പാകിസ്ഥാൻ പൗരനായ ഇയാൾ 2,700 ബഹ്‌റൈൻ ദിനാർ മോഷ്ടിക്കുകയായിരുന്നു. ഫസ്റ്റ് ഹൈ ക്രിമിനൽ കോടതിയിൽ ഫയൽ ചെയ്ത കേസ് പ്രകാരം പ്ലാസ്റ്റിക് പിസ്റ്റൾ കൊണ്ട് ജീവനക്കാരെ ഭീഷണിപ്പെടുത്തിയായിരുന്നു മോഷണം. കേസിന്റെ വിചാരണ ഒക്ടോബർ 26ന് നടക്കും.
കുറ്റകൃത്യം ചെയ്ത് 24 മണിക്കൂറിനകം പ്രതി പോലീസ് പിടിയിലായി. സൈനികവേഷം ഒരു വീട്ടിൽനിന്നും മോഷ്ടിച്ചതാണെന്നും 28കാരനായ പ്രതി വ്യക്തമാക്കി. തട്ടിയെടുത്ത തുകയിൽ 2,200 ബഹ്‌റൈൻ ദിനാർ പാകിസ്ഥാനിലേയ്ക്ക് അയച്ചതായി പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ജീവനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതിനായി പ്ലാസ്റ്റിക് തോക്ക് താൻ തന്നെ പെയിന്റ് ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. താൻ സാന്പത്തിക മാന്ദ്യത്തിലാണെന്നും കടം തിരിച്ചടയ്ക്കാനാണ് മോഷണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. മോഷണത്തിനും മോഷണ മുതൽ അയക്കാൻ ഐഡന്റിറ്റി കാർഡ് മോഷ്ടിച്ചതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.