വേനലവധി അവസാനിക്കുന്നു : പ്രവാസികളുടെ നടുവൊടിച്ച് വിമാനനിരക്കും വിലവർദ്ധനവും

മനാമ : വേനലവധി അവസാനിക്കവെ നാട്ടിൽ നിന്നും മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് അവധിക്ക് പോയ പ്രവാസികൾ. വരാൻ പോകുന്നത് ചിലവേറിയ നാളുകളാണ്. വേനലവധിക്ക് വർദ്ധിപ്പിച്ച വിമാന നിരക്കുകൾ ഇപ്പോഴും വിമാനക്കന്പനികൾ കുറച്ചിട്ടില്ല. അതുകൊണ്ട്തന്നെ ഈ ഇനത്തിൽ തന്നെ നല്ലൊരു തുക ചിലവിട്ടാണ് പല കുടുംബങ്ങളും നാട്ടിലേയ്ക്ക് പോയിട്ടുള്ളത്. ചിലർ റിട്ടേൺ ടിക്കറ്റ് എടുത്തിട്ടുണ്ടെങ്കിലും മിക്ക പ്രവാസികളും തിരികെ വരുന്ന തീയ്യതിയിൽ മാറ്റം ഉണ്ടാകുമോ എന്ന് കരുതി മടക്ക ടിക്കറ്റ് എടുത്തിട്ടില്ല. ഓണം കഴിഞ്ഞ് മടങ്ങുന്ന കാലയളവ് നോക്കി കേരളത്തിൽ നിന്നുള്ള എല്ലാ സർവ്വീസുകളും ഉയർന്ന നിരക്കാണ് വിമാനക്കന്പനികൾ നിശ്ചയിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ നിന്നുള്ള കണക്ഷൻ ഫ്‌ളൈറ്റുകൾക്ക് പോലും സാധാരണ നിരക്കിന്റെ ഇരട്ടി ചാർജ്ജാണ് ഈടാക്കുന്നത്.
മാറി മാറി വരുന്ന മന്ത്രിസഭകൾ പ്രവാസികളുടെ വിമാന നിരക്കിന്റെ കാര്യത്തിൽ ഘോരഘോരം പ്രസംഗിക്കുന്നതല്ലാതെ ആഘോഷ വേളകളിലെയും വേനലവധിക്കാലത്തെയും വിമാന നിരക്ക് വർദ്ധനവ് ഇല്ലാതാക്കാൻ വേണ്ടുന്ന ഒരു നടപടിയും ഇതുവരെ ആരും കൈക്കൊള്ളുന്നില്ലെന്ന നിലപാട് തന്നെയാണ് സ്വീകരിക്കുന്നതെന്നാണ് പ്രവാസികളുടെ പരാതി.
ഇതിന് പുറമെ സ്‌കൂൾ തുറക്കുന്നതിനോടനുബന്ധിച്ചുള്ള ചിലവുകളും പ്രവാസികളുടെ നടുവൊടിക്കും. നാട്ടിൽ ലഭിക്കുന്ന നോട്ടു പുസ്തകങ്ങൾക്ക് ബഹ്‌റൈനിലെ നിരക്ക് നോക്കുന്പോൾ വിലക്കുറവാണെങ്കിലും പല സ്‌കൂളുകളും ഇവിടെ ലഭ്യമാകുന്ന തരത്തിലുള്ള നോട്ടു പുസ്തകങ്ങൾ മാത്രമേ അനുവദിക്കുന്നുള്ളൂ. സ്‌കൂൾ േസ്റ്റഷനറി വിപണി സജീവമാക്കാൻ ബഹ്‌റൈനിലെ സൂപ്പർ ഹൈപ്പർ മാർക്കറ്റുകാരും തയ്യാറെടുത്ത് കഴിഞ്ഞു. സ്‌കൂൾ ബാഗ്, ടിഫിൻ ബോക്സ്, പേന, പെൻസിൽ, ജ്യോമിട്രി ബോക്സ് തുടങ്ങി വിദ്യാർത്ഥികൾക്ക് വേണ്ടുന്ന എല്ലാവിധത്തിലുള്ള ഉൽപ്പന്നങ്ങളും വളരെ ആകർഷകമായാണ് കടകളിൽ പ്രദർശനത്തിന് െവച്ചിരിക്കുന്നത്. എല്ലാ സ്‌കൂളുകളിലേയ്ക്കും വേണ്ടുന്ന യൂണിഫോമുകളും റെഡി മെയ്ഡ് തുണിത്തരങ്ങളും കടകളിൽ തയ്യാറായിത്തുടങ്ങി. ഒരു കുടക്കീഴിൽ സ്‌കൂൾ േസ്റ്റഷനറിയും യൂണിഫോമുകളും ഒരുക്കിയാണ് പല കടകളും ഉപഭോക്താക്കളെ ആകർഷിക്കുന്നത്. േസ്റ്റഷനറിയിൽ ചൈനാ നിർമ്മിതങ്ങൾക്ക് തന്നെയാണ് വൻ ഡിമാൻഡ്. പ്രത്യേകിച്ച് ബാഗുകൾ, ഫ്‌ളാസ്‌ക്, ഷൂ തുടങ്ങിയവ ബ്രാൻഡഡ് ഇനങ്ങളെക്കാൾ കുറഞ്ഞ തുകയ്ക്ക് ലഭിക്കുമെന്നുള്ളത് കൊണ്ടും കുട്ടികളെ ആകർഷിക്കാൻ തക്ക വിധമുള്ള ഡിസൈനുകളും ഇവയുടെ ഡിമാൻഡ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നതായി വ്യാപാരികൾ പറഞ്ഞു.
പൊതുവെ വൈദ്യുതി ജല നിരക്കിലെ വർദ്ധനവ് കാരണം പല പ്രവാസികളുടെയും ബജറ്റുകൾ താളം തെറ്റുന്ന അവസ്ഥയിലാണുള്ളത്. ഓണക്കാലം മുന്നിൽ കണ്ടു കൊണ്ടുള്ള വിമാന നിരക്ക് വർദ്ധനവിനോടൊപ്പം സാധന വിലയിലെ വർദ്ധനവും കൂടിയായപ്പോൾ പ്രവാസികളുടെ ജീവിതച്ചിലവുകളുടെ താളം തെറ്റുന്ന അവസ്ഥയാണുള്ളത്.