മനാമ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് മുനിസിപ്പൽ കൗൺസിലിന്റെ പിന്തുണ
മനാമ : മനാമയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് കാപ്പിറ്റല്‍ മുനിസിപ്പൽ കൗൺസിൽ ഇന്നലെ പൂർണ പിന്തുണ പ്രഖ്യാപിച്ചു. സിഞ്ചിലെ കൗൺസിൽ ഓഫീസിൽ ക്ഷേത്രത്തിന്റെ പ്രതിനിധികളുൾപ്പെടെയുള്ളവരുമായി ബോർഡ് ചെയർമാൻ മുഹമ്മദ് അലി അൽ ഖുസായ്, ക്യാപിറ്റൽ മുനിസിപ്പൽ കൗൺസിൽ വൈസ് പ്രസിഡന്റ് മസെൻ അഹമ്മദ് അൽ-ഒമ്രാൻ എന്നിവർ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
മുനിസിപ്പാലിറ്റി നിയമം ഉറപ്പുനൽകുന്ന അവകാശങ്ങൾക്ക് അനുസൃതമായി എല്ലാ സേവനങ്ങളും നൽകാൻ കൗൺസിൽ തയ്യാറാണെന്ന് മുഹമ്മദ് അലി അൽ ഖുസായ് അറിയിച്ചു. ബഹ്‌റൈൻ മത സൗഹാർദത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ഉദാഹരണമാണെന്നും സംസ്കാരങ്ങളും മതപരമായ ആചാരങ്ങളും സ്വതന്ത്രമായി അനുഷ്ഠിക്കാൻ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മനമായിലെ പ്രധാന സൂക്കിന് സമീപം സ്ഥിതിചെയ്യുന്നതിനാൽ നിർമാണ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നുണ്ടെന്ന് കൗൺസിൽ ഇതിന്റെ ഭാഗമായി ഉറപ്പുവരുത്തും.

