ഫഹദ് കോസ്‌വേയിൽ പ്രവേശന ഫീസ് വർധിപ്പിക്കില്ല


മനാമ : കിംഗ് ഫഹദ് കോസ്‌വേയിൽ പ്രവേശന ഫീസ് വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന പ്രചാരണം അധികൃതർ തള്ളിക്കളഞ്ഞു. കോസ്‌വേയിലെ പ്രവേശന ഫീസ് 2.5ബഹ്‌റൈൻ ദിനാറിൽനിന്ന് 3.5 ബഹ്‌റൈൻ ദിനാറാക്കി ഉയർത്തി എന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അല്‍കോബാറിലേയ്ക്കുള്ള യാത്രക്ക്  7ബഹ്‌റൈൻ ദിനാറും, ഇൻഷ്വറൻസ് ചാർജ് ഇനത്തിൽ 1ബഹ്‌റൈൻ ദിനാറും ഈടാക്കും എന്നായിരുന്നു സന്ദേശം. ഒരു ഇലക്ട്രോണിക് രസീതിന്റെ ചിത്രവും സന്ദേശത്തോടൊപ്പം പ്രചരിച്ചിരുന്നു. 
 
എന്നാൽ എസ്.യു.വികൾക്കും പിക്ക്അപ്പ് ട്രക്കുകൾക്കും നിലവിലെ എൻട്രി ഫീസ് 3.5 ബഹ്‌റൈൻ ദിനാർ ആയതിനാൽ പലരും ഈ വാർത്തയുടെ ആധികാരികതയെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ഫഹദ് കോസ്‌വേ അതോറിറ്റി അധികൃതർ ഈ വാർത്ത നിഷേധിക്കുകയും പ്രവേശന ഫീസിൽ വർധന വരുത്തിയിട്ടില്ലെന്ന് അറിയിക്കുകയും ചെയ്തു. കാറുകൾ, മിനിബസുകൾ, പിക്ക് അപ്പ് ട്രക്കുകൾ എന്നിവയ്ക്കും ഇത് ബാധകമാണ്. 
 
1986 ൽ ഫഹദ് കോസ്‌വേ നിലവിൽ വന്നതിന് ശേഷം 2016 ജനുവരി 1 നാണ് ആദ്യമായി ഫീസ് വർധന ഏർപ്പെടുത്തിയത്. ചെറിയ വാഹനങ്ങൾക്ക് 2 ബഹ്‌റൈൻ ദിനാറിൽനിന്ന് 2.5 ബഹ്‌റൈൻ ദിനാറായും വലിയ യാത്രാ വാഹനങ്ങൾക്ക് 3 ബഹ്‌റൈൻ ദിനാറിൽനിന്ന് 3.5 ബഹ്‌റൈൻ ദിനാറായുമാണ് അന്ന് നിരക്ക് വർധിപ്പിച്ചത്.
 

You might also like

  • Lulu Exchange
  • Straight Forward

Most Viewed