ദിറാസ് സ്‌ഫോടനം : മുഖ്യപ്രതി പിടിയിൽ

മനാമ : കഴിഞ്ഞ മാസം ദിറാസിൽ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായി. മൂന്ന് പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്‌ഫോടനത്തിൽ ഒരു പോലീസുകാരൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ കേസിൽ ഉൾപ്പെട്ട അപകടകാരിയായ തീവ്രവാദിയെ സുരക്ഷാ സേന അറസ്റ്റുചെയ്തിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസാണ് അറിയിച്ചത്.
26 കാരനായ ഹുസൈൻ അബ്ദുല്ലയാണ് പോലീസ് കസ്റ്റഡിയിലുള്ളത്. പ്രതിയിൽനിന്നും ഒരു കലാഷ്നിക്കോവ് റൈഫിളും പോലീസ് പിടിച്ചെടുത്തു.
2014 ഒക്ടോബറിൽ ദിറാസിൽ പോലീസുകാർക്കെതിരെയുണ്ടായ മറ്റൊരു സ്‌ഫോടന കേസിലും ഇദ്ദേഹത്തിന്റെ പങ്ക് സംശയിക്കുന്നു. സയ്യിദ് മുഹമ്മദ് ഖാസിം (25) എന്ന രണ്ടാം പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. 2016 ഫെബ്രുവരിയിൽ ദിറാസിലുണ്ടായ ഒരു ബോംബ് സ്‌ഫോടന കേസിലും ഖാസിം ശിക്ഷിക്കപ്പെട്ടിരുന്നു. വിവിധ ബോംബു നിർമാണ കേസുകളിലും ഇയാൾ പ്രതിയാണ്.