ഇസ ടൗൺ വിദ്യാഭ്യാസ ജില്ലയിലേക്ക് പുതിയ പാത തുറന്നു

മനാമ : ഗതാഗതക്കുരുക്കുകൾ കുറയ്ക്കുന്നതിന് കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ആദ്യ ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യന്‍ സ്കൂള്‍ അടക്കം പ്രവര്‍ത്തിക്കുന്ന ഇസ ടൗൺ വിദ്യാഭ്യാസ ജില്ലയിലേക്ക് പുതിയ പാത തുറന്നതായി തൊഴിൽ - മുനിസിപ്പാലിറ്റി അഫേഴ്‌സ് - നഗരാസൂത്രണ വകുപ്പ് മന്ത്രി എസാം ബിൻ അബ്ദുള്ള ഖലാഫ് പ്രഖ്യാപിച്ചു.
സേക്രഡ് ഹാർട്ട് സ്കൂളിനും ഷെയ്ഖ് അബ്ദുള്ള സ്കൂളിനും ഇടയിലുളള പുതിയ റോഡ്, ഷെയ്ഖ് സൽമാൻ റോഡ് - 4109 റോഡ് എന്നിവയെ ആണ് ബന്ധിപ്പിക്കുന്നത്. ഈ റോഡിന് മണിക്കൂറിൽ 2000 വാഹനങ്ങളെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്. ഇതോടൊപ്പം കാർ പാർക്കിങ്ങിനുള്ള സൗകര്യവും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തെ ഗതാഗതക്കുരുക്ക് കുറച്ചുകൊണ്ടുവരാനുള്ള പദ്ധതികളുടെ ഭാഗമായി 1.2 ദശലക്ഷം ഡോളർ ചിലവ് വരുന്ന വികസന പദ്ധതികളാണ് നടന്നു വരുന്നത്. അതിന്റെ പ്രധാനപ്പെട്ട ഭാഗമാണ് ഇസ ടൗൺ വിദ്യാഭ്യാസ ജില്ലയിലേക്കുള്ള പുതിയ പാത .