കോസ്റ്റ് ഗാർഡിന്റെ ഫ്ളോട്ട് നയിച്ചത് ബഹ്റിൻ പ്രവാസിയുടെ മകൾ

മനാമ: ചെന്നൈയിൽ നടന്ന തമിഴ്നാട് സർക്കാരിന്റെ റിപ്പബ്ലിക് ദിന പരേഡിൽ കോസ്റ്റ് ഗാർഡിന്റെ ആഭിമുഖ്യത്തിലുള്ള ഫ്ളോട്ടിനെ നയിച്ചത് ബഹ്റിൻ പ്രവാസിയും സാംസ്കാരിക പ്രവർത്തകനുമായ സതീഷ് മുതലയിൽ ലീനാ ദന്പതികളുടെ മകളായ ശ്രുതി സതീഷ്. ഗുജറാത്തിൽ കോസ്റ്റ് ഗാർഡ് കമാന്റ് ആയി ജോലി ചെയ്യുകയായിരുന്ന ശ്രുതി ജനുവരി 23നാണ് ചെന്നൈ ഡിവിഷനിലേയ്ക്ക് സ്ഥലം മാറ്റം കിട്ടിയത്. അവിടെ ജോലിയിൽ പ്രവേശിച്ച് മൂന്നാം ദിവസം തന്നെ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഫ്ളോട്ടിനെ നയിക്കാനുള്ള യോഗം ശ്രുതിക്ക് കൈവരുകയായിരുന്നു.
സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ കോസ്റ്റ് ഗാർഡ് വനിതാ പൈലറ്റ് എന്ന സ്ഥാനം കരസ്ഥമാക്കിയ ശ്രുതി സതീഷ് ഇന്നലെ തമിഴ്നാട് റിപ്പബ്ലിക് ദിന പരിപാടിയിൽ പങ്കെടുത്തപ്പോൾ ആ അഭിമാന മുഹൂർത്തം നേരിട്ട് കാണാൻ കഴിഞ്ഞില്ലെങ്കിലും രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന ഒരു പരിപാടിയുടെ ഭാഗമാവാൻ മകൾക്ക് കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് സതീഷും കുടുംബവും. ശ്രുതിയുടെ വിജയം ബഹ്റിൻ പ്രവാസികൾക്കും അഭിമാനമായി.
കേരളത്തിൽ നാവിക ആസ്ഥാനമായ ഏഴിമല നാവിക അക്കാദമി ആസ്ഥാനത്ത് 2016 മെയ് മാസത്തിൽ നടന്ന കോസ്റ്റ് ഗാർഡ് പാസിംഗ് ഔട്ട് പരേഡിൽ കോസ്റ്റ് ഗാർഡ് സംഘത്തെ നയിച്ചതും ഈ 18കാരിയാണ്. രണ്ടാം ക്ലാസ് മുതൽക്ക് ബഹ്റിൻ ഇന്ത്യൻ സ്കൂളിൽ പഠിച്ച ശ്രുതിക്ക് ചെറുപ്പം തൊട്ടു തന്നെ ആകാശത്തേയ്ക്ക് പറക്കാനായിരുന്നു മോഹം. ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ പ്രവേശിക്കാൻ ഫിലിപ്പീനിലെ വിമാന ലൈസൻസ് മാറ്റാനും കടന്പകൾ ഏറെയായിരുന്നു. അതിനുള്ള പരീക്ഷയും പാസാവാൻ ശ്രുതിക്ക് അധികകാലം വേണ്ടി വന്നില്ല. അതിനിടെ അബുദാബിയിൽ നിന്ന് എമിറേറ്റ്സിൽ പൈലറ്റ് കൺട്രോളിംഗ് കോഴ്സും വിജയിച്ചു. അതുകൊണ്ട് തന്നെ കോസ്റ്റ് ഗാർഡിലേയ്ക്കുള്ള പ്രവേശനം എളുപ്പമായി. അക്കാദമി പഠനത്തിൽ മികവ് കാട്ടിയ ശ്രുതി സൗത്ത് ഇന്ത്യയിലെ തന്നെ ഏക വനിതാ അസിസ്റ്റന്റ് കമാൻഡ് പൈലറ്റായി മാറുവാൻ അധിക കാലം വേണ്ടി വന്നില്ല.
സാഹസികത ഇഷ്ടപ്പെടുന്ന മകളുടെ ആഗ്രഹത്തിന് വഴങ്ങി പ്ലസ് ടു വിദ്യാഭ്യാസം പൂർത്തിയാക്കിയതോടെ മതാപിതാക്കൾ ശ്രുതിയെ ഫിലിപ്പീൻസിലെ ഡൽട്ടാ എയർ ഏവിയേഷനിൽ പൈലറ്റ് ട്രെയിനിംഗിന് ചേർക്കുകയായിരുന്നു. ഏറ്റവും കുറഞ്ഞ പ്രായത്തിൽ തന്നെ പൈലറ്റ് ലൈസൻസ് സന്പാദിക്കുക എന്ന ആഗ്രഹം മനസ്സിൽ കരുതിയ ശ്രുതി ഒന്പത് മാസം കൊണ്ട് തന്നെ പരിശീലനം പൂർത്തിയാക്കി. അണ്ണാ യൂണിവേഴ്സിറ്റിയുടെ ബി.ബി.എ കോഴ്സിൽ സമാന്തര പഠനവും തുടർന്നു. ബഹ്റിനിൽ ആർക്കിടെക് ആയ സതീഷിന്റെ വഴിയിൽ ആർക്കിടെക് എഞ്ചിനിയറിംഗ് പഠിക്കുകയാണ് ശ്രുതിയുടെ സഹോദരി സ്വാതി സതീഷ്.