ബഹ്‌റിനിൽ വ്യാജ വാട്ട്സ് ആപ് വാർത്തകൾ പ്രചരിക്കുന്നു

മനാമ : വാട്ട്സ് ആപ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളും പരസ്യങ്ങളും കാരണം യാഥാർത്ഥ്യമേത് കളവ് ഏതെന്ന് മനസ്സിലാകുന്നില്ലെന്ന് പ്രവാസികൾ. കഴിഞ്ഞ ദിവസം ബഹ്റിനിലെ നിരവധി വിശ്വാസികൾ അംഗങ്ങളായുള്ള ഒരു പ്രയർ ഗ്രൂപ്പിൽ വന്ന തൊഴിൽ പരസ്യവും വ്യാജമാണെന്ന് പിന്നീട് അന്വേഷണത്തിൽ നിന്ന് മനസ്സിലായതായി ഗ്രൂപ്പിലെ ഒരംഗം ഫോർ പി.എം ന്യൂസിനോട് പറഞ്ഞു. പ്രമുഖ സൂപ്പർ മാർക്കറ്റിൽ ആളുകളെ ആവശ്യമുണ്ടെന്ന് പറഞ്ഞാണ് വാട്ടസ് ആപ് ഗ്രൂപ്പിൽ ഇത്തരത്തിൽ ഒരു പരസ്യം വന്നത്.ഇതിന്റെ പിറകിൽ മലയാളികൾ തന്നെയെന്ന് വ്യക്തമായെങ്കിലും ഇത്തരത്തിലുള്ള പരസ്യം നൽകിയതിലൂടെ നിരവധി പേരുടെ വിശദ വിവരങ്ങൾ കൈക്കലാക്കുകയും അതിന് ശേഷം പണം തട്ടാനുള്ള ശ്രമമാണോ നടക്കുന്നതെന്നും സംശയമുണ്ടെന്ന് ഒരു ഗ്രൂപ്പിലെ ഒരംഗം പറഞ്ഞു.
സൗദിയിലെ ഒരു പ്രമുഖ സൂപ്പർ മാർക്കറ്റിലേയ്ക്ക് 21 വയസ്സിനും 40 വയസ്സിനും മധ്യേ പ്രായമുള്ളവരെ ആവശ്യമുണ്ടെന്ന് കാണിച്ചുള്ള പരസ്യമാണ് വന്നത്. 2500 റിയാൽ ശന്പളം, താമസം, ഭക്ഷണം സൗജന്യം എന്നാണ് വാഗ്ദാനം നൽകിയിരിക്കുന്നത്. താൽപ്പര്യമുള്ളവർ ഡിസംബർ 5ന് മഞ്ചേരിയിലുള്ള ഒരു നന്പറിൽ ബന്ധപ്പെടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അതിൽ കൊടുത്തിട്ടുള്ള നന്പറിൽ വിളിച്ചപ്പോൾ ഫോൺ നന്പർ കൈവശം െവച്ച വ്യക്തിക്ക് ഇതുമായി ഒരു ബന്ധവുമില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. ഇതേ തുടർന്ന് വാട്ട്സ് ആപ് ഗ്രൂപ്പിലുള്ള ബഹ്റിനിലെ ഒരു മലയാളി ഗ്രൂപ്പ് അഡ്മിനുമായി ബന്ധപ്പെട്ട് ഇക്കാര്യം ചോദിച്ചപ്പോൾ അദ്ദേഹത്തെ അഡ്മിൻ ഗ്രൂപ്പിൽ നിന്ന് ഒഴിവാക്കുകയായിരുന്നുവത്രെ. കുവൈത്ത്, യു.എ.ഇ അടക്കം അംഗങ്ങളുള്ള ഗ്രൂപ്പിൽ ഈ പരസ്യം വളരെ പ്രചാരം നേടു കയും ചെയ്തിട്ടുണ്ട്. വാട്സ്ആപ് ഗ്രൂപ്പുകളിൽ നിന്നും നിരവധി തെറ്റായ വാർത്തകളും ഇത് പോലെ പ്രചരിക്കുന്നുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടുപോയതടക്കം ചില വാർത്തകൾ ഇത്തരത്തിൽ പ്രചരിക്കുന്പോൾ ഇതിനിടയിൽ വരുന്ന ചില യഥാർത്ഥ വാർത്തകളുടെയും നിജസ്ഥിതി അറിയാൻ കഴിയാത്ത അവസ്ഥയാണുള്ളത്. വാർത്തകൾ ലഭിച്ചാൽ ഉടനെ മറ്റുള്ളവർക്ക് ഷെയർ ചെയ്യുന്നതിന് പകരം സത്യാവസ്ഥ അറിഞ്ഞതിന് ശേഷം മാത്രം ഷെയർ ചെയ്യുകയാണ് ഇതിനൊരു പോം വഴി. പ്രത്യേകിച്ച് തൊഴിൽ പരസ്യങ്ങളിൽ കാണുന്ന ഇ-മെയിലുകളിലേയ്ക്ക് പേൺ കുട്ടികൾ പോലും അവരുടെ ഫോട്ടോകൾ അടക്കമുള്ള വിഷദാംശങ്ങളാണ് അയക്കുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന വിവരങ്ങൾ െവച്ച് അവരുടെ പേരിൽ ഫെയ്‌സ് ബുക്ക് പേജുകൾ ആരംഭിക്കാനും അതിലൂടെ ആളുകളെ കബളിപ്പിക്കാനും സാധ്യതയുണ്ട്.
അതുകൊണ്ട് തന്നെ തൊഴിൽ പരസ്യങ്ങളിൽ കാണുന്ന വിലാസം പരിചയമുള്ളവരെക്കൊണ്ടോ അല്ലെങ്കിൽ തന്നിരിക്കുന്ന ഫോൺ നന്പറിലോ വിളിച്ച് കാര്യങ്ങൾ അറിഞ്ഞതിന് ശേഷം മാത്രം വിശദവിവരങ്ങൾ അയക്കുന്നതായിരിക്കും നല്ലതെന്ന് തൊഴിൽ പരസ്യത്തിൽ വിളിച്ചു സത്യാവസ്‌ഥ അറിഞ്ഞ ബഹ്റിൻ പ്രയർ ഗ്രൂപ്പിലെ ഒരംഗം പറയുന്നു.