പ്രവാസിയെ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ മര്‍ദ്ദിച്ചതായി പരാതി


കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവാസിയെ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ മാരകമായി മര്‍ദ്ദിച്ചതായി പരാതി. നോര്‍ത്ത് പറവൂര്‍ പുത്തന്‍ വേലിക്കര പെരിയങ്ങാട് മണികണ്ഠനാണു മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. ഇന്നു രാവിലത്തെ ഇന്‍ഡിഗോ വിമാനത്തില്‍ ദുബായില്‍ നിന്നു കൊച്ചിയിലെത്തിയതായിരുന്നു മണികണ്ഠന്‍. നിയമാനുസൃതം കൊണ്ടു വന്ന മദ്യകുപ്പി കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പൊട്ടിച്ചതിനെ ചോദ്യം ചെയ്തതിനാണ് അക്രമമുണ്ടായത്. സഹയാത്രികരായ അഞ്ചുപേരാണ് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് പരാതി നല്‍കിയത്.

യാത്രക്കാര്‍ വിമാനമിറങ്ങി പേഴ്‌സണല്‍ ബാഗേജുകള്‍ സ്‌കാന്‍ ചെയ്യുന്ന സ്ഥലത്തു ക്യൂ നില്‍ക്കുകായിരുന്നു. എന്റെ മുന്നിലാണ് മണികണ്ഠന്‍ നിന്നത്. കൈയില്‍ കുറെ പാക്കറ്റുകളുമുണ്ടായിരുന്നു. പേഴ്‌സണല്‍ ബാഗേജ് സ്‌കാന്‍ ചെയ്ത ഉദ്യോഗസ്ഥന്‍ സഞ്ജയ് കുമാര്‍ സോമി മണികണ്ഠന്റെ പാക്കേജുകള്‍ വാങ്ങി സ്‌കാനറിലിട്ടു. അയാള്‍ അലക്ഷ്യമായി ഇട്ടതിനാല്‍ പാക്കറ്റുകളിലൊന്നിലിരുന്ന ഒരു കുപ്പി മദ്യം താഴെ വീണു പൊട്ടി- പരാതി നല്‍കിയവരിൽ ഒരാളുടെ വാക്കുകൾ ആണിത്.

 ഇതേ തുടര്‍ന്നു മണികണ്ഠനും ഉദ്യോഗസ്ഥനും തമ്മില്‍ വാക്കേറ്റമുണ്ടായി. സഞ്ജയ് കുമാര്‍ അലക്ഷ്യമായി തന്റെ ബാഗേജ് കൈകാര്യം ചെയ്തതിനാലാണ് കുപ്പിപൊട്ടിയതെന്നായിരുന്നു മണികണ്ഠന്‍ പറഞ്ഞത്. അത് അയാള്‍ക്ക് ഇഷ്ടപ്പെട്ടില്ല. അയാള്‍ അടുത്തേക്ക് വന്നു മണികണ്ഠന്റെ കഴുത്തില്‍പ്പിടിച്ചു നിലത്തടിച്ചു. നിലത്തുവീണ മണികണ്ഠന്റെ തല പൊട്ടി രക്തം ഒഴുകാന്‍ തുടങ്ങി. അയാളെ പിടിച്ചു എഴുന്നേല്‍പ്പിക്കാന്‍ പോലും മുതിരാതെ വീണ്ടും മര്‍ദ്ദിക്കാന്‍ ഉദ്യോഗസ്ഥന്‍ ശ്രമിച്ചപ്പോള്‍ അഞ്ചോളം യാത്രക്കാര്‍ ഇടപെട്ടതായും ഇയാൾ മാധ്യമങ്ങളോട് പറഞ്ഞു. മലയാളി പ്രവാസികളോട് അവര്‍ മോശമായാണ് പെരുമാറാറുള്ളത്. മുമ്പും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും ഇയാൾ പറയുന്നു.

You might also like

Most Viewed