ആടിന് പേയിളകി: നാട്ടുകാര്‍ പരിഭ്രാന്തിയില്‍

കൊച്ചി: തെരുവുനായയുടെ കടിയേറ്റ് അടിന് പേയിളകിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പരിഭ്രാന്തിയിലായി. ആലുവ മുനിസിപാലിറ്റി 6-)൦ വാര്‍ഡില്‍ കൂവക്കാട്ടില്‍ താമരക്കാട്ട് വീട്ടില്‍ രാജുവിന്റെ വീട്ടില്‍ വളര്‍ത്തിയിരുന്ന തള്ളയാടിനെയാണ് കഴിഞ്ഞ ദിവസം തെരുവുനായ ആക്രമിച്ചത്. വീടിന് പുറത്ത് മേയാന്‍ വിടുന്ന ആടിന് ഇന്നലെ കൂട്ടില്‍ വന്നുകയറിയമുതലാണ് ആക്രമണസ്വഭാവം കണ്ടുതുടങ്ങിയത്. ഭക്ഷണമോ വെള്ളമോ കുടിയ്ക്കാതെ പേ പട്ടിയുടെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയതോടെ വീട്ടുകാര്‍ക്ക് ആടിന്റെ സമീപത്തേയ്ക്ക് ചെല്ലുവാന്‍ ഭയമായി. കെട്ടിയ കയര്‍ പൊട്ടിക്കാനും കൂട്ടിലുള്ള മറ്റ് ആടുകളെ കടിക്കുവനും തുടങ്ങിയതോടെ ചെയ്തതോടെ വീട്ടുകാര്‍ മൃഗഡോക്ടറെ വിവരം അറിയിച്ചു. സംഭവമറിഞ്ഞ് തടിച്ചുകൂടിയ നാട്ടുകാരോടൊപ്പം വാര്‍ഡ് കൗണ്‍സിലര്‍ ജെറോം മൈക്കിള്‍, ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി തുടങ്ങിവരും സ്ഥലത്തെത്തി. ആടിന് പേ വിഷബാധയേറ്റതിന്റെ ലക്ഷണങ്ങളാണെന്ന് വെറ്റിനറി സര്‍ജന്‍ സ്ഥിതീകരിച്ചതോടെ ഇന്നലെവരെ ആടിന്റെ പാല്‍ കുടിച്ച വീട്ടുടമയും കുടുംബവും അയല്‍വാസികളും പരിഭ്രാന്തിയിലായി. പേ പിടിച്ച തെരുവുനായ്ക്കള്‍ തെരുവില്‍ വിലസുണ്ടെന്ന് അറിഞ്ഞതോടെ നാട്ടുകാരും ഭീതിയിലാണ്. രണ്ട് സെന്റ് സ്ഥലത്തെ ചെറിയ വീട്ടിലാണ് രാജുവും ഭാര്യ ഗീതയും ചേര്‍ന്ന് മൂന്ന് ആടുകളെ വളര്‍ത്തി കഴിഞ്ഞുകൂടിയിരുന്നത്. കൂടാതെ കോഴി വളര്‍ത്തലും ഉണ്ടായിരുന്നു. ഇവയില്‍ നിന്ന് കിട്ടുന്ന വരുമാനമായിരുന്നു രണ്ട് വിദ്യാര്‍ത്ഥികളടങ്ങുന്ന ഈ നിര്‍ധന കുടുംബത്തിന്റെ വരുമാനം. തള്ളയാടിന് പേ പിടിച്ചതോടെ അത് കടിച്ച ചെറിയ ആടുകളേയും കൊന്നുകളയേണ്ട അവസ്ഥയിലാണ് ഈ കുടുംബം. ആലുവ മണപ്പുറം ഭാഗത്ത് തെരുവുനായ്ക്കളുടെ വിളയാട്ടമാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. തോട്ടയ്ക്കാട്ടുകര മാരാട്ട്പറമ്പില്‍ നിസാറിന്റെ പതിനൊന്ന് ആടുകളില്‍ നാലെണ്ണത്തിനെ തെരുവുനായ്ക്കള്‍ പലപ്പോഴായി കടിച്ചുകൊന്നതായി നിസാര്‍ പറഞ്ഞു. തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായവര്‍ക്ക് സര്‍ക്കാരില്‍നിന്നും നഷ്ടപരിഹാരം നല്‍കണമെന്നും അതോടൊപ്പം അക്രമണകാരികളായ തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യുന്നതിനുള്ള നടപടികള്‍ ആലുവ മുനിസിപാലിറ്റി ഭരണ സമി തിയും ജനപ്രതിനിധികളും കൈക്കൊള്ളണമെന്നും അല്ലാത്തപക്ഷം ജനങ്ങളെ അണിനിരത്തിയുള്ള സമരപരിപാടികള്‍ ആരംഭിക്കുമെന്നും ജോസ് മാവേലി പറഞ്ഞു.