അടുത്ത വർഷത്തോടെ ബഹ്‌റിനിൽ നികുതി വർദ്ധനയെന്ന് സൂചന
മനാമ : അടുത്ത വർഷത്തോടെ ബഹ്‌റിനിൽ 10 മുതൽ 15 ശതമാനം വരെ നികുതി വർദ്ധന ഉണ്ടാകുമെന്ന് എം.പിമാർ. 300ഓളം പൊതുസേവനങ്ങളിൽ ഫീസ് വർദ്ധിപ്പിക്കാനോ, പുതിയ ഫീസ് ഏർപ്പെടുത്താനോ ഗവണ്മെന്റ് തീരുമാനിച്ചിട്ടുണ്ട്. ഈ തീരുമാനത്തിനെതിരെ ഒരു കൂട്ടം എം.പിമാർ സമർപ്പിച്ചിട്ടുള്ള നിർദ്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്.
300ഓളം മേഖലകളിലെ ഫീസ് വർദ്ധന എന്നത് രാജ്യത്ത് ഇന്നേ വരെ സംഭവിച്ചിട്ടില്ലാത്ത നടപടിയാണ്. ഇത്തരത്തിലുള്ള ഫീസ് വർദ്ധന സംബന്ധിച്ച കാര്യങ്ങളിൽ ഗവണ്മെന്റ് പാർലമെന്റിന്റെ കൂടി അംഗീകാരം തേടണമെന്ന് പാർലമെന്റിന്റെ ഫിനാൻഷ്യൽ ആൻഡ് ഇക്കണോമിക് അഫയേഴ്‌സ് കമ്മിറ്റി ഡെപ്യുട്ടി ചെയർമാൻ മുഹമ്മദ് അൽ അഹമ്മദ് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ഈ തീരുമാനങ്ങൾ മൂലം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് ഗവൺമെൻറ് ഉത്തരവാദിത്തം വഹിക്കേണ്ടതായി വരുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത വർഷത്തോടെ 10 മുതൽ 15 ശതമാനം വരെ നികുതി വർദ്ധന എന്തായാലും ഉണ്ടാകുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇതോടൊപ്പം ഗവണ്മെന്റ് ചുമത്താനൊരുങ്ങുന്ന ഫീസുകൾ രാജ്യത്തെ പൗരന്മാർക്ക് കൂടുതൽ ഭാരമാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. നിലവിൽ പാസ്പോർട്ട്, ഇമിഗ്രേഷൻ, ജുഡീഷ്യൽ സേവനങ്ങൾ, വൈദ്യുതി, വെള്ളം, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി സേവനങ്ങൾ എന്നിവയ്ക്കായി ബഹ്‌റിനികൾ ഫീസ് അടയ്‌ക്കേണ്ടി വരുന്നുണ്ട്. ഇത് തന്നെ അവർക്ക് താങ്ങാനാവുന്നില്ലെന്നാണ് ബഹ്‌റിനികളുടെ വായ്‌പകളിൽ വന്നിട്ടുള്ള വർദ്ധനവ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എം.പിമാരായ അലി ബുഫർസെൻ, മുഹമ്മദ് അൽ അമ്മദി, ഡോ. മജീദ് അൽ അസ്‌ഫുർ എന്നിവരും ഈ നിർദ്ദേശത്തെ പിന്തുണച്ചിട്ടുണ്ട്.
പ്രതികരണവുമായി ക്യാബിനറ്റ് അഫയേഴ്‌സ് മന്ത്രി
ഫീസ് വർദ്ധന രാജ്യത്തിന്റെയും, ജനങ്ങളുടെയും പുരോഗതി ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്നും, ഗവണ്മെന്റ് പ്രാധാന്യം നല്കുന്നത് അതിനു തന്നെയാണെന്നും ക്യാബിനറ്റ് അഫയേഴ്‌സ് മന്ത്രി മുഹമ്മദ് അൽ മുതവ പറഞ്ഞു. ഈ തീരുമാനം രാജ്യത്തെ നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫീസ് വർദ്ധന പാർലമെന്റിന്റെ അംഗീകാരത്തോടെ വേണമെന്നാവശ്യപ്പെട്ടുള്ള എം.പിമാരുടെ നിർദ്ദേശം അവതരിപ്പിക്കുന്നതിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പല മേഖലകളിലും നിർബന്ധമായും പുതിയ ഫീസ് ഏർപ്പെടുത്തുകയോ, നിലവിലുള്ള ഫീസ് വർദ്ധിപ്പിക്കുകയോ ചെയ്യണമെന്ന് മറുപടി പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ഗവണ്മെന്റിന്റെ തീരുമാനങ്ങൾ പൗരന്മാരെ ദോഷകരമായി ബാധിക്കില്ലെന്നും, ലെജിസ്ലേറ്റീവ് അതോറിറ്റിയുടെ പൊതുസമ്മതത്തോടെയാണ് നടപ്പാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

