എംബസിയിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 4000 പേർ മാത്രം

മനാമ : ബഹ്റിനിലുള്ള എല്ലാ ഇന്ത്യക്കാരും തങ്ങളുടെ വിവരങ്ങൾ ഇന്ത്യൻ എംബസിയിലെ ഓൺലൈൻ സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്ന് ഇന്ത്യൻ എംബസി ചാർജ്ജ് ഡി അഫയേഴ്‌സ് മീരാ സിസോദിയ അഭ്യർത്ഥിച്ചു. ഇനിയും ഇക്കാര്യത്തിൽ അമാന്തം കാണിക്കരുത്. ഇത് ബഹ്റിനിൽ മാത്രം നടക്കുന്ന സംഭവമല്ല. ലോകമെന്പാടുമുള്ള ഇന്ത്യക്കാരുടെ ഡാറ്റ തയ്യാറാക്കുന്നതിനാണിത്. അതിനാൽ ഇതിന് ആരും ഒരു കാരണവശാലും ഭയക്കേണ്ടതില്ലെന്നും അവർ വ്യക്തമാക്കി. ഇന്ന് രാവിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഓപ്പൺ ഹൗസിന് ശേഷം വാർത്താലേഖകരുമായി സംസാരിക്കുകയായിരുന്നു മീര സിസോദിയ. കഴിഞ്ഞ മാസമായിരുന്നു ഇതു സംബന്ധിച്ച് എംബസിയിൽനിന്ന് അറിയിപ്പുണ്ടായത്. എന്നാൽ ഇതുവരെയായി ഏകദേശം 4,000 പേർ മാത്രമാണ് രജിസ്റ്റർ ചെയ്തത്. ഒരു പക്ഷേ ഓൺലൈനിൽ രജിസ്റ്റർ ചെയ്യുവാൻ ലേബർ ക്യാന്പിലുള്ളവർക്കും മറ്റും സാധിച്ചെന്നു വരില്ല. അതിനാൽ അതിൽ എംബസിക്ക് ഏത് രീതിയിൽ അവരെ സഹായിക്കാനാവുമെന്ന് ആലോചിക്കുകയാണ്. കന്പനിയുടമകളുമായി സംസാരിച്ച് കന്പ്യൂട്ടർ ലേബർ ക്യാന്പുകളിലെത്തിച്ച് രജിസ്‌ട്രേഷൻ നടത്തുന്നതിനെക്കുറിച്ചും എംബസി തയ്യാറെടുപ്പ് നടത്തുന്നുണ്ട്. എല്ലാ ഇന്ത്യക്കാരും രജിസ്റ്റർ ചെയ്തിരിക്കണമെന്നാവശ്യപ്പെട്ട് ബഹ്റിനിലെ പ്രവാസി സംഘടനകൾക്കും കത്തെഴുതിയിരുന്നു. അതേസമയം രാജ്യത്ത് നിയമവിരുദ്ധമായി ഇന്ത്യക്കാർ തങ്ങുന്നതിനെ ഒരുതരത്തിലും പ്രോത്‍സാഹിപ്പിക്കാനാവില്ല. എന്നാൽ ഇക്കൂട്ടർക്കും എംബസിയിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് മീര ഓർമ്മിപ്പിച്ചു.
രജിസ്റ്റർ ചെയ്യേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ച് മുന്പൊരിക്കൽ ഇന്ത്യൻ എംബസി അഭ്യർത്ഥിച്ചിരുന്നു. എന്നാലന്ന് വിരലിലെണ്ണാവുന്നവർ മാത്രമായിരുന്നു രജിസ്റ്റർ ചെയ്തത്. ബഹ്റിനിൽ ആകെ മൂന്നരലക്ഷം ഇന്ത്യക്കാരുണ്ടെന്നാണ് ഏകദേശ കണക്ക്. രജിസ്റ്റർ ചെയ്യുന്നത് തങ്ങൾക്ക് വേണ്ടിത്തന്നെയാണെന്നത് നാം മനസിലാക്കണമെന്ന് അന്നത്തെ ഇന്ത്യൻ അംബാസഡർ ജോർജ്ജ് ജോസഫ് സൂചിപ്പിച്ചിരുന്നു. അടിയന്തിര ഘട്ടങ്ങളിൽ ഇത് ഏറെ സഹായം ചെയ്യും. തന്നെയല്ല, ബഹ്റിനിൽ എത്ര ഇന്ത്യക്കാരുണ്ടെന്നുള്ള ഏകദേശ കണക്ക് ലഭ്യമാകുകയും ചെയ്യും. ഇന്ത്യക്കാർ ബഹ്റിനിൽ ജോലിക്കായി വന്നിറങ്ങിയാൽ ആദ്യം ചെയ്യേണ്ടത് എംബസിയിൽ പേര് രജിസ്റ്റർ ചെയ്യുക എന്നതാണ്. ഇത്തരം അത്യാവശ്യ കാര്യങ്ങളിൽ നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന പ്രവണത മാറണമെന്നും ഇന്ത്യൻ എംബസി ഉപദേശിച്ചു. കന്പ്യൂട്ടർ പരിജ്ഞാനമില്ലാത്ത തൊഴിലാളികളെയും മറ്റും രജിസ്‌ട്രേഷൻ നടത്തുന്നതിന് സംഘടനകൾ മുൻ കൈയ്യെടുക്കണമെന്നും വെബ് സൈറ്റിലെ പോരായ്മകൾ ശ്രദ്ധയിൽപ്പെട്ടത് ഉടൻ പരിഹരിക്കുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുത്തരമായി അവർ പറഞ്ഞു. വെബ്സൈറ്റ് ലിങ്ക്: http://eoi.gov.in/bahrain/?2778?000