ഐ.ആർ.ജി.സി ചാരവൃത്തിക്കേസ്: അഫ്ഗാൻ സ്വദേശിയുടെ ജീവപര്യന്തം തടവ് കാസേഷൻ കോടതി ശരിവെച്ചു


പ്രദീപ് പുറവങ്കര

മനാമ: ഇറാൻ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനായി (IRGC) ചാരവൃത്തി നടത്തിയതിനും ബഹ്‌റൈനെതിരെ ശത്രുതാപരമായ പ്രവർത്തനങ്ങൾ നടത്തിയതിനും ശിക്ഷിക്കപ്പെട്ട അഫ്ഗാൻ സ്വദേശിയുടെ ജീവപര്യന്തം തടവ് ശിക്ഷ കാസേഷൻ കോടതി ശരിവെച്ചു. ശിക്ഷയ്ക്ക് ശേഷം സ്ഥിരമായി നാടുകടത്താനും പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടാനും വിധിയിൽ ഉത്തരവുണ്ട്. രൂപത്തിന്റെ അടിസ്ഥാനത്തിൽ അപ്പീൽ സ്വീകരിച്ച കോടതി, മെറിറ്റിന്റെ അടിസ്ഥാനത്തിൽ അത് തള്ളുകയും കീഴ്ക്കോടതി വിധി ശരിവെക്കുകയുമാണ് ചെയ്തതെന്ന് ഭീകരവിരുദ്ധ കുറ്റകൃത്യ പ്രോസിക്യൂഷൻ മേധാവി അറിയിച്ചു.

ബഹ്‌റൈനെ ലക്ഷ്യമിട്ട് പ്രവർത്തനങ്ങൾ നടത്താൻ ഐ.ആർ.ജി.സി അംഗങ്ങൾ പ്രതിയെ റിക്രൂട്ട് ചെയ്തതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ജനറൽ ഡയറക്ടറേറ്റിന്റെ അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് കേസ് ആരംഭിച്ചത്. പണത്തിന് പകരമായി രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങൾ നിരീക്ഷിക്കാനും ഫോട്ടോ എടുക്കാനും വിവരങ്ങൾ ശേഖരിക്കാനുമാണ് ഇയാളെ നിയോഗിച്ചത്. രഹസ്യാന്വേഷണ നീക്കങ്ങളിൽ സഹായിക്കാൻ മറ്റൊരു അഫ്ഗാൻ പൗരനെയും ഇയാൾ റിക്രൂട്ട് ചെയ്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച ഉപകരണങ്ങളുമായാണ് ഇരുവരും പിടിയിലായത്.

പബ്ലിക് പ്രോസിക്യൂഷൻ പ്രതികളെ ചോദ്യം ചെയ്യുകയും പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ സാങ്കേതിക വിദഗ്ധരെക്കൊണ്ട് പരിശോധിക്കുകയും അന്വേഷണ ഉദ്യോഗസ്ഥൻ അടക്കമുള്ളവരുടെ സാക്ഷിമൊഴികൾ രേഖപ്പെടുത്തുകയും ചെയ്തു. പ്രതി കൈമാറിയ വിവരങ്ങൾ ബഹ്‌റൈനിലെ സുപ്രധാന കേന്ദ്രങ്ങൾക്കെതിരായ ശത്രുതാപരമായ നീക്കങ്ങളിൽ നിർണ്ണായകമായെന്നും രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും അപകടത്തിലാക്കിയെന്നും അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ഹൈ ക്രിമിനൽ കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീൽ അപ്പീൽ കോടതി തള്ളിയിരുന്നു. തുടർന്നാണ് പ്രതികളിൽ ഒരാൾ കാസേഷൻ കോടതിയെ സമീപിച്ചത്.

article-image

sdsasdasds

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed