ട്രാഫിക് പിഴ അടക്കാനെന്ന വ്യാജേന തട്ടിപ്പ് സന്ദേശങ്ങൾ: ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ


പ്രദീപ് പുറവങ്കര

മനാമ: ഗതാഗത നിയമലംഘനത്തിന് പിഴയൊടുക്കാനുണ്ടെന്ന് കാണിച്ച് വ്യാജ വെബ്‌സൈറ്റ് ലിങ്കുകൾ ഉൾപ്പെടെയുള്ള തട്ടിപ്പ് സന്ദേശങ്ങൾ പ്രചരിക്കുന്നതായി ജനങ്ങൾക്ക് മുന്നറിയിപ്പ്. ലിങ്കുകളിൽ ക്ലിക്ക് ചെയ്യിപ്പിച്ച് വ്യക്തിഗത പേയ്‌മെന്റ് വിവരങ്ങളും ബാങ്ക് ഡാറ്റയും ചോർത്തുന്ന രീതിയിലാണ് ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടക്കുന്നത്.

അപരിചിതമായ സ്രോതസ്സുകളിൽ നിന്നുള്ള ലിങ്കുകൾ തുറക്കരുതെന്നും, ബാങ്ക് വിവരങ്ങൾ, ഒ.ടി.പി (OTP) തുടങ്ങിയ വിവരങ്ങൾ ആരുമായും പങ്കുവെക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ട്രാഫിക് പിഴകൾ പരിശോധിക്കുന്നതും അടയ്ക്കുന്നതും ഔദ്യോഗിക ചാനലുകൾ വഴി മാത്രമായിരിക്കണം. വെബ്‌സൈറ്റുകൾ, സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾ എന്നിവ വഴിയുള്ള ഇലക്ട്രോണിക് തട്ടിപ്പുകൾ ഇക്കണോമിക് ക്രൈംസ് ഡയറക്ടറേറ്റിന്റെ അന്വേഷണ പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങളാണ്.

ബഹ്റൈൻ ശിക്ഷാ നിയമത്തിലെ ആർട്ടിക്കിൾ 391 പ്രകാരം, വ്യാജമാർഗ്ഗങ്ങളിലൂടെ പണമോ രേഖകളോ തട്ടിയെടുക്കുന്നത് തടവ് ശിക്ഷയ്ക്കും 5,000 ദിനാർ വരെ പിഴയ്ക്കും അർഹമായ കുറ്റമാണ്. കുറ്റകൃത്യത്തിന് ശ്രമിക്കുന്നത് പോലും ഒരു വർഷം വരെ തടവും 2,000 ദിനാർ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.

സമ്മാനങ്ങൾ, വലിയ ലാഭം, ആകർഷകമായ ഓഫറുകൾ എന്നിവ വാഗ്ദാനം ചെയ്തുകൊണ്ട് വരുന്ന അപ്രതീക്ഷിത സന്ദേശങ്ങൾ, ഫോൺ കോളുകൾ, ഇമെയിലുകൾ എന്നിവയ്‌ക്കെതിരെയും ശ്രദ്ധ പുലർത്തണം. വ്യാജ വെബ്‌സൈറ്റുകളിലേക്കോ അപരിചിതർക്കോ പണം അയക്കാനോ, തിരിച്ചറിയൽ രേഖകൾ, ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ നൽകാനോ പാടില്ല.

വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കുകയോ പണം കൈമാറുകയോ ചെയ്തിട്ടുള്ളവർ ബന്ധപ്പെട്ട സന്ദേശങ്ങൾ, ഇമെയിലുകൾ, രേഖകൾ, ഇടപാട് വിവരങ്ങൾ എന്നിവ സൂക്ഷിച്ചു വെക്കുകയും ഉടൻ തന്നെ പരാതിപ്പെടുകയും വേണം. അദ്‌ലിയയിലെ ഇക്കണോമിക് ക്രൈംസ് ഡയറക്ടറേറ്റിലോ 992 എന്ന ഹോട്‌ലൈൻ നമ്പറിലോ വിവരങ്ങൾ അറിയിക്കാവുന്നതാണ്. നൽകുന്ന വിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതർ അറിയിച്ചു.

article-image

ghfgh

You might also like

  • Lulu Exchange
  • Straight Forward

Most Viewed