വീടിനു മുന്നിലെ തോട്ടം പൊതുവഴിയിലേക്ക് ഇറക്കരുത്: മുന്നറിയിപ്പുമായി മുഹറഖ് നഗരസഭ
പ്രദീപ് പുറവങ്കര
മനാമ: വീടുകൾക്ക് മുന്നിൽ ചെടികളും മരങ്ങളും വെച്ചുപിടിപ്പിക്കുന്നവർ അവ പൂർണ്ണമായും സ്വന്തം അതിർത്തിക്കുള്ളിൽ തന്നെ നിലനിർത്തണമെന്ന് മുഹറഖ് നഗരസഭ നിർദ്ദേശിച്ചു. ചെടികളും കട്ടികളും പാത്രങ്ങളും കാൽനടപ്പാതകളിലേക്കോ പൊതുവഴികളിലേക്കോ കയറ്റി വെക്കുന്നത് പൊതുവഴി കൈയേറ്റ നിയമപ്രകാരം കുറ്റകരമാണെന്ന് നഗരസഭ വ്യക്തമാക്കുന്നു.
വീടുകൾക്ക് മുന്നിലെ ഹരിതവൽക്കരണം താമസമേഖലകളുടെ ഭംഗി കൂട്ടാനും പരിസ്ഥിതി മെച്ചപ്പെടുത്താനും സഹായിക്കുമെങ്കിലും റോഡ് ഉപയോക്താക്കളുടെ സുരക്ഷയും പൊതുമുതലുകളുടെ സംരക്ഷണവും ഉറപ്പാക്കുന്ന നിയമപരമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചു മാത്രമായിരിക്കണം ഇത് നടപ്പാക്കേണ്ടത്.
ഇതനുസരിച്ച് മരങ്ങളും ചെടികളും തടങ്ങളും പൂർണ്ണമായും സ്വന്തം വസ്തുവിന്റെ അതിർത്തിക്കുള്ളിൽ തന്നെയായിരിക്കണം. കാൽനടയാത്ര തടസ്സപ്പെടുത്തുന്ന രീതിയിലോ വഴിയിലേക്ക് ഇറങ്ങിയോ ഇവ സ്ഥാപിക്കാൻ പാടില്ല. വാഹനങ്ങൾ പ്രധാന റോഡിലേക്ക് പ്രവേശിക്കുന്ന കവലകളിലും ഗേറ്റുകളിലും ഡ്രൈവർമാരുടെ കാഴ്ച തടസ്സപ്പെടുത്തുന്ന രീതിയിൽ ചെടികൾ വളർത്തരുത് എന്നതും പ്രധാനമാണ്.
കൂടാതെ ചെടികളും മരങ്ങളും കൃത്യമായി വെട്ടിയൊരുക്കുകയും ട്രാഫിക് ബോർഡുകളോ വഴിനടത്തിപ്പ് സൂചകങ്ങളോ മറയ്ക്കുന്ന രീതിയിൽ പടരാൻ അനുവദിക്കാതിരിക്കുകയും വേണം. മരങ്ങളുടെ വേരുകൾ കാരണം കാൽനടപ്പാതകൾക്കോ മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കോ നാശനഷ്ടമുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. പൊതുവഴികളുടെ സുരക്ഷിതത്വവും ശുചിത്വവും ഉറപ്പാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
dfsdf

