കുട്ടികളായ ഇരകൾക്ക് ആശ്വാസമേകാൻ ബഹ്റൈൻ പബ്ലിക് പ്രോസിക്യൂഷന്റെ പുതിയ പദ്ധതി
പ്രദീപ് പുറവങ്കര
മനാമ: കേസുകളിൽ ഇരകളാകേണ്ടി വരുന്ന കുട്ടികൾക്ക് കൂടുതൽ സുരക്ഷിതവും മാനസിക സമ്മർദ്ദമില്ലാത്തതുമായ അന്തരീക്ഷത്തിൽ അന്വേഷണങ്ങളുമായി സഹകരിക്കാൻ സഹായിക്കുന്ന പുതിയ പദ്ധതിയുമായി ബഹ്‌റൈൻ പബ്ലിക് പ്രോസിക്യൂഷൻ. 'സേഫ്റ്റി ബോക്‌സ് ഫോർ ഫിസിക്കൽ എക്സ്പ്രഷൻ' (Safety Box for Physical Expression) എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി, പബ്ലിക് പ്രോസിക്യൂഷനിലെ സോഷ്യൽ റിസർച്ച് ഡിപ്പാർട്ട്‌മെന്റാണ് വികസിപ്പിച്ചെടുത്തത്. കുട്ടികൾക്ക് അവരുടെ പ്രായത്തിനനുസരിച്ചുള്ള രീതിയിൽ കാര്യങ്ങൾ തുറന്നുപറയാൻ സഹായിക്കുന്നതാണ് ഈ പ്രോജക്റ്റ്.
പ്രത്യേകിച്ച് ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്ന കുട്ടികൾക്ക് തങ്ങൾക്ക് നേരിട്ട കാര്യങ്ങൾ കൃത്യമായി വിവരിക്കാൻ സഹായിക്കുന്ന അനാട്ടമിക്കൽ ഡോളുകൾ (അവയവങ്ങൾ കൃത്യമായി അടയാളപ്പെടുത്തിയ പാവകൾ), പപ്പറ്റുകൾ, മറ്റ് സംവേദനാത്മക ഉപകരണങ്ങൾ (interactive tools) എന്നിവയാണ് ഈ സേഫ്റ്റി ബോക്‌സിലുള്ളത്. സമാനമായ അന്താരാഷ്ട്ര മാതൃകകൾ പഠിച്ച ശേഷമാണ് ബഹ്‌റൈന്റെ സാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ഈ ആശയം രൂപപ്പെടുത്തിയത്.
കുട്ടികൾക്ക് അവരുടെ അനുഭവങ്ങളും വികാരങ്ങളും കൂടുതൽ എളുപ്പത്തിൽ പങ്കുവെക്കാൻ ഈ പദ്ധതി സഹായിക്കുമെന്നും, വിദഗ്ധർക്ക് കുട്ടികളുമായി ആശയവിനിമയം നടത്തുന്നത് ഇത് ലളിതമാക്കുമെന്നും സോഷ്യൽ റിസർച്ച് ഗ്രൂപ്പ് ആക്ടിങ് ഹെഡ് പ്രൊഫസർ ദലാൽ അൽ അതാനി പറഞ്ഞു. ഇന്റർവ്യൂ, അസസ്‌മെന്റ് സെഷനുകളിൽ കുട്ടികൾക്ക് കൂടുതൽ ശാന്തമായ അന്തരീക്ഷം ഒരുക്കാൻ ഇത് സഹായിക്കും.
അന്വേഷണവുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളിൽ 10 പെൺകുട്ടികളിലാണ് ഈ പ്രോജക്റ്റ് ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയത്. പരമ്പരാഗത ഇന്റർവ്യൂ രീതികളേക്കാൾ വളരെ വ്യക്തമായി കാര്യങ്ങൾ വിശദീകരിക്കാൻ കുട്ടികൾക്ക് ഈ ഉപകരണങ്ങളിലൂടെ സാധിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. കുട്ടികളിലെ ഭയവും ആശങ്കയും കുറയ്ക്കാനും ചോദ്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാനും ഇത് സഹായിച്ചു.
കുട്ടികളുടെ വികാരങ്ങളും പെരുമാറ്റവും നന്നായി മനസ്സിലാക്കാനും അവരുമായി പെട്ടെന്ന് സൗഹൃദം സ്ഥാപിച്ച് വിശ്വാസ്യത നേടിയെടുക്കാനും ഈ സംരംഭം സോഷ്യൽ, സൈക്കോളജിക്കൽ വിദഗ്ധരെ സഹായിക്കുന്നുണ്ട്. കുട്ടികളായ ഇരകൾക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമുള്ള പബ്ലിക് പ്രോസിക്യൂഷന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.
sdfssdf

