ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവള റോഡ് വികസനം: മൂന്നാം ഘട്ട പാലത്തിന്റെ കോൺക്രീറ്റിങ് ജോലികൾ ആരംഭിച്ചു; 47 ശതമാനം പൂർത്തിയായതായി പൊതുമരാമത്ത് മന്ത്രാലയം
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡ് വികസന പദ്ധതിയുടെ ഭാഗമായുള്ള മൂന്നാം ഘട്ട (എ) മേൽപ്പാലത്തിന്റെ ഡെക് കോൺക്രീറ്റിങ് ജോലികൾ ആരംഭിച്ചതായി പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. പദ്ധതിയുടെ 47 ശതമാനം ജോലികളും ഇതിനോടകം പൂർത്തിയായിട്ടുണ്ട്.
റോഡ് ശൃംഖല മെച്ചപ്പെടുത്തുന്നതിനും മുഹറഖ് മേഖലയിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനുമുള്ള സർക്കാരിന്റെ വലിയ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതിയെന്ന് നിർമ്മാണപ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തിയ പൊതുമരാമത്ത് മന്ത്രി എൻജി. ഇബ്രാഹിം ബിൻ ഹസ്സൻ അൽ ഹവാജ് പറഞ്ഞു.
നിലവിലെ ഘട്ടത്തിൽ ഖലീഫ അൽ കബീർ സ്ട്രീറ്റും അരാദ് സ്ട്രീറ്റും ചേരുന്ന ജംഗ്ഷനിൽ തടസ്സമില്ലാത്ത ഗതാഗതം ഉറപ്പാക്കുന്നതിനായി ഇടത്തോട്ട് തിരിയുന്ന ഒരു ഫ്രീ-ഫ്ലോ മേൽപ്പാലത്തിന്റെ നിർമ്മാണമാണ് നടക്കുന്നത്. ഈ പാലം യാത്രാ സമയം ഗണ്യമായി കുറയ്ക്കാനും ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കൂടുതൽ എളുപ്പത്തിൽ പ്രവേശനം നൽകാനും സഹായിക്കും.
അരാദ് സ്ട്രീറ്റ്, ഖലീഫ അൽ കബീർ സ്ട്രീറ്റ് എന്നിവയുടെ ചില ഭാഗങ്ങൾ നവീകരിക്കുക, അരാദ് സ്ട്രീറ്റിലെ നിലവിലുള്ള മറൈൻ ബ്രിഡ്ജ് മെച്ചപ്പെടുത്തുക, ലാൻഡ്‌സ്കേപ്പിങ് ജോലികൾ, ആധുനിക മഴവെള്ള ഡ്രെയിനേജ് ശൃംഖല സ്ഥാപിക്കൽ എന്നിവയും ഈ പ്രോജക്റ്റിന്റെ പരിധിയിൽ വരുന്നുണ്ട്.
പദ്ധതി പൂർത്തിയാകുന്നതോടെ ഈ ജംഗ്ഷനിലൂടെ കടന്നുപോകാൻ കഴിയുന്ന വാഹനങ്ങളുടെ എണ്ണം നിലവിലെ പ്രതിമണിക്കൂറിൽ 5,250 എന്നതിൽ നിന്നും ഏകദേശം 16,000 ആയി ഉയരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങൾ ഇതിനകം തന്നെ വിജയകരമായി പൂർത്തീകരിച്ചിട്ടുണ്ട്. പുതിയ എയർപോർട്ട് ടെർമിനലിന് എതിർവശത്തുള്ള റോഡ് 2403 മൂന്ന് വരിപ്പാതയായി വീതി കൂട്ടുന്നതും ഒരു സർവീസ് റോഡിന്റെ നിർമ്മാണവുമാണ് ആദ്യ ഘട്ടങ്ങളിൽ ഉൾപ്പെട്ടിരുന്നത്.
sfgdfsg

