ബഹ്‌റൈനിൽ പുതിയ തൊഴിൽ പെർമിറ്റുകളിൽ ഇടിവ്; നിലവിലുള്ള തൊഴിലാളികളെ നിലനിർത്താൻ കമ്പനികൾക്ക് താല്പര്യം


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിൽ പുതിയ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് പകരം, രാജ്യത്തുള്ളവരുടെ വിസ പുതുക്കാനും പ്രാദേശിക വിപണിയിൽ നിന്ന് ജീവനക്കാരെ കണ്ടെത്താനും കമ്പനികൾ കൂടുതൽ താല്പര്യം കാണിക്കുന്നതായി റിപ്പോർട്ട്. ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (LMRA) പുറത്തുവിട്ട 2025-ലെ വാർഷിക കണക്കുകളിലാണ് ഈ പ്രവണത വ്യക്തമാകുന്നത്. കഴിഞ്ഞ വർഷം പുതിയ വർക്ക് പെർമിറ്റുകളുടെ എണ്ണത്തിൽ 10.1 ശതമാനത്തിന്റെ കുറവുണ്ടായി.

കണക്കുകൾ പ്രകാരം 2024-ൽ 177,659 പുതിയ പെർമിറ്റുകൾ നൽകിയ സ്ഥാനത്ത് 2025-ൽ അത് 159,759 ആയി ചുരുങ്ങി. അതായത് 17,900 പെർമിറ്റുകളുടെ കുറവ്. എന്നാൽ നിലവിലുള്ള വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിൽ 11.2 ശതമാനത്തിന്റെ വലിയ വർദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ആകെ 577,730 പെർമിറ്റുകളാണ് പുതുക്കിയത്. ഇതിൽ 502,808 ലേബർ പെർമിറ്റുകളും, 15,075 ഇൻവെസ്റ്റർ (നിക്ഷേപക) പെർമിറ്റുകളും, 59,847 ഡിപെൻഡന്റ് പെർമിറ്റുകളും ഉൾപ്പെടുന്നു. പുതിയ റിക്രൂട്ട്‌മെന്റ് കുറഞ്ഞെങ്കിലും, രാജ്യത്തെ ആകെ വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ 1.8 ശതമാനത്തിന്റെ നേരിയ വർദ്ധനവുണ്ടായി (ആകെ 654,672 പേർ).

ബഹ്‌റൈന് ഉള്ളിൽ തന്നെയുള്ള തൊഴിൽ മാറ്റങ്ങളിൽ (Local Transfers) 13.9 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തി. വിദേശത്ത് നിന്ന് പുതിയ ആളുകളെ കൊണ്ടുവരുന്നതിന് പകരം കമ്പനികൾ രാജ്യത്തുള്ള പരിചയസമ്പന്നരായ തൊഴിലാളികളെ നിയമിക്കാൻ തുടങ്ങിയതാണ് ഇതിന് കാരണം. അതേസമയം, കഴിഞ്ഞ വർഷം 116,006 പെർമിറ്റുകൾ റദ്ദാക്കപ്പെടുകയും ചെയ്തു.

പുതിയ തൊഴിൽ പെർമിറ്റുകളിൽ 20.4 ശതമാനവുമായി കൺസ്ട്രക്ഷൻ (നിർമ്മാണ) മേഖലയാണ് ഏറ്റവും മുന്നിൽ. ഹോൾസെയിൽ ആൻഡ് റീട്ടെയിൽ വ്യാപാര മേഖല 19.2 ശതമാനവും, ഹോട്ടൽ-ഭക്ഷണ മേഖലകൾ 13.4 ശതമാനവും വീതം പുതിയ പെർമിറ്റുകൾ നേടി. ഗാർഹിക തൊഴിലാളികളുടെ (ഡൊമസ്റ്റിക് വർക്കേഴ്സ്) റിക്രൂട്ട്‌മെന്റിലും വർദ്ധനവുണ്ടായിട്ടുണ്ട്. പുതിയ ഗാർഹിക പെർമിറ്റുകൾ 7.4 ശതമാനം വർദ്ധിച്ച് 34,557-ൽ എത്തി.

സ്വദേശി വൽക്കരണം ശക്തമാക്കുന്നതിനൊപ്പം, വിദേശ റിക്രൂട്ട്‌മെന്റുകൾ വലിയ തോതിൽ വ്യാപിപ്പിക്കുന്നതിന് പകരം രാജ്യത്തുള്ള മനുഷ്യവിഭവശേഷി കൃത്യമായി വിനിയോഗിക്കാനാണ് ബഹ്‌റൈൻ തൊഴിൽ വിപണി നിലവിൽ മുൻഗണന നൽകുന്നതെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു.

article-image

ോേ്ോ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed