ഐ.എസ്.ബി പ്ലാറ്റിനം ജൂബിലി ചെസ്സ് ചാമ്പ്യൻഷിപ്പ്: ന്യൂ ഇന്ത്യൻ സ്കൂളിന് ഇന്റർ സ്കൂൾ കിരീടം; രുദ്ര ദേശായിക്ക് ഓപ്പൺ കിരീടം
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ ചെസ്സ് താരങ്ങളുടെ ആവേശകരമായ പങ്കാളിത്തത്തോടെ രണ്ടാമത് ഐ.എസ്.ബി പ്ലാറ്റിനം ജൂബിലി ചെസ്സ് ചാമ്പ്യൻഷിപ്പ് പ്രൗഢിയോടെ സമാപിച്ചു. ദി ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ (ISB) തങ്ങളുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അർജുൻസ് ചെസ്സ് അക്കാദമിയുമായി സഹകരിച്ച് സംഘടിപ്പിച്ച ഈ ടൂർണമെന്റ്, രാജ്യത്തെ ഏറ്റവും വലിയതും ശ്രദ്ധേയവുമായ ചെസ്സ് മത്സരങ്ങളിലൊന്നായി മാറി.
ബഹ്‌റൈനിലെ എല്ലാ സി.ബി.എസ്.ഇ സ്കൂളുകളും മാറ്റുരച്ച അണ്ടർ-14 ഇന്റർ സ്കൂൾ ടീം വിഭാഗത്തിൽ ന്യൂ ഇന്ത്യൻ സ്കൂൾ (NIS) ചാമ്പ്യൻമാരായി. നോയൽ എബ്രഹാം പുന്നൂസ്, ശ്രീറാം പളനിയപ്പൻ, ജയറാം കണ്ണപ്പൻ, ധനശ്രീ മോഹൻരാജ് എന്നിവരടങ്ങുന്നതായിരുന്നു ജേതാക്കളായ ടീം. അർണവ് സിംഗ് ദിവാൻ, തൃഷാൻ മൂർക്കോത്ത്, ധ്രുവ് ത്രിവേദി, ഗുഞ്ജൻ പാൽ എന്നിവരടങ്ങിയ ബഹ്‌റൈൻ ഇന്ത്യൻ സ്കൂൾ (BIS) റണ്ണേഴ്സ് അപ്പ് സ്ഥാനം സ്വന്തമാക്കി.
ഏറെ വാശിയേറിയ ഓപ്പൺ കാറ്റഗറിയിൽ രുദ്ര ദേശായി ചാമ്പ്യനായി 100 യു.എസ് ഡോളർ ക്യാഷ് പ്രൈസ് സ്വന്തമാക്കി. ദിമിത്രിയോസ് ഡിസ്പിനിസ് രണ്ടാം സ്ഥാനവും (50 ഡോളർ), ഇന്ത്യൻ സ്കൂളിലെ കൃഷ്ണ ബാബു ലക്ഷ്മണൻ മൂന്നാം സ്ഥാനവും (25 ഡോളർ) നേടി. ആര്യൻ അനിൽ ജയ് പ്രഭാകരൻ, ആദിത്യ വെങ്കിട്ടരാമൻ എന്നിവർ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഓപ്പൺ വിഭാഗത്തിൽ ഇന്ത്യൻ സ്കൂളിലെ ഉമ ഈശ്വരി മീനാക്ഷിനാഥൻ മികച്ച വനിതാ താരമായി തെരഞ്ഞെടുക്കപ്പെട്ടു. വിവിധ പ്രായപരിധിയിലുള്ള മത്സരങ്ങളിൽ നാഗ മോക്ഷിത് മാമിഡി (അണ്ടർ-8), പ്രദ്യുമ്ൻ മണിപ്പുഴ (അണ്ടർ-10), ലിഖിലേഷ് അമർഗാന്ധി (അണ്ടർ-12), ഇന്ത്യൻ സ്കൂളിലെ ആരവ് പാണ്ഡ്യ (അണ്ടർ-14) എന്നിവർ ജേതാക്കളായി.
നേരത്തെ, ഇന്ത്യൻ സ്കൂൾ ഭരണസമിതി ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് വൈസ് ചെയർമാനും സ്പോർട്സ് കമ്മിറ്റി അംഗവുമായ ഡോ. മുഹമ്മദ് ഫൈസലുമായി ചെസ്സ് കളിച്ച് ടൂർണമെന്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തിരുന്നു. ഫിഡെ (FIDE) റാപ്പിഡ് ചെസ്സ് നിയമങ്ങൾക്കനുസരിച്ച് ചീഫ് ആർബിറ്റർ അർജുൻ കക്കാടത്തിന്റെയും ഒഫീഷ്യലുകളുടെയും മേൽനോട്ടത്തിലാണ് മത്സരങ്ങൾ നടന്നത്.
സമാപന ചടങ്ങിൽ ബഹ്‌റൈൻ ചെസ്സ് ഫെഡറേഷൻ പ്രതിനിധി അൻമാർ ഇബ്രാഹിം അൽ അഹമ്മദി മുഖ്യാതിഥിയായിരുന്നു. ഇന്ത്യൻ സ്കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ, രഞ്ജിനി മോഹൻ, ബോണി ജോസഫ്, മിഥുൻ മോഹൻ, മുഹമ്മദ് നയാസ് ഉള്ള, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, വൈസ് പ്രിൻസിപ്പൽമാരായ ജി. സതീഷ്, രാജേഷ് നായർ, പ്ലാറ്റിനം ജൂബിലി ജനറൽ കൺവീനർ പ്രിൻസ് എസ്. നടരാജൻ, സാമൂഹിക പ്രവർത്തകൻ മുഹമ്മദ് ഹുസൈൻ മാലിം, കൺവീനർ ഫൈസൽ മടപ്പള്ളി, കോർഡിനേറ്റർ ശംഷാദ്, പി.ഇ വിഭാഗം മേധാവി ശ്രീധർ ശിവ സാമിയ്യ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ടൂർണമെന്റിന്റെ വൻ വിജയത്തിന് പിന്തുണ നൽകിയ മത്സരാർത്ഥികൾ, രക്ഷിതാക്കൾ, വോളന്റിയർമാർ, അർജുൻസ് ചെസ്സ് അക്കാദമി, ബഹ്‌റൈൻ ചെസ്സ് ഫെഡറേഷൻ എന്നിവർക്ക് ഇന്ത്യൻ സ്കൂൾ മാനേജ്മെന്റ് നന്ദി അറിയിച്ചു.
ോേ്ോേ്

