ബഹ്‌റൈൻ ശൂറ കൗൺസിൽ സമ്മേളനം സമാപിച്ചു; 95 നിയമനിർമ്മാണ വിഷയങ്ങളിൽ അടിയന്തര നടപടികൾ
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ പാർലമെന്റിന്റെ ആറാം നിയമനിർമ്മാണ കാലാവധിയിലെ നാലാമത് സാധാരണ സമ്മേളനം വിജയകരമായി സമാപിച്ചു. 29 ഔദ്യോഗിക ഇരിപ്പുകളിലായി 15 രാജകീയ ഉത്തരവുകൾ (Decree-laws), 72 ബില്ലുകൾ, 8 നിർദ്ദിഷ്ട നിയമങ്ങൾ എന്നിവയുൾപ്പെടെ ആകെ 95 നിയമനിർമ്മാണ വിഷയങ്ങളാണ് ശൂറ കൗൺസിൽ ഈ സമ്മേളനത്തിൽ കൈകാര്യം ചെയ്തത്. ഇതിനുപുറമെ വിവിധ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട 20 ചോദ്യോത്തരങ്ങളും 8 സാമ്പത്തിക സ്റ്റേറ്റ്‌മെന്റുകളും കൗൺസിൽ അവലോകനം ചെയ്തു.
പരിഗണനയ്ക്ക് വന്ന 15 രാജകീയ ഉത്തരവുകളിൽ 14 എണ്ണത്തിനും കൗൺസിൽ അംഗീകാരം നൽകി. സഭയിലെ ഭൂരിഭാഗം സമയവും ബില്ലുകൾക്കായുള്ള ചർച്ചകൾക്കാണ് മാറ്റിവെച്ചത്. ആകെ വന്ന 72 ബില്ലുകളിൽ 39 എണ്ണം ശൂറ കൗൺസിലും പാർലമെന്റും സംയുക്തമായി പാസാക്കി ഹിസ് മജസ്റ്റി കിങ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ അംഗീകാരത്തിനായി സമർപ്പിച്ചു. ഇരുസഭകളും തമ്മിൽ വിയോജിപ്പുള്ള 4 ബില്ലുകളിൽ ഭരണഘടനയുടെ 85-ാം വകുപ്പ് പ്രകാരം നാഷണൽ അസംബ്ലി ചേർന്ന് തീരുമാനമെടുക്കും. 16 ബില്ലുകൾ ഇപ്പോഴും വിവിധ സമിതികളുടെ പഠനത്തിലാണ്.
സാമ്പത്തിക കാര്യങ്ങളിൽ 5 ധനകാര്യ സ്റ്റേറ്റ്‌മെന്റുകൾക്ക് സഭ അംഗീകാരം നൽകി. ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി, തൊഴിൽ, ഗതാഗതം, വ്യവസായം തുടങ്ങിയ വിവിധ മേഖലകളെക്കുറിച്ച് മന്ത്രിമാർ നൽകിയ മറുപടികളും സഭ രേഖപ്പെടുത്തി. രാജ്യത്തിന്റെ സുരക്ഷ, സമ്പദ്‌വ്യവസ്ഥ, മനുഷ്യാവകാശം, സ്ത്രീ-ശിശു ക്ഷേമം എന്നിവ മുൻനിർത്തി സർക്കാരുമായി ചേർന്ന് ജനനന്മയ്ക്കായി പ്രവർത്തിക്കാൻ ഈ സമ്മേളനത്തിന് സാധിച്ചതായി ശൂറ കൗൺസിൽ വിലയിരുത്തി.
sdds

