അടിയന്തര രക്തദാന ക്യാമ്പുമായി വോയ്‌സ് ഓഫ് ആലപ്പി; സൽമാനിയ ബ്ലഡ് ബാങ്കിൽ അൻപതോളം പേർ പങ്കെടുത്തു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: രാജ്യത്തെ സംഘർഷഭരിതമായ സാഹചര്യത്തിൽ രക്തബാങ്കുകളിൽ അനുഭവപ്പെടുന്ന ക്ഷാമം പരിഹരിക്കുന്നതിനായി വോയ്‌സ് ഓഫ് ആലപ്പി അടിയന്തര രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ ബ്ലഡ് ബാങ്ക് അധികൃതരുടെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് സംഘടന ഈ ജീവകാരുണ്യ ദൗത്യം ഏറ്റെടുത്തത്.
റമദാൻ മാസമായതിനാൽ രാത്രി 7 മുതൽ 10 വരെയായിരുന്നു ക്യാമ്പ് ക്രമീകരിച്ചിരുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ തയ്യാറെടുപ്പുകൾ നടത്തിയ ക്യാമ്പിൽ അൻപതോളം പേർ രക്തം ദാനം ചെയ്യാനെത്തി. ഇന്ത്യൻ പ്രധാനമന്ത്രിയുടെ ദേശീയ ദുരന്തനിവാരണ ഗ്രൂപ്പ് അംഗവും ബഹ്‌റൈനിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. അനൂപ് അബ്ദുള്ള ക്യാമ്പ് സന്ദർശിക്കുകയും വോയ്‌സ് ഓഫ് ആലപ്പിയുടെ സന്നദ്ധതയെ അഭിനന്ദിക്കുകയും ചെയ്തു.
വോയ്‌സ് ഓഫ് ആലപ്പി ചാരിറ്റി വിങ്ങിന് കീഴിൽ സംഘടിപ്പിക്കുന്ന അഞ്ചാമത് രക്തദാന ക്യാമ്പായിരുന്നു ഇത്. സംഘടനയുടെ എക്സിക്യൂട്ടീവ് അംഗങ്ങളായ ജോഷി നെടുവേലിൽ, ഗോകുൽ കൃഷ്ണൻ, പ്രസന്നകുമാർ, അജിത് കുമാർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പ്രതിസന്ധി ഘട്ടങ്ങളിൽ സമൂഹത്തിന് താങ്ങാവുക എന്ന ലക്ഷ്യത്തോടെ വരും ദിവസങ്ങളിലും ഇത്തരം പ്രവർത്തനങ്ങൾ തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
asaasas


