ഇറാൻ ആക്രമണം: 95 മിസൈലുകളും 164 ഡ്രോണുകളും തകർത്തു; ജാഗ്രത തുടരണമെന്ന് ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ്


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: രാജ്യത്തിന് നേരെ ഇറാൻ നടത്തുന്ന ക്രൂരമായ അക്രമണങ്ങളെ ബഹ്‌റൈൻ പ്രതിരോധ സേനയുടെ (BDF) വ്യോമപ്രതിരോധ സംവിധാനം വിജയകരമായി പ്രതിരോധിക്കുന്നതായി ജനറൽ കമാൻഡ് അറിയിച്ചു. ആക്രമണം ആരംഭിച്ചത് മുതൽ ഇതുവരെ ബഹ്‌റൈനെ ലക്ഷ്യമിട്ടെത്തിയ 95 മിസൈലുകളും 164 ഡ്രോണുകളും തകർക്കാൻ സൈന്യത്തിന് സാധിച്ചു.

സൈനികരുടെ അതീവ ജാഗ്രതയും അത്യാധുനിക പ്രതിരോധ സജ്ജീകരണങ്ങളുമാണ് വൻ ദുരന്തം ഒഴിവാക്കിയതെന്ന് ജനറൽ കമാൻഡ് വ്യക്തമാക്കി. രാജ്യത്തിന്റെ ആകാശം സുരക്ഷിതമാണെന്നും സൈന്യത്തിന്റെ പ്രവർത്തനക്ഷമതയിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. സിവിലിയൻ കേന്ദ്രങ്ങളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണെന്നും ഇത് പ്രാദേശിക സമാധാനത്തിന് വലിയ ഭീഷണിയാണെന്നും ബി.ഡി.എഫ് പ്രസ്താവനയിൽ പറഞ്ഞു.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് അത്യന്താപേക്ഷിതമായ കാര്യങ്ങൾക്കല്ലാതെ ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്ന് സൈന്യം നിർദ്ദേശിച്ചു. സുരക്ഷ ഉറപ്പാക്കാൻ പരമാവധി ജാഗ്രത പാലിക്കണം. മിസൈൽ അവശിഷ്ടങ്ങൾ വീണ സ്ഥലങ്ങളിലോ മറ്റ് സംശയാസ്പദമായ വസ്തുക്കൾക്ക് അരികിലോ പോകാൻ പാടില്ല. സൈനിക നീക്കങ്ങളുടെ ദൃശ്യങ്ങൾ പകർത്തുന്നതിനും അവശിഷ്ടങ്ങൾ വീണ സ്ഥലങ്ങളുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനും കർശന വിലക്കുണ്ട്.

അനാവശ്യമായ കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും ജനറൽ കമാൻഡ് അഭ്യർത്ഥിച്ചു. സർക്കാർ മാധ്യമങ്ങൾ നൽകുന്ന നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും കൃത്യമായി പാലിക്കാൻ എല്ലാ പൗരന്മാരും താമസക്കാരും ശ്രദ്ധിക്കണമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

article-image

dewdeqwsdesw

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed