ആശങ്ക വേണ്ട; ബഹ്റൈൻ വിപണി സുസ്ഥിരം: സംഘർഷങ്ങൾക്കിടയിലും പച്ചക്കറി-പഴം വിലയിൽ മാറ്റമില്ല


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: രാജ്യത്ത് നിലനിൽക്കുന്ന അസാധാരണ സാഹചര്യങ്ങൾക്കിടയിലും ബഹ്‌റൈനിലെ പച്ചക്കറി-പഴം വിപണിയിൽ വില നിലവാരം സുസ്ഥിരമായി തുടരുന്നു. ഇറാൻ്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണങ്ങളെത്തുടർന്ന് വിപണിയിൽ വിലക്കയറ്റമുണ്ടാകുമെന്ന ആശങ്കകൾക്കിടയിലാണ്, ശനിയാഴ്ച വിപണിയിൽ കാര്യമായ മാറ്റങ്ങളില്ലാതെ വ്യാപാരം നടന്നത്. സഹോദര മാധ്യമമായ 'അൽ അയാം' അറബിക്ക് പത്രം നടത്തിയ ഫീൽഡ് സർവ്വേയിലാണെന്ന് സാധനങ്ങൾക്ക് ക്ഷാമമില്ലെന്ന് വ്യക്തമായത്.

വിവിധ മാർക്കറ്റുകളിൽ നടത്തിയ സന്ദർശനത്തിൽ വ്യാപാരികൾ നൽകുന്ന വിവരമനുസരിച്ച്, ഉൽപ്പന്നങ്ങളുടെ ലഭ്യതയിൽ നിലവിൽ കുറവുകളില്ല. നാരങ്ങ, കാരറ്റ്, വെള്ളരിക്ക തുടങ്ങിയ ചുരുക്കം ചില ഇനങ്ങൾക്ക് നേരിയ വിലവർധനവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അത് ചരക്ക് നീക്കത്തിലുണ്ടായ ചെറിയ താമസമോ സീസണൽ മാറ്റങ്ങളോ മൂലമാണെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ചെറിയ വ്യത്യാസങ്ങൾ വിപണിയിൽ സ്വാഭാവികമാണെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ഇതിന് നേരിട്ട് ബന്ധമില്ലെന്നും അവർ വ്യക്തമാക്കി.

പച്ചക്കറി-ഭക്ഷ്യവസ്തു വിൽപന കേന്ദ്രം നടത്തുന്ന നായിഫ് സൽമാൻ പറയുന്നത് വിപണിയിൽ നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ്. അമിത ചൂടോ കാലാവസ്ഥാ വ്യതിയാനമോ കാരണം ഉൽപ്പാദനത്തിലുണ്ടാകുന്ന കുറവുകൾ വിപണിയെ ബാധിക്കാറുണ്ടെന്നും അത് യുദ്ധം മൂലമാകണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിപണിയിൽ ആവശ്യത്തിന് സാധനങ്ങൾ ലഭ്യമാണെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ജനജീവിതം സാധാരണ നിലയിൽ തുടരുന്ന കാഴ്ചയാണ് വിപണികളിൽ കാണുന്നത്. ആവശ്യക്കാർ തങ്ങൾക്കാവശ്യമായ സാധനങ്ങൾ പതിവുപോലെ വാങ്ങുന്നുണ്ട്. ചരക്ക് വിതരണ ശൃംഖല തടസ്സമില്ലാതെ മുന്നോട്ട് പോകുന്നുവെന്ന് ഉറപ്പാക്കുന്ന രീതിയിലാണ് വിപണിയിലെ ക്രമീകരണങ്ങൾ. ചുരുക്കത്തിൽ, സംഘർഷങ്ങൾക്കിടയിലും രാജ്യത്തെ വിപണി സുസ്ഥിരമായും സുരക്ഷിതമായും നിലകൊള്ളുകയാണ്.

article-image

cxxzc

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed