അപായസാധ്യത ഒഴിഞ്ഞുവെന്ന് അറിയിച്ച് ബഹ്റൈനിൽ സൈറൺ; ജാഗ്രത തുടരണമെന്ന് ആഭ്യന്തര മന്ത്രാലയം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: രാജ്യത്ത് നിലനിന്നിരുന്ന അടിയന്തര സാഹചര്യത്തിന് താൽക്കാലിക ആശ്വാസമായി 'ഓൾ ക്ലിയർ' (All clear) സൈറൺ മുഴങ്ങി. മിസൈൽ ഭീഷണിയുൾപ്പെടെയുള്ള അപകടസാധ്യതകൾ ഒഴിഞ്ഞുവെന്ന് വ്യക്തമാക്കുന്ന സൈറണാണ് ഇന്ന് വൈകുന്നേരത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മുഴങ്ങിയത്.
അപകടസാധ്യത കുറഞ്ഞെങ്കിലും ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാകുന്നത് വരെ അതീവ ജാഗ്രത തുടരണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു. അത്യന്താപേക്ഷിതമായ കാര്യങ്ങൾക്കല്ലാതെ ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അധികൃതർ നൽകുന്ന അടുത്ത നിർദ്ദേശം വരുന്നത് വരെ വീടിനുള്ളിൽ തന്നെ തുടരുന്നതാണ് ഉചിതമെന്നും മന്ത്രാലയം അറിയിച്ചു.
സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ വഞ്ചിതരാകരുത്. കൃത്യമായ വിവരങ്ങൾക്കായി ഔദ്യോഗിക മാധ്യമങ്ങളെയും ഗവൺമെന്റ് ചാനലുകളെയും മാത്രം ആശ്രയിക്കണമെന്നും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും മന്ത്രാലയം വ്യക്തമാക്കി.
aa


