ആക്രമണമുണ്ടായാൽ തിരിച്ചടിക്കും; ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ
പ്രദീപ് പുറവങ്കര
ടെഹ്‌റാൻ: തങ്ങളുടെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനായി രാജ്യത്തിന്റെ മുഴുവൻ സൈനിക ശേഷിയും ഉപയോഗിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി വ്യക്തമാക്കി. ആത്മരക്ഷയ്ക്കുള്ള തങ്ങളുടെ അവകാശം വിനിയോഗിച്ച് തിരിച്ചടിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.
മേഖലയിലെ പ്രമുഖ രാജ്യങ്ങളായ സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ, ഇറാഖ് എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി അരാഗ്‌ചി ഫോണിൽ ചർച്ച നടത്തിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇറാന്റെ അഖണ്ഡത തകർക്കാൻ ശ്രമിച്ചാൽ 'നിയമപരമായ ആത്മരക്ഷാ അവകാശം' മുൻനിർത്തി സായുധ പ്രതിരോധം തീർക്കുമെന്ന് അദ്ദേഹം ഈ രാജ്യങ്ങളെ അറിയിച്ചു.
ഇറാനെ ആക്രമിക്കുന്നതിനായി അമേരിക്കയ്ക്കും ഇസ്രായേലിനും തങ്ങളുടെ മണ്ണോ വ്യോമപാതയോ സൗകര്യങ്ങളോ വിട്ടുനൽകാൻ പാടില്ലെന്ന് അരാഗ്‌ചി ഗൾഫ് രാജ്യങ്ങളെ 'ഓർമ്മിപ്പിച്ചു'. അത്തരം സൗകര്യങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള ഉത്തരവാദിത്തം അയൽരാജ്യങ്ങൾക്കുണ്ടെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. മേഖലയിൽ സംഘർഷം പടരുന്നതിനിടെ അയൽരാജ്യങ്ങളുടെ നിലപാട് നിർണ്ണായകമാകുമെന്ന സൂചനയാണ് ഇറാൻ നൽകുന്നത്.
sdfsdf


