വ്യാജ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന നടപടി; പ്രമേയം പാസാക്കി ബഹ്‌റൈൻ പാർലമെന്റ്


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: രാജ്യത്ത് വർദ്ധിച്ചുവരുന്ന വ്യാജ നിക്ഷേപ പദ്ധതികൾക്കും സാമ്പത്തിക തട്ടിപ്പുകൾക്കുമെതിരെ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് ബഹ്‌റൈൻ പാർലമെന്റ് സർക്കാരിനോട് ആവശ്യപ്പെട്ടു. ഫണ്ട് മാനേജ്‌മെന്റ് എന്ന വ്യാജേന സാധാരണക്കാരെ കബളിപ്പിക്കുന്ന സംഘങ്ങളെ അടിച്ചമർത്തണമെന്ന അടിയന്തര പ്രമേയം പാർലമെന്റ് ഐക്യകണ്ഠേന പാസാക്കി. ബദർ അൽ തമീമിയുടെ നേതൃത്വത്തിലുള്ള അഞ്ച് എംപിമാരാണ് ഈ പ്രമേയം സഭയിൽ അവതരിപ്പിച്ചത്.

യാതൊരു ഗ്യാരണ്ടിയുമില്ലാതെ അവിശ്വസനീയമായ ലാഭം വാഗ്ദാനം ചെയ്ത് ഇടത്തരക്കാരുടെയും സാധാരണക്കാരുടെയും സമ്പാദ്യം തട്ടിയെടുക്കുന്ന സംഘങ്ങൾ വർദ്ധിച്ചുവരുന്നത് ഗൗരവകരമാണെന്ന് എംപിമാർ ചൂണ്ടിക്കാട്ടി. കൃത്യമായ ലൈസൻസോ നിരീക്ഷണമോ ഇല്ലാതെ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രതയ്ക്കും രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. വ്യക്തികളുടെ സ്വത്തും മൂലധനവും സംരക്ഷിക്കപ്പെടണമെന്ന ഭരണഘടനാപരമായ അവകാശം മുൻനിർത്തിയാണ് പാർലമെന്റ് ഈ ആവശ്യമുയർത്തിയത്.

ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന നിക്ഷേപ സ്ഥാപനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികൾ സ്വീകരിക്കണമെന്നും ഇത്തരം തട്ടിപ്പുകളെക്കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കാൻ വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കണമെന്നും പ്രമേയം സർക്കാരിനോട് ആവശ്യപ്പെടുന്നു. കൂടാതെ നിക്ഷേപ മേഖലയിൽ കൂടുതൽ സുതാര്യത കൊണ്ടുവരികയും അംഗീകൃത ധനകാര്യ സ്ഥാപനങ്ങളുടെ മേൽനോട്ടം ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

ബഹ്‌റൈൻ ഇത്തരം സാമ്പത്തിക തട്ടിപ്പുകളെ വെച്ചുപൊറുപ്പിക്കില്ല എന്ന വ്യക്തമായ സന്ദേശം കുറ്റവാളികൾക്ക് നൽകണമെന്ന് ബദർ അൽ തമീമി എംപി പറഞ്ഞു. പാർലമെന്റ് അംഗീകരിച്ച ഈ പ്രമേയം തുടർനടപടികൾക്കായി മന്ത്രിസഭയുടെ പഠനത്തിനായി കൈമാറി. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച കർശനമായ നിയന്ത്രണങ്ങൾ സർക്കാർ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

article-image

sfsdfs

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed