കുട്ടികളിലെ സ്മാർട്ട്ഫോൺ അമിത ഉപയോഗം തടയാൻ പുതിയ പദ്ധതിക്ക് ബഹ്റൈൻ പാർലിമെന്റിന്റെ അംഗീകാരം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
കുട്ടികളിലെ സ്മാർട്ട്ഫോൺ അമിത ഉപയോഗവും ഡിജിറ്റൽ ഉപകരണങ്ങളോടുള്ള അടിമത്തവും തടയാൻ ലക്ഷ്യമിട്ടുള്ള 'ആഫ്റ്റർ സ്കൂൾ' (After-school) പദ്ധതിക്ക് ബഹ്‌റൈൻ പാർലമെന്റ് അംഗീകാരം നൽകി. സ്കൂൾ സമയത്തിന് ശേഷമുള്ള ഒഴിവുസമയം കുട്ടികൾ ക്രിയാത്മകമായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കാൻ വിവിധ സർക്കാർ ഏജൻസികളെ ഏകോപിപ്പിച്ചുകൊണ്ടുള്ള വിപുലമായ പദ്ധതിയാണിത്. ഡോ. മുനീർ സുരൂറിന്റെ നേതൃത്വത്തിലുള്ള അഞ്ച് എം.പിമാരാണ് കുടുംബങ്ങൾ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമായി നിർദ്ദേശം സമർപ്പിച്ചത്.
സ്കൂൾ വിട്ടുവന്നാലുള്ള ദീർഘനേരത്തെ ഒഴിവുസമയം വെറും ഫോൺ ഉപയോഗത്തിനായി മാത്രം മാറ്റിവെക്കുന്നത് ഒഴിവാക്കി കുട്ടികളെ കായികം, കല, സംസ്‌കാരം, സാമൂഹിക പ്രവർത്തനങ്ങൾ എന്നിവയിലേക്ക് വഴിതിരിച്ചുവിടുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഡിജിറ്റൽ അഡിക്ഷൻ മൂലം കുട്ടികളിൽ കണ്ടുവരുന്ന ഉറക്കമില്ലായ്മ, കാഴ്ചശക്തി കുറയൽ, ഏകാന്തത, ശാരീരിക പ്രശ്നങ്ങൾ എന്നിവ പരിഹരിക്കാൻ ഈ നീക്കം അത്യന്താപേക്ഷിതമാണെന്ന് വിലയിരുത്തപ്പെടുന്നു. സാമൂഹിക വികസന മന്ത്രാലയം, വിദ്യാഭ്യാസ-യുവജന-ആരോഗ്യ മന്ത്രാലയങ്ങൾ, കായിക അതോറിറ്റി എന്നിവയുടെ സഹകരണത്തോടെ സ്കൂളുകൾ, സ്പോർട്സ് ക്ലബ്ബുകൾ, പാർക്കുകൾ എന്നിവിടങ്ങളിൽ കുട്ടികൾക്കായി പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും.
കുടുംബങ്ങളെയും കുട്ടികളെയും ഒന്നിപ്പിക്കുന്ന 'നോ സ്മാർട്ട്ഫോൺ' ഒത്തുചേരലുകൾ സംഘടിപ്പിക്കാനും പഴയകാല കായിക വിനോദങ്ങളെ പുനരുജ്ജീവിപ്പിക്കാനും പദ്ധതിയിൽ നിർദ്ദേശമുണ്ട്. സാങ്കേതികവിദ്യയ്ക്ക് എതിരല്ലെന്നും എന്നാൽ അത് കുട്ടികളുടെ ജീവിതത്തിലെ ഏക വിനോദമായി മാറരുതെന്നുമാണ് എം.പിമാർ വ്യക്തമാക്കുന്നത്. പുതിയ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കാതെ തന്നെ നിലവിലുള്ള ക്ലബ്ബുകളും പാർക്കുകളും പ്രയോജനപ്പെടുത്തി ഈ പദ്ധതി വേഗത്തിൽ നടപ്പിലാക്കാൻ സാധിക്കുമെന്ന് ഡോ. മുനീർ സുരൂർ ചൂണ്ടിക്കാട്ടി.
efsdff


