സൗഹൃദം ഊട്ടി ഉറപ്പിച്ച് ബഹ്‌റൈൻ-യു.എ.ഇ സംയുക്ത സൈനികാഭ്യാസം
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനും യു.എ.ഇയും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതൽ ശക്തമാക്കിക്കൊണ്ട് ഇരു രാജ്യങ്ങളും സംയുക്ത സൈനികാഭ്യാസം ബഹ്റൈനിൽ സംഘടിപ്പിച്ചു. ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, യു.എ.ഇ. പ്രസിഡന്റും യു.എ.ഇ സായുധ സേനയുടെ പരമോന്നത കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ എന്നിവർ ഒരുമിച്ചാണ് അഭ്യാസ പ്രകടനങ്ങൾ വീക്ഷിച്ചത്.
യു.എ.ഇ പ്രസിഡൻഷ്യൽ ഗാർഡിലെ ഹമദ് ബിൻ ഈസ എയർബോൺ ബ്രിഗേഡ് വിഭാഗവും ബഹ്‌റൈൻ പ്രതിരോധ സേനയുടെ (ബി.ഡി.എഫ്) റോയൽ ഗാർഡിലെ തത്തുല്യ സൈനിക വിഭാഗവുമാണ് പരിശീലനത്തിൽ പങ്കെടുത്തത്. സൈനികാംഗങ്ങളുടെ പ്രൊഫഷണലിസത്തെ ഇരു നേതാക്കളും അഭിനന്ദിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധങ്ങൾക്ക് യു.എ.ഇ പ്രസിഡന്റ് നൽകിയ പിന്തുണയെ ആദരിച്ച്, ഒരു റോയൽ ബഹ്‌റൈനി എയർഫോഴ്‌സ് സൈനിക വ്യോമസേനാ യൂനിറ്റിന് 'മുഹമ്മദ് ബിൻ സായിദ് സ്ക്വാഡ്രൺ' എന്ന് പേര് നൽകാൻ ബഹ്‌റൈൻ രാജാവ് ഉത്തരവിട്ടു.
അഭ്യാസങ്ങൾ വീക്ഷിച്ച ശേഷം, യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ ഹമദ് രാജാവിനോട് നന്ദി അറിയിച്ചു. ബഹ്‌റൈൻ പ്രതിരോധ സേനാ കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹമ്മദ് ആൽ ഖലീഫ, റോയൽ ഗാർഡ് കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർ യുഎഇ നേതാക്കളെ സ്വീകരിച്ചു.
SXSADAS
