ബഹ്‌റൈൻ-ഖത്തർ ഫെറി സർവീസ്: പ്രാദേശിക ബന്ധം ശക്തിപ്പെടുത്തും; സുപ്രധാന നിർദ്ദേശങ്ങളുമായി ബഹ്റൈൻ മന്ത്രിസഭാ യോഗം
പ്രദീപ് പുറവങ്കര
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗം, ബഹ്‌റൈനും ഖത്തറും തമ്മിലുള്ള പാസഞ്ചർ ഫെറി സർവീസ് ആരംഭിച്ചതിനെ സ്വാഗതം ചെയ്തു. ഈ ഫെറി സർവീസ് വിനോദസഞ്ചാരം, വാണിജ്യ വ്യാപാരം, പ്രാദേശിക കണക്റ്റിവിറ്റി എന്നിവ ശക്തിപ്പെടുത്തുന്നതിൽ സുപ്രധാന പങ്ക് വഹിക്കുമെന്ന് മന്ത്രിസഭ വിലയിരുത്തി. ട്രാൻസ്പോർട്ടേഷൻ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ മന്ത്രി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, പാസഞ്ചർ, വാഹനങ്ങൾ, വാണിജ്യ ചരക്കുകൾ എന്നിവയുടെ ഗതാഗതത്തിനായി ഫെറി റൂട്ട് പൂർണമായി ഉപയോഗപ്പെടുത്താൻ കിരീടാവകാശി നിർദ്ദേശം നൽകി. കൂടാതെ, ബഹ്‌റൈൻ-ഖത്തർ കോസ്‌വേ പദ്ധതിയുടെ പുരോഗതി തുടർന്നും നിരീക്ഷിച്ച് ഉറപ്പാക്കാനും മന്ത്രാലയത്തിന് നിർദ്ദേശം നൽകി.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും മലേഷ്യൻ സുൽത്താനുമായുള്ള ചർച്ചകൾ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തിയതായി യോഗം വിലയിരുത്തി. അതിർത്തി കടന്നുള്ള തർക്കപരിഹാരങ്ങളിലെ നൂതന ആശയങ്ങൾ ചർച്ച ചെയ്ത കിങ് ഹമദ് ലെക്ചർ ഫോർ ന്യൂട്രൽ ജസ്റ്റിസ് ഉദ്ഘാടനം ചെയ്തതിനെയും, റോയൽ ബഹ്‌റൈൻ കോൺകോർസ്, ബാപ്കോ എനർജീസ് 8 ഹവേഴ്സ് ഓഫ് ബഹ്‌റൈൻ എന്നിവയുൾപ്പെടെയുള്ള പ്രധാന പരിപാടികളുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച അധികാരികളെയും മന്ത്രിസഭ അഭിനന്ദിച്ചു. കൂടാതെ, ദി അവന്യൂസ്-ബഹ്‌റൈൻ എക്സ്പാൻഷന്റെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്തതിനെയും മന്ത്രിസഭ സ്വാഗതം ചെയ്തു. യോഗത്തിൽ നിരവധി സുപ്രധാന ധാരണാപത്രങ്ങൾക്കും അംഗീകാരം നൽകി.
QWSDSWASD
