ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ I ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ പ്രവാസി ഇന്ത്യക്കാർക്കായി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു. അംബാസഡർ വിനോദ് കുര്യൻ ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തിൽ, എംബസിയുടെ കമ്മ്യൂണിറ്റി വെൽഫെയർ ടീം, കോൺസുലാർ ടീം, പാനൽ അഭിഭാഷകർ എന്നിവർ പങ്കെടുത്തു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിൽ നടന്ന ഓപ്പൺ ഹൗസിൽ 40-ൽ അധികം ഇന്ത്യൻ പൗരന്മാരാണ് വിവിധ പരാതികളുമായി എത്തിയത്. ഓപ്പൺ ഹൗസിന് ശേഷം പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ, മറ്റ് കോൺസുലാർ സേവനങ്ങൾ എന്നിവയുൾപ്പെടെ എംബസിയിൽ നിലവിൽ നൽകിവരുന്ന എല്ലാ കോൺസുലാർ സേവനങ്ങളും ഇനിമുതൽ ബഹ്‌റൈൻ മാളിൽ പുതുതായി തുറന്ന ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെൻ്ററിൽ ലഭ്യമാകുമെന്ന് അംബാസഡർ അറിയിച്ചു. ഇന്ത്യാ ഗവൺമെൻ്റ് ഫീസിന് പുറമെ 180 ഫിൽസ് മാത്രമായിരിക്കും സേവന നിരക്ക്. ഫോം പൂരിപ്പിക്കൽ, ഫോട്ടോ കോപ്പി, ഫോട്ടോ, എസ്.എം.എസ്, കൊറിയർ തുടങ്ങിയ സൗകര്യങ്ങൾ അപേക്ഷകർക്ക് അധിക ചാർജ് ഇല്ലാതെ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓഗസ്റ്റ് 15-ന് എംബസി പരിസരത്ത് നടക്കുന്ന ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിന പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുക്കാനും അംബാസഡർ ഇന്ത്യൻ പ്രവാസികളെ ക്ഷണിച്ചു. കഴിഞ്ഞ ഓപ്പൺ ഹൗസിൽ ഉന്നയിച്ച മിക്ക കേസുകളും പരിഹരിച്ചതായി എംബസി അറിയിച്ചു. ഒരു സ്ട്രെച്ചർ രോഗിയെ നാട്ടിലെത്തിക്കാൻ എംബസി സാമ്പത്തിക സഹായം നൽകി. കൂടാതെ, രാജ്യത്ത് കുടുങ്ങിപ്പോയ നാല് അംഗങ്ങളുള്ള ഒരു കുടുംബത്തിന് വിമാന ടിക്കറ്റുകൾ നൽകുകയും യാത്രാ രേഖകൾ ലഭ്യമാക്കുകയും ചെയ്തു. ദുരിതത്തിലായ ഇന്ത്യൻ പൗരന്മാർക്ക് ഐ.സി.ഡബ്ല്യു.എഫ് വഴി ബോർഡിംഗ്, ലോഡ്ജിംഗ് സൗകര്യങ്ങളും നൽകിതായും ഇന്ത്യൻ അംബാസിഡർ വിനോദ് കെ ജേക്കബ് അറിയിച്ചു.
asaasxSDADS