ഒട്ടേറെ രോഗികൾ ക്യാൻസർ ലക്ഷണങ്ങളെ അവഗണിക്കുന്നുവെന്ന് സന്നദ്ധസംഘടന


മനാമ: അവബോധമില്ലായ്മ കാരണം രാജ്യത്ത് ഒട്ടേറെ ക്യാൻസർ രോഗികൾ ലക്ഷണങ്ങളെ അവഗണിക്കുന്നുവെന്ന് സന്നദ്ധസംഘടന വെളിപ്പെടുത്തി. ബഹ്‌റൈൻ ക്യാൻസർ സൊസൈറ്റിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ക്യാൻസർ കെയർ ഗ്രൂപ്പാണ്  മുന്നറിയിപ്പുമായി രംഗത്ത് വന്നത്. 
 
രാജ്യത്ത് ആയിരത്തോളം പേരെയാണ് ഇക്കഴിഞ്ഞ വർഷം സന്നദ്ധ സംഘടന പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇവരിൽ മിക്കവർക്കും ക്യാൻസർ രോഗത്തെക്കുറിച്ചും, രോഗലക്ഷണങ്ങളെക്കുറിച്ചും അവബോധമില്ലെന്നാണ് സന്നദ്ധസംഘടന പറയുന്നത്. ഇത് രോഗത്തെ വളർത്തുവാൻ അനുവദിക്കുകയും, ഒടുവിൽ ചികിത്സപോലും ഫലപ്രദമാകാത്ത സ്ഥിതിവിശേഷത്തിലെക്ക് നയിക്കുന്നതായും ഇവർ പറയുന്നു.  
 
സ്കൂൾ കുട്ടികളും, അധ്യാപികാ-അദ്ധ്യാപകന്മാരുൾപ്പെടെയുള്ളവരെയും, ലേബർക്യാന്പിലുള്ളവരെയും മറ്റും പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഇവരിൽ ചിലരിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയെന്നും വേണ്ട ചികിത്സാ നിർദ്ദേശങ്ങൾ നൽകിയതായും ബഹ്‌റൈൻ ക്യാൻസർ സൊസൈറ്റി മേധാവി ഡോ. പി.വി. ചെറിയാൻ പറയുന്നു.   
 
സ്തനാർബുദമുൾപ്പെടെയുള്ള രോഗങ്ങൾ വഷളാകുന്നത് നേരത്തെ ഇത് തിരിച്ചറിയാൻ സാധിക്കാത്തത് കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി സംഘടനയുടെ വനിതാ അംഗങ്ങൾ സ്ത്രീകളുമായി നേരിട്ട് സംസാരിച്ച് വേണ്ട ഉപദേശങ്ങൾ നൽകിവരുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 
 
ഇന്ന് രാവിലെ മുതൽ ഏഷ്യൻ സ്കൂളിൽ നടക്കുന്ന മെഡിക്കൽ ക്യാന്പിൽ നൂറുകണക്കിന് പേരെ പരിശോധനയ്ക്ക് വിധേയരാക്കാൻ സാധിക്കുമെന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed