അനിൽ കുംബ്ലെ ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് വരുന്നതായി റിപ്പോർട്ട്


മുംബൈ: രോഹിത് ശർമയെ ഒഴിവാക്കാൻ ശ്രമിച്ചുവെന്ന ആരോപണങ്ങൾ നേരിടുന്നതിനിടെ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് കൂടുതൽ തിരിച്ചടിയുണ്ടാകുന്ന വാർത്തകൾ പുറത്തുവരുന്നു. മുൻ താരം അനിൽ കുംബ്ലെ ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് വരുന്നതാണ് കോഹ്ലിക്ക് ചങ്കിടിപ്പുകൂട്ടുന്നത്. രവി ശാസ്ത്രിക്ക് മുൻപ് ഇന്ത്യൻ പരിശീലകനായിരുന്ന കുംബ്ലെ, കോഹ്‌ലിയുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സ്ഥാനമൊഴിയുകയായിരുന്നു. രോഹിത്തിനെ ഉപനായക സ്ഥാനത്ത് നിന്നും മാറ്റണമെന്ന് കോഹ്‌ലി ബിസിസിഐയോട് ആവശ്യപ്പെട്ടുവെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഭാവി നായകനെ വളർത്തിയെടുക്കുന്നതിന്‍റെ ഭാഗമായി രോഹിത്തിനെ മാറ്റി ട്വന്‍റി−20 യിൽ ഋഷഭ് പന്തിനെയും ഏകദിനത്തിൽ കെ.എൽ.രാഹുലിനെയും ഉപനായകനാക്കണമെന്ന് കോഹ്‌ലി ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നായകനെ തള്ളിയ ബിസിസിഐ നിലപാടിൽ അതൃപ്തി കൂടി രേഖപ്പെടുത്തി. 

യുഎഇ വേദിയാകുന്ന ട്വന്‍റി−20 ലോകകപ്പിൽ പ്രകടനം മോശമായാൽ നായകസ്ഥാനം പോകുമെന്ന് ബിസിസിഐ കൃത്യമായ മുന്നറിയിപ്പ് കോഹ്‌ലിക്ക് നൽകിയിരുന്നു. ഇതാണ് ട്വന്‍റി−20 നായക സ്ഥാനം ലോകകപ്പിന് ശേഷം ഒഴിയുമെന്ന പ്രഖ്യാപനത്തിന് കോഹ്‌ലിയെ പ്രേരിപ്പിച്ചതെന്നാണ് വിവരം. അതേസമയം 34 വയസുകാരനായ രോഹിത്തിനെ കോഹ്‌ലിക്ക് പിൻഗാമിയാക്കുന്നതിലും ബിസിസിഐക്ക് താത്പര്യക്കുറവുണ്ട്. ഭാവി മുന്നിൽ കണ്ട് പുതിയ നായകനെ കണ്ടെത്തണമെന്നാണ് ഒരു വിഭാഗത്തിന്‍റെ ആവശ്യം. രണ്ടു വിദേശ പരിശീലകരെ ബിസിസിഐ സമീപിച്ചെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ സ്ഥാനമേറ്റെടുക്കാൻ അവർ വിസമ്മതിച്ചതോടെയാണ് കുംബ്ലെയിലേക്ക് വീണ്ടും എത്തിയത്. മുൻ താരം വി.വി.എസ്.ലക്ഷമണിനെയും പരിശീലക സംഘത്തിലേക്ക് കൊണ്ടുവരാൻ ബിസിസിഐ ആലോചിക്കുന്നുണ്ട്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed