ആവശ്യം കൂടുന്നു; ചൈനയിലേക്കുള്ള എണ്ണ കയറ്റുമതി നിയന്ത്രിക്കാൻ സൗദി


റിയാദ്: ചൈനയിലേക്കുള്ള ക്രൂഡ് ഓയിൽ കയറ്റുമതിയിൽ നിയന്ത്രണം ഏർപ്പെടുത്താൻ സൗദി അറേബ്യ. അടുത്ത മാസത്തേക്ക് ചൈന ആവശ്യപ്പെട്ട ക്രൂഡ് ഓയിൽ ബാരലുകളേക്കാൾ കുറവേ സൗദി കയറ്റി അയക്കൂ. ഏഷ്യയിലെ മറ്റ് രാജ്യങ്ങൾക്കുള്ള ആവശ്യം കൂടി പരിഗണിച്ചാണ് സൗദിയുടെ തീരുമാനം.

ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ, തായ്ലന്റ് എന്നീ രാജ്യങ്ങൾ ആവശ്യപ്പെട്ട ക്രൂഡ് ഓയിൽ നൽകേണ്ടതുണ്ട്. ഈ കയറ്റുമതിയിൽ തടസ്സം വരാതിരിക്കാനാണ് ചൈനയിലേക്കുള്ള കയറ്റുമതി അടുത്ത മാസം കുറയ്ക്കുന്നത്. സൗദിയിൽ നിന്നും ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ റഷ്യൻ എണ്ണ വിപണിക്ക് മേൽ വിലക്കുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ക്രൂഡ് ഓയിലിനായി കൂടുതൽ ഏഷ്യൻ രാജ്യങ്ങൾ സൗദി ആരാംകോയെ സമീപിക്കുന്നുണ്ട്.

അതേസമയം ഇന്ത്യയും ചൈനയും ഇപ്പോഴും റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നുണ്ട്. യുക്രെയ്നിലെ യുദ്ധത്തിൽ റഷ്യയെ ഇതുവരെ ഇരു രാജ്യങ്ങളും തള്ളിപ്പറഞ്ഞിട്ടുമില്ല. യുഎസിന്റെയും യൂറോപ്യൻ യൂണിയന്റെയും വിലക്കുകളെ മറികടക്കാൻ ഇന്ത്യക്കുൾപ്പടെ ഇളവുകളോടെ റഷ്യ ക്രൂഡ് ഓയിൽ നൽകുന്നുമുണ്ട്.

 

 

 

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed