കേരളത്തിൽ 39 കേന്ദ്രങ്ങളിൽ‍ എൻഐഎ റെയ്ഡ്; നിരവധി നേതാക്കൾ‍ കസ്റ്റഡിയിൽ‍


കേരളത്തിൽ‍ 39 കേന്ദ്രങ്ങളിൽ‍ എൻ‍ഐഎ റെയ്ഡ്. 25 പോപ്പുലർ‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ‍ റെയ്ഡ് നടന്നു. പോപ്പുലർ‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫിസ് ഉൾ‍പ്പെടെ 14 ഓഫിസുകളിലാണ് എൻഐഎ പരിശോധന നടത്തിയത്. റെയ്ഡിന്റെ കൂടുതൽ‍ വിവരങ്ങൾ‍ ഇപ്പോൾ‍ പുറത്തുവിടാനാകില്ലെന്നാണ് എൻഐഎ പറയുന്നത്. എൻഐഎ ഡയറക്ടർ‍ ദിൻകർ‍ ഗുപ്ത നേരിട്ടാണ് റെയ്ഡ് ഏകോപിപ്പിക്കുന്നത്. 

പോപ്പുലർ‍ ഫ്രണ്ട് നേതാക്കളായ ഇ അബൂബക്കർ‍, നസറുദീൻ എളമരം എന്നിവർ‍ എൻ‍ഐഎ കസ്റ്റഡിയിലായിട്ടുണ്ട്. കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യം ചെയ്ത ശേഷം തുടർ‍ നടപടികൾ‍ സ്വീകരിക്കും. ഇവരെ എൻഐഎ സ്‌പെഷ്യൽ‍ കോടതികളിൽ‍ ഹാജരാക്കും.

പിഎഫ്‌ഐ ദേശീയ വൈസ് ചെയർ‍മാൻ ഇ.എം അബ്ദുറഹ്മാന്റെ കളമശേരിയിലെ വീട്ടിൽ‍ ഉൾ‍പ്പെടെയാണ് റെയ്ഡ് നടക്കുന്നത്. എസ്ഡിപിഐ ജനറൽ‍ സെക്രട്ടറി പി കെ ഉസ്മാന്റെ വീട്ടിലും എൻഐഎ പരിശോധന നടത്തുന്നുണ്ട്. പത്തനംതിട്ടയിൽ‍ പിഎഫ്‌ഐ ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദിന്റെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. അടൂരിലും പെരുമ്പിലാവിലും എസ്ഡിപിഐ ഓഫിസുകളിൽ‍ റെയ്ഡ് നടക്കുന്നുണ്ട്.

പോപ്പുലർ‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗം യഹിയ തങ്ങൾ‍ നിലവിൽ‍ എൻഐഎ കസ്റ്റഡിയിലാണ്. തൃശൂർ‍ ജില്ലയിലെ തെക്കഞ്ചേരിയിലെ യൂണിറ്റി ഹൗസിലും എൻഐഎ റെയ്ഡ് നടത്തുന്നുണ്ട്. പാലക്കാട് പട്ടാമ്പിയിൽ‍ സംസ്ഥാന സമിതി അംഗം റൗഫിന്റെ വീട്ടിലും പരിശോധന നടന്നുവരികയാണ്. കോഴിക്കോട് കരുവംപൊയിലിൽ‍ പിഎഫ്‌ഐ സ്ഥാപകനേതാവ് ഇ അബൂബക്കറിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. ദേശീയ സമിതി അംഗം കോഴിക്കോട് കാരന്തൂർ‍ സ്വദേശി പി കോയ കസ്റ്റഡിയിലായി.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed