കുരങ്ങ് വസൂരി: കേരളത്തിലെ ആദ്യ രോഗി രോഗമുക്തി നേടി


രാജ്യത്ത് ആദ്യമായി കുരങ്ങ് വസൂരി സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ‍ ചികിത്സയിൽ‍ കഴിഞ്ഞ കൊല്ലം സ്വദേശി(35) രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രി വീണാ ജോർ‍ജ്. ആദ്യ കേസായതിനാൽ‍ എൻഐവിയുടെ നിർ‍ദേശ പ്രകാരം 72 മണിക്കൂർ‍ ഇടവിട്ട് രണ്ട് പ്രാവശ്യം പരിശോധനകൾ‍ നടത്തി. എല്ലാ സാമ്പിളുകളും രണ്ട് പ്രാവശ്യം നെഗറ്റീവായി. രോഗി മാനസികമായും ശാരീരികമായും പൂർ‍ണ ആരോഗ്യവാനാണ്. ത്വക്കിലെ തടിപ്പുകൾ‍ പൂർ‍ണമായി ഭേദമായിട്ടുണ്ട്. അദ്ദേഹത്തെ ഇന്ന് ഡിസ്ചാർ‍ജ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ പന്ത്രണ്ടാം തീയതി യുഎഇയിൽ‍ നിന്നും വന്ന യുവാവിന് പതിനാലിനാണ് കുരങ്ങ് വസൂരി സ്ഥിരീകരിച്ചത്. രോഗം സംശയിച്ചപ്പോൾ‍ തന്നെ മന്ത്രിയുടെ നേതൃത്വത്തിൽ‍ അവലോകന യോഗങ്ങൾ‍ ചേർ‍ന്ന് പ്രതിരോധ പ്രവർ‍ത്തനങ്ങൾ‍ ശക്തമാക്കിയിരുന്നു. എല്ലാ ജില്ലകൾ‍ക്കും ജാഗ്രതാ നിർ‍ദേശം നൽ‍കി. ഇദ്ദേഹവുമായി പ്രാഥമിക സമ്പർ‍ക്കപ്പട്ടികയിലുള്ള കുടുംബാംഗങ്ങളുടെ ഫലവും നെഗറ്റീവ് ആണ്. നിലവിൽ‍ കുരങ്ങ് വസൂരി സ്ഥിരീകരിച്ച മറ്റ് രണ്ട് പേരുടെ ആരോഗ്യ നില തൃപ്തികരമായി തുടരുന്നു. പ്രതിരോധ പ്രവർ‍ത്തനങ്ങൾ‍ ശക്തമായി തുടരുമെന്നും മന്ത്രി പറഞ്ഞു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed