നാഥനില്ലാത്ത എഴുത്തുകൾ - ചെറുകഥ


എഴുതിയത്: അമൽ ഗീതൂസ്

രാവിലെ തന്നെ എഴുത്തുകെട്ടുകളും ബാഗിൽ തൂക്കി ഞാൻ പോസ്റ്റ് ഓഫീസിൽ നിന്ന് പുറത്തിറങ്ങി. ചെറിയ ഒരു മഴക്കോളുണ്ട്. കുട ബാഗിലുണ്ടെന്നു ഞാൻ ഒന്നൂടെ ഉറപ്പു വരുത്തി. സൈക്കിൾ സ്‌റ്റാൻഡ്‌ കാലു കൊണ്ട് തട്ടി മാറ്റി, അതിൽ കയറി നേരെ ചവിട്ടാൻ തുടങ്ങി.

കവലയിലെ അലിക്കയുടെ ചായക്കടയിൽ ഒരു കത്ത് കൊടുക്കാനുണ്ട്. അലിക്കയുടെ മകൻ ഒരു നോവലിസ്റ്റാണ്. ഡൽഹിയിൽ ഏതോ ഒരു ഒരു വലിയ പത്ര സ്ഥാപനത്തിലാണ് ജോലി. അയാൾ വാപ്പാക്ക് കത്ത് മാത്രമേ അയക്കൂ..! എഴുത്തിനോടുള്ള സ്നേഹം കൊണ്ട് മാത്രമല്ല. അലിക്ക മൊബൈൽ ഉപയോഗിക്കാറില്ല. അതിനുള്ള നേരമില്ലെന്നാ ഇക്കയുടെ വാദം. അത് ഒരു തരത്തിൽ നന്നായി. അതുകൊണ്ടു തന്നെ, രജിസ്റ്റർ അല്ലെങ്കിൽ ബാങ്ക് ഇടപാടുകളുടെ കവറുകൾക്കിടയിൽ വല്ലപ്പോഴും ഒരു കത്ത് കാണാൻ കിട്ടുന്നു.

അലിക്കയുടെ കത്ത് കൊടുത്തു നേരെ ഇടതു തിരിഞ്ഞു ചെമ്മണ്ണ് നിറഞ്ഞ പാതയിലേക്ക് കയറി. സൈക്കിളിനു വേഗത കൂടുന്നുണ്ടോ എന്ന് തോന്നിപോയി. ഞാൻ ഇടയ്ക്കിടെ ബ്രേക്ക് പിടിച്ചു നോക്കി. ഈ വഴി അവസാനിക്കുന്നത്, കാളിയാർ വീട്ടിലേക്കാണ്. കാളിയാർ വീട്.!!

വർഷങ്ങൾക്കു മുൻപ് ആ വീട്ടിൽ ഒരു കൊലപാതക പരമ്പര തന്നെ നടന്നിട്ടുണ്ട്. അവിടെയുള്ള കൊച്ചു കുട്ടികളെ അടക്കം, ഒൻപതു പേരെ ക്രൂരമായി വെട്ടി കൊന്നു. കൊന്നത് നാട്ടിലെ തന്നെ പ്രമാണിമാരായ അറക്കൽ തറവാട്ടിലെ അബ്ദുല്ല ഹാജിയും, മക്കളും ചേർന്നായിരുന്നു. അറക്കൽ തറവാട് പിന്നെ ഒരു തരി പോലും ശേഷിക്കാതെ നശിച്ചു പോയി. ഹാജി ആത്മഹത്യ ചെയ്തത് കൂട്ടക്കൊല കഴിഞ്ഞതിന്റെ പത്താം നാൾ. അതിനടുത്തു തന്നെ മക്കൾ രണ്ടുപേരും ഒരു റോഡ് അപകടത്തിൽ മരണപ്പെട്ടു. ബാക്കിയുള്ളവരെല്ലാം പല വഴിക്കു പോയി. അതിന്നും അവിടെ നശിച്ചു കിടക്കുന്നു. കാളിയാർ തറവാട്ടിലെ ആത്മാക്കൾ ചെയ്തതാണ് അറക്കൽ തറവാട്ടിലെ മരണങ്ങൾ എന്ന് വരെ നാട്ടിൽ പലരും പറഞ്ഞു നടന്നു. എന്തായാലും ഇന്നും ആരും ഇരുട്ടായാൽ ആ വഴി പോകാറില്ല....

ഗേറ്റിനടുത്തു വരെ സൈക്കിൾ എത്തിയത് പോലും ഞാൻ അറിഞ്ഞില്ല. പെട്ടെന്നു ബ്രേക്ക് പിടിച്ചു ഇറങ്ങി. ബാഗിൽ നിന്ന് ഒരു കവർ എടുത്തു. ഞാൻ ഗേറ്റ് തുറക്കാൻ നോക്കി. അത് തുറക്കാൻ കിട്ടുന്നില്ല. ഇതിപ്പോൾ ഞാൻ ഈ നാട്ടിൽ വന്നു ആറു മാസത്തിനുള്ളിൽ പല തവണയായി ഇവിടെ ഇടയ്ക്കിടെ ഇത്തരം പൊതിഞ്ഞ കവറുകളും കൊണ്ട് വരുന്നു. ഒരു മാസം മൂന്ന് കവർ വരും. ഇവിടെ ഗേറ്റ് തുറക്കാൻ നോക്കും, കഴിയാതെ വരുമ്പോൾ കവർ അവിടെ മതിലിന്റെ മുകളിൽ വെച്ച് ഞാൻ പോകും. ഓരോ തവണ വരുമ്പോഴും, മുൻപത്തെ കവർ കാണാറില്ല. ആരാണെടുക്കുന്നത് എന്ന് അന്വേഷിക്കാറില്ല. വിലാസത്തിനുളിൽ മേരി, D/O ഔത തരകൻ, കാളിയാർ വീട്, വഴിയമ്പലം എന്ന് കാണുന്നു.. ഇവിടെ കൊണ്ട് വെക്കുന്നു.. അതിനപ്പുറം ഞാൻ ഒന്നുമന്വേഷിക്കുന്നില്ല. പക്ഷെ, ഇന്നെന്തോ അവിടെ ഒന്ന് നില്ക്കാൻ എനിക്ക് തോന്നി. അവിടമാകെ ഒരു തണുപ്പ് എനിക്ക് അനുഭവപ്പെട്ടു. സൈക്കിൾ സ്റ്റാൻഡ് തട്ടി മാറ്റി, ഞാൻ അതിൽ കയറി തിരിഞ്ഞു നോക്കിയപ്പോൾ, അത്ഭുതം !! ആ കവർ കാണാനില്ല. ഞാനാ ഗേറ്റിനിടയിലൂടെ നോക്കിയപ്പോൾ, ആ കവർ വായുവിലൂടെ അകത്തേയ്ക്കു പോകുന്നു. എന്റെ മുഖം ആകെ വിളറി. ശരീരത്തിന് ഭാരമില്ലാത്തത് പോലെ തോന്നി. ഒന്നുറക്കെ കരയാനും, തിരിഞ്ഞോടാനും ഞാൻ മനസ്സിൽ ആഗ്രഹിച്ചു. പക്ഷെ, ഒന്നിനും കഴിയുന്നില്ല. സൈക്കിൾ പെട്ടെന്നു മറിഞ്ഞു വീണു. കിടന്ന കിടപ്പിൽ ഗേറ്റിനടിയിലൂടെ ഞാൻ കണ്ടു, ഒരു അവ്യക്ത രൂപം വീടിനകത്തേക്ക് കയറിപോകുന്നു..!!

തിരികെ അലിക്കയുടെ പീടിക എത്തുന്നത് വരെ ഞാൻ പിന്നിലേക്ക് എത്തി നോക്കികൊണ്ടിരുന്നു. ആകെ വിയർത്തു കുളിച്ചു ഞാൻ വരുന്നത് കണ്ട പാടെ അലിക്ക സംശയത്തോടെ അടുത്തേക്ക് വന്നു.

"എന്താ പറ്റിയെ? നിങ്ങൾ വല്ലാതെ വിയർത്തിരിക്കുന്നല്ലോ ?? മോരുംവെള്ളം വല്ലോം വേണോ ??"

വേണ്ടെന്നു തലയാട്ടി ഞാൻ സൈക്കിൾ മുന്നോട്ടു തന്നെ ചവിട്ടി. എങ്ങനേലും വീട്ടിലെത്തുക എന്നതായിരുന്നു എന്റെ ഉദ്ദേശ്യം.

ഉച്ചയൂണ് കഴിഞ്ഞു ബാക്കി കറക്കമെല്ലാം തീർത്തുകൊണ്ടു തിരികെ ഞാൻ പോസ്റ്റ് ഓഫീസിൽ എത്തി. അവിടെ എല്ലാരും പോകാൻ ഉള്ള തിരക്കായിരുന്നു. ഞാനും വേഗം ഇറങ്ങി. നേരെ പഞ്ചായത്തു വായനശാലക്കു മുന്നിൽ സൈക്കിൾ നിർത്തി. സ്റ്റാൻഡ് തട്ടി, ലോക്ക് ചെയ്യാൻ നേരമാണ് ഞാൻ അത് കണ്ടത്. എന്റെ സൈക്കിൾ ലോക്കിലാണ്. താക്കോൽ അവിടെയില്ല.! ഞാൻ പിന്നെ ചവിട്ടി വന്നതെങ്ങനെ ? എന്റെ ഉള്ളിൽ ഒരു പേടി ജനിച്ചു തുടങ്ങി. രാവിലത്തെ സംഭവങ്ങൾ ഓരോന്നായി മനസ്സിൽ തെളിയാൻ തുടങ്ങി. പെട്ടെന്ന് എന്റെ സൈക്കിൾ പതിയെ ഒന്ന് വിറച്ചു. സ്റ്റാൻഡിൽ നിന്ന് ഊർന്നിറങ്ങി സൈക്കിൾ പതിയെ ചലിക്കാൻ തുടങ്ങി. ഞാൻ പേടിയോടെ അതിനെ പിന്തുടർന്നു....

അലിക്കയുടെ ചായക്കടയും കടന്നു സൈക്കിൾ നേരെ ചെമ്മണ്ണ് പാതയിലേക്ക് കയറി. ഞാൻ പേടിയോടെ അവിടെ തന്നെ നിന്നു. സൈക്കിൾ നിശ്ചലമായി. ഹാൻഡിൽ എന്റെ തിരിഞ്ഞു - ഒരാൾ നോക്കുന്നത് പോലെ. ഞാൻ പിന്നിലേക്ക് നടന്നതും, സൈക്കിൾ പിന്നിലേക്ക് വരാൻ തുടങ്ങി. ഞാൻ പേടിയോടെ ദൈവത്തെ ഓർത്തു നിസ്സഹായനായി മുകളിലേക്ക് നോക്കി. ഇപ്പോൾ സൈക്കിൾ ആ പാത വഴി വേഗത്തിൽ പോകുന്നത് കാണാം. ഒരു അവ്യക്തമായ രൂപം ആ സൈക്കിളിൽ ഉണ്ട്. ഞാൻ അലിക്കയുടെ കടയുടെ ഉള്ളിലേക്കു കയറി. പെട്ടെന്ന് കടയുടെ സമീപം നിന്നിരുന്ന ഇലക്ട്രിക്ക് പോസ്റ്റ് കടയുടെ മുകളിലേക്ക് മറിഞ്ഞു വീണു. ഓട് മേഞ്ഞ ആ കുഞ്ഞുകടയുടെ മേൽക്കൂര തകർത്തുകൊണ്ട് ആ പോസ്റ്റ് ഇപ്പോൾ എന്റെ തലയ്ക്കു മുകളിൽ ഉണ്ട്. ഞാൻ ഒഴിഞ്ഞു മാറാൻ തിരിഞ്ഞതും, അതെന്റെ തലയിൽ വന്നു വീണു. അമ്മേ...........!!!!!!!!!
**********************

അമ്മേ.....!!!!

എന്റെ അലർച്ച കേട്ട് അമ്മ ഓടി വന്നു നോക്കുമ്പോൾ ഞാൻ കട്ടിലിനു താഴെ തറയിൽ വീണു കിടന്നു ഉരുളുകയാണ്. അമ്മ എന്നെ കുലുക്കി വിളിച്ചു.
കണ്ണ് തുറക്കുമ്പോൾ, വിഷമത്തോടെ അമ്മ എന്നെ നോക്കി നിൽക്കുന്നുണ്ട്.

"എന്താ പറ്റിയെടാ? നീ സ്വപ്നം വല്ലോം കണ്ടോ ??"

"ഹ്മ്മ്.. ഞാൻ ഷോക്കടിച്ചു മരിച്ചു..!!"

"കണ്ട പ്രേത സിനിമയെല്ലാം കണ്ടു പാതിരാത്രി കിടക്കുമ്പോൾ ഓർക്കണം. എണീച്ചു ജോലിക്കു പോടാ."

പിന്നെയും എന്തൊക്കെയോ പറഞ്ഞു അമ്മ അടുക്കളയിലേക്കു പോയി.

ഓഫീസിൽ എത്തിയിട്ടും, എന്റെ സംശയങ്ങൾ കുറെ ബാക്കി നിന്നു. പോസ്റ്റ് ഓഫീസിൽ നിന്നു നേരെ ബാഗുമെടുത്തു ഞാൻ പുറത്തിറങ്ങി. ഇന്നും ഒരു കവർ അങ്ങോട്ടേക്കുണ്ട്. പേടിയോടെ ഞാൻ കാളിയാർ വീട്ടിലേക്കു സൈക്കിൾ ചവിട്ടി. കാലുകൾക്കു വല്ലാതെ വേഗം കൂടിയിരുന്നു. സൈക്കിൾ ഒരു റോക്കറ്റ് കണക്കെ പാഞ്ഞു. അലിക്ക എന്റെ വരവ് കണ്ട്, കടയിലേക്ക് കയറി നിന്നു.

കാളിയാർ വീട്.
അടഞ്ഞ ഗേറ്റിനു മുന്നിൽ ഞാൻ സൈക്കിൾ നിർത്തി. കരിയിലകൾ കുമിഞ്ഞു കൂടി മുറ്റം പോലും കാണാതെയായിരിക്കുന്നു. മുൻപത്തെ കവർ കാണാനില്ല. ഞാൻ പുതിയ കവർ അവിടെ വെച്ച്, സൈക്കിൾ എടുക്കാൻ തിരിഞ്ഞതും, ഒരു പാമ്പ് മതിലിനു സമീപത്തു കൂടെ ഇഴഞ്ഞു നീങ്ങുന്നതു കണ്ടു. അത് പതിയെ കടന്നുപോയി. അത് ദൂരെ ആയെന്നു കണ്ടതും, ഞാൻ സൈക്കിൾ പതിയെ തിരിച്ചു. പെട്ടെന്നാണ് കരിയിലകൾ അനങ്ങുന്ന ശബ്ദം കേട്ടത്. എന്റെ ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങി. പേടിയോടെ ഞാൻ ഓടാൻ ശ്രമിച്ചതും, സൈക്കിളോടെ അപ്പുറത്തേക്ക് മറിഞ്ഞു വീണു. ഗേറ്റിന്റെ അടിയിലൂടെ ഞാൻ ആ കാലുകൾ കണ്ടു. കരിയിലകൾക്കു മുകളിലൂടെ ഒരു പെണ്ണിന്റെ കാലുകൾ മതിലിനടുത്തേക്കു വരുന്നു. കണ്ണുകൾ ഇറുക്കിയടച്ചു ഞാൻ കിടന്നു. പെട്ടെന്നാണ് ഒരു കൈ എന്റെ തോളിൽ വന്നു തട്ടിയത്. നോക്കുമ്പോൾ, അതൊരു സുന്ദരിയായ പെൺകുട്ടിയാണ്. അവളുടെ കയ്യിൽ ഞാൻ കൊണ്ട് വെച്ച കവർ ഉണ്ട്.

"ഇതെന്തൊരു പേടിയാ ചേട്ടാ ..??"

അവളുടെ സംസാരം കൊഞ്ചിക്കൊണ്ടുള്ളതായിരുന്നു.

"ഞാൻ പിന്നെ.. ഇവിടെ .. ആളില്ലാത്ത വീട്ടിൽ.. എന്റെ കവർ.."

വാക്കുകൾ കിട്ടാതെ ഞാൻ ബുദ്ധിമുട്ടുകയായിരുന്നു.

"ചേട്ടാ, ഞാൻ ആ തോട്ടത്തിനപ്പുറത്തെ വീട്ടിലുള്ളതാ - ശില്പ."
അവൾ അവിടേക്കു ചൂണ്ടിക്കാണിച്ചു.

"എന്റെ അച്ഛനാ അവിടെ സെന്ററിൽ പലചരക്കു കട നടത്തുന്നത്."

ഓഹ്.. ഗോപാലേട്ടന്റെ മകൾ. എന്നാലും ഇവളെന്തിനാ ഈ കവർ എടുക്കുന്നത്?? ഞാൻ മനസ്സിലോർത്തു.

അപ്പോളാണ് അവൾ പറഞ്ഞത്, ഇതുപോലെ കവറുകൾ കാണുമ്പോൾ അവൾ അവിടെ നിന്നു സ്ഥിരം എടുക്കാറുണ്ടെന്ന്. മിക്കപ്പോളും ഇംഗ്ലീഷ് അല്ലെങ്കിൽ മലയാളം കഥകൾ ആണ് വരുന്നത്. നല്ല ബുക്കിലെന്ന പോലെ വെള്ളപേപ്പറിൽ എഴുതി വെച്ചതാണെല്ലാം. അവൾ എല്ലാം സൂക്ഷിച്ചു വെച്ചിട്ടുണ്ട്.

"നാളെ ചേട്ടൻ വീട്ടിൽ വന്നാൽ, ഞാൻ എല്ലാം തരാം."

അവൾ അതും പറഞ്ഞു, കയ്യിലെ ചാമ്പക്ക കടിച്ചു കൊണ്ട് വീട്ടിലേക്കോടി.

ഞാൻ സൈക്കിളിൽ കയറി നേരെ മുന്നോട്ടു പോയി. ഇത് വരെ ഓർത്തതും, പിടിച്ചതുമായ മണ്ടത്തരങ്ങളെ ആലോചിച്ചു എനിക്ക് ചിരിവന്നു.

***********************
എന്റെ പിന്നിൽ കാളിയാർ വീടിന്റെ മുകളിലെ മുറിയിലെ ജനാലകൾ തുറന്നു...

ഒരു അവ്യക്ത രൂപം അവിടെ പുറത്തേക്കു നോക്കി നിൽക്കുന്നു...

ചിരിയോടെ ചവിട്ടി കൊണ്ട് പോകുന്ന എന്റെ സൈക്കിൾ അന്നേരം ലോക്കിലാണ്. ചെയിൻ പൊട്ടിത്തെറിച്ചു പോയിട്ടും, സൈക്കിൾ മുന്നോട്ടു തന്നെ പോയിക്കൊണ്ടിരുന്നു.... ചെമ്മണ്ണു നിറഞ്ഞ പാതയിൽ നിന്നു സൈക്കിൾ ആകാശത്തിലേക്കു കുതിച്ചു.. അവിടെ ആയിരം താരകങ്ങൾ എന്നെ നോക്കി കണ്ണ് ചിമ്മുന്നുണ്ടായിരുന്നു..❗️❗️

You might also like

Most Viewed