ബഹ്‌റൈനിൽ മെഡിക്കൽ ടെസ്റ്റിന് അപേക്ഷകന് പകരം സുഹൃത്തിനെ ഹാജരാക്കിയ പ്രവാസികള്‍ക്ക് ശിക്ഷ


മനാമ: ജോലിക്കായുള്ള മെഡിക്കല്‍ പരിശോധനയ്‍ക്ക് അപേക്ഷകന് പകരം സുഹൃത്തിനെ ഹാജരാക്കിയ സംഭവത്തില്‍ രണ്ട് പ്രവാസികള്‍ക്ക് ശിക്ഷ. ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതിയാണ് രണ്ട് ബംഗ്ലാദേശ് സ്വദേശികള്‍ക്ക് 12 മാസം വീതം ജയില്‍ ശിക്ഷ വിധിച്ചത്. ശിക്ഷ അനുഭവിച്ച ശേഷം ഇരുവരെയും നാടുകടത്തുകയും ചെയ്യും. 37 വയസുകാരനായ യുവാവാണ് സംഭവത്തില്‍ ആദ്യം പിടിയിലായത്. ഇയാളുടെ സുഹൃത്ത് ജുഫൈറിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ആദ്യം രക്തപരിശോധന നടത്തിയിരുന്നു. എന്നാല്‍ ഇതില്‍ കരള്‍ സംബന്ധമായ ചില അസുഖങ്ങളുണ്ടെന്ന് കണ്ടെത്തിയതിനാല്‍ ആശുപത്രി അധികൃതര്‍ രണ്ടാമതൊരു പരിശോധന കൂടി നടത്താനായി ഇയാളെ വിളിച്ചുവരുത്തുകയായിരുന്നു. എന്നാല്‍ ഈ സമയത്ത് അപേക്ഷകന് പകരം സുഹൃത്താണ് ആശുപത്രിയിലെത്തിയത്. ആള്‍മാറാട്ടം നടത്തി ഇയാള്‍ പരിശോധനയ്‍ക്കായി രക്തം നല്‍കുകയും ചെയ്‍തു. പരിശോധനാ റിപ്പോര്‍ട്ട പുറത്തുവന്നപ്പോള്‍ കരള്‍ സംബന്ധമായ യാതൊരു അസുഖങ്ങളും ഉണ്ടായിരുന്നതിന്റെ ലക്ഷണം ആ പരിശോധനാഫലത്തില്‍ ഇല്ലായിരുന്നു. ഇതില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലായത്. തന്റെ സുഹൃത്തിന് ജോലി ലഭിക്കാന്‍ സഹായിക്കുക മാത്രമാണ് ചെയ്‍തതെന്ന് പ്രതി വാദിച്ചു. സുഹൃത്തിന് ഒരു ഉപകാരം ചെയ്‍തെന്നല്ലാതെ മറ്റൊരു ഉപദ്രവവും താന്‍ ഉദ്ദേശിച്ചില്ലെന്നും കോടതിയില്‍ വാദിച്ചു. എന്നാല്‍ കോടതി രണ്ട് പേര്‍ക്ക് 12 മാസം വീതം ജയില്‍ ശിക്ഷ വിധിക്കുകയായിരുന്നു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed