വാക്കുകൾക്കപ്പുറം


വി.ആർ സത്യദേവ് 

സാമൂഹ്യ നിരീക്ഷകൻ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധികളിൽ ഒന്ന് പരാമർ‍ശിച്ച കാര്യങ്ങളുടെ പുനരാവർ‍ത്തനമാണ്. അഴിമതിക്കും അക്രമങ്ങൾക്കും സമൂഹത്തിലെ പലവിധ പുഴുക്കുത്തുകൾക്കുമെതിരെ സദാ ജാഗ്രത പുലർത്തുകയും അവയ്ക്കെതിരെ നിരന്തരം  ശബ്ദമുയർ‍ത്തുകയും ചെയ്യാൻ അവൻ പ്രതിബദ്ധനാണ്.  ഓരോ അഴിമതികളും നീതികേടും ഉണ്ടാവുന്പോൾ ആ പ്രതിബദ്ധതമൂലം അവന്റെ ശബ്ദമുയരുന്നു. അത്തരം മോശം സംഭവങ്ങളുണ്ടാകുന്ന കാലയളവിന്റെ ഇടവേള കുറയുന്പോൾ ആ പ്രതിഷേധ സ്വരം നിലക്കാതെയാകുന്നു. ആ ജാഗ്രത സമൂഹത്തിന്റെ സുഗമമായ പോക്കിന് അനിവാര്യമാണ്. എന്നാൽ എന്നും ഒരേ രീതിയിൽ തന്നെ പ്രതികരിച്ചാൽ കാലക്രമത്തിൽ അത് വനരോദനം മാത്രമാവും.

ഇവിടെയാണ്‌ സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ ശ്രദ്ധേയമാകുന്നത്. പ്രതികരിക്കാൻ വേദി ലഭിക്കാതിരുന്നവരും പരസ്യ പ്രതികരണത്തിനു മടി കാട്ടിയിരുന്നവരുമൊക്കെ സരസമായ പ്രതികരണങ്ങളുമായി അവിടെ കളം നിറഞ്ഞാടുന്നു. പ്രതീക്ഷിക്കാത്ത തലങ്ങളിലേക്കാണ് അവരിൽ‍ പലരുടെയും ചിന്തയും ഭാവനയും നമ്മെ കൊണ്ടെത്തിക്കുന്നത്. മാധ്യമ സഹായം പരമാവധി ഉപയോഗിച്ച അരവിന്ദ് കേജരിവാളിനെ പോലെയുള്ള ഭരണാധികാരികൾ പോലും മാധ്യമമാരണ സമീപനം കൈക്കൊള്ളുന്പോൾ സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ മുന്നോട്ടു വെയ്ക്കുന്നത് വലിയ സാദ്ധ്യത തന്നെയാണ്.

ആയിരം വാക്കുകളേക്കാൾ ശക്തമാണ് ഒരു ചിത്രം. ഒരുപാട് ചിത്രങ്ങളും ചുരുക്കം ചില വാക്കുകളും ചേരുന്പോൾ അത് സാമൂഹത്തിലെ പുഴുക്കുത്തുകൾക്കെതിരെയുള്ള ചാട്ടുളികളാകുന്നു.മദ്യലഹരിയിൽ വാഹനം ഓടിച്ചു കയറ്റി സൽ‍മാൻ ഖാൻ അരും കൊല നടത്തിയെന്നത് തെളിയിക്കപ്പെട്ട സത്യമാണ്. നീതിപീഠം അയാളെ തടവ്‌ ശിക്ഷയിൽ നിന്നും രക്ഷിച്ചു നിർ‍ത്തുന്നു എന്നതും സത്യം തന്നെ. തമിഴകത്ത് അമ്മ നടത്തിയ തീവെട്ടിക്കൊള്ളകളൊന്നും രഹസ്യമല്ല. ഒറ്റവരി വിധിയിലൂടെ അമ്മാവെ കോടതി കുറ്റ വിമുക്തയാക്കിയെന്നതും സത്യം തന്നെ. കോടിക്കോഴയും സത്യം തന്നെയെന്ന് ഭൂമിമലയാളത്തിലെ ഭൂരിപക്ഷവും ധരിച്ചിരിക്കുന്നു. അതിനു പിന്നിലുള്ള വ്യക്തികളെ സംരക്ഷിക്കാൻ ഭരണകൂട നാടകങ്ങൾ തുടരുകയാണെന്ന കാര്യത്തിലും രണ്ടഭിപ്രായമില്ല. പ്രതികരിച്ചതുകൊണ്ട് കാര്യമായ പ്രയോജനമുണ്ടാവില്ല. എന്നാൽ പ്രതികരിക്കാതിരുന്നാൽ അത് ശരിയാവുകയുമില്ല. 

ചിരി ചിന്തക്കു വഴി വെയ്ക്കട്ടെ...

You might also like

  • Lulu Exchange
  • Straight Forward

Most Viewed