കൊലപാതകങ്ങളുടെ പശ്ചിമേഷ്യൻ രാഷ്ട്രീയം


കൊല്ലുക അല്ലെങ്കിൽ കൊല്ലപ്പെടുക. ഇത് കാട്ടുനീതിയാണ്. ഈ കാട്ടുനീതിയാണ് പശ്ചിമേഷ്യയിൽ പല രാജ്യങ്ങളിലും നടപ്പാക്കപ്പെടുന്നത് എന്ന് പറയാതെ വയ്യ. ഇറാഖിലും സിറിയയിലും അത് അതിന്റെ പരകോടിയിലാണ്. നിരപരാധികളായ സാധാരണക്കാരും ഭരണനായകന്മാരും അവിടെ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു. അവരുടെ പട്ടിക നീളുകയാണ്. ആ പട്ടികകളിൽ വ്യക്തതയില്ല എങ്കിലും ഒരുപാടു പേർ അവിടങ്ങളിൽ ആയുസ്സെത്താതെ മരണത്തിന്റെ വാതിൽ കടന്നു മറയുന്നുണ്ട് എന്നുറപ്പ്.

ഈ പട്ടികയിൽ ഇന്നലെ എഴുതി ചേർ‍ക്കപ്പെട്ട വലിയ പേരാണ് അബു സയ്യാഫ് എന്നത്. വഹിച്ചിരുന്ന പദവി കൊണ്ടാണ് ആ പേര് വലുതാവുന്നത്. ഐ.എസ് അഥവാ ഇസ്ലാമിക് േസ്റ്ററ്റിന്റെ നേതാക്കളിൽ പ്രമുഖനായിരുന്നു അബു സയ്യാഫ്. ഇറാഖിലും സിറിയയിലും ദയാശൂന്യമായ ഖലീഫ സാമ്രാജ്യ സ്ഥാപനത്തതിനായി സാന്പത്തിക ശേഖരണം നടത്തിയിരുന്നത് ഇയാളായിരുന്നു എന്നാണ് അമേരിക്കൻ പ്രതിരോധ വൃത്തങ്ങൾ അവകാശപ്പെടുന്നത്. ഇറാഖിലും സിറിയയിലുമായി ഐ.എസ് തീവ്രവാദികൾ പിടിച്ചെടുത്ത എണ്ണപ്പാടങ്ങളിൽ നിന്നുള്ള എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും വിപണന ചുമതല പൂർ‍ണ്ണമായും അബു സയ്യാഫായിരുന്നു കൈകാര്യം ചെയ്തിരുന്നത്. ഇതിനായുള്ള ഇടപപാടുകളെല്ലാം ഇയാളുടെ ചുമതലയായിരുന്നു. ഇതിനൊപ്പം മറ്റു പല മാർഗ്ഗങ്ങളിലും കൂടി ധനസമാഹരണം നടത്തുന്നതിൽ വിദഗ്ദ്ധനായിരുന്നത്രേ അബു സയ്യാഫ്. 

അമേരിക്കൻ പ്രസിഡണ്ട് ബറാക് ഒബാമയുടെ ഉത്തരവനുസരിച്ച് ഇന്നലെ നടന്ന സൈനിക നടപടിയിലൂടെയാണ് അയാളെ വധിച്ചതെന്ന് പെന്റഗൺ സ്ഥിരീകരിച്ചിട്ടുണ്ട്. ദേശീയ സുരക്ഷാ സമിതിയുടെ ഏകകണ്ഠമായ ശുപാർശ പ്രകാരമായിരുന്നു പ്രസിഡണ്ട് ഒബാമയുടെ ഉത്തരവ്. അമേരിക്കാൻ പ്രതിരോധ സെക്രട്ടറി ആഷ് കാർട്ടറാണ് ഇക്കാര്യങ്ങൾ സംബന്ധിച്ച സ്ഥിരീകരണം നൽകിയത്. 

സിറിയൻ അതിർത്തിയിലെ അൽ ഒമാറിലായിരുന്നു സൈനിക നടപടി. അമേരിക്കൻ കര സേനയുടെ ഡെൽറ്റാ ഫോഴ്സ് എന്ന സംഘമായിരുന്നു സൈനിക നടപടി വിജയകരമായി പൂർത്തീകരിച്ചത്. ആകെ 100 പേരടങ്ങുന്ന സംഘത്തിലെ രണ്ടു ഡസൻ കമാണ്ടോകളാണ് അവസാന നടപടിയിൽ പങ്കെടുത്തത്. അബു സയ്യാഫിനെ ജീവനോടെ പിടികൂടാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ ശക്തമായ ചെറുത്തു നിൽപ്പ് നടത്തിയ ഐ.എസ് സംഘത്തെ ഉന്മൂലനം ചെയ്യാതെ നിവൃത്തിയില്ലെന്ന് വന്നതോടെ ഡെൽറ്റാ ഫോഴ്സ് സംഘം ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. അബു സയ്യാഫിനോപ്പം മറ്റു പന്ത്രണ്ട് ഐ.എസ് തീവ്രവാദികൾക്ക്‌ കൂടി നടപടിയിൽ ജീവൻ നഷ്ടമായി. 

അബു സയ്യാഫിനെ പിടികൂടാനായില്ലെങ്കിലും വിലപ്പെട്ട ഒട്ടേറെ രേഖകള പിടിച്ചെടുക്കാൻ സൈനിക നടപടി കൊണ്ട് കഴിഞ്ഞു എന്ന് അമേരിക്കൻ വൃത്തങ്ങൾ അവകാശപ്പെട്ടു. ഐ.എസിന്റെ സാന്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഐ.എസിന്റെ വേരറുക്കാൻ യജ്ഞം തുടരുന്ന അമേരിക്കയിക്ക് ഏറെ വിലപ്പെട്ടത്‌ തന്നെയാവും ഈ രേഖകൾ എന്ന് കരുതുന്നു. ഇതിനൊപ്പം ഐ.എസിന്റെ ബന്ധിയാക്കലുകളെ സംബന്ധിച്ചും ഏറെ അറിവുള്ള വ്യക്തിയായിരുന്നു അബു സയ്യാഫ്. ഇതിനെക്കുറിച്ചുള്ള നിർ‍ണ്ണായക വിവരങ്ങളും പിടിച്ചെടുത്ത രേഖകളിൽ ഉണ്ടാകും എന്നാണു പ്രതീക്ഷ. 

ഐ.എസുമായി ബന്ധപ്പെട്ട അധികം പറഞ്ഞു കേൾക്കാത്ത പേരായിരുന്നു അബു സയ്യാഫിന്റേത്. സുരക്ഷാ കാരണങ്ങളാൽ പൊതുവേദികളിലും മാധ്യമങ്ങളിലും പ്രത്യക്ഷപ്പെടാൻ ഇഷ്ടപ്പെടാത്ത പുതുതലമുറ നേതാക്കളിൽ ഒരാൾ. അധികം ശ്രദ്ധയിൽ പെട്ടിട്ടില്ലെങ്കിലും ഐ.എസിന്റെ സി.എഫ്.ഒ (Chief financial officer) ആയിരുന്നു അയാൾ എന്നാണു സേനാ ഭാഷ്യം. അബു അൽ ഇറാഖി, അബ്ദ് അൽ ഗനി എന്നീ പേരുകളിലും അറിയപ്പെട്ടിരുന്ന അബു സയ്യാഫ് യഥാർത്ഥത്തിൽ ടുനീസിയൻ പൗരനായിരുന്നു എന്നാണു വിവരം. കഴിഞ്ഞ വർ‍ഷം ഏപ്രിലിൽ ഐ.എസ് നിയന്ത്രണത്തിലാക്കിയ എണ്ണ, പ്രകൃതി വാതക പാടങ്ങളുടെയൊക്കെ ചുമതല ഇയാൾക്കായിരുന്നു. ഡയർ എസ്സറിലെ എട്ട് എണ്ണപ്പാടങ്ങളും ഇതിൽ ഉൾപ്പെടുന്നു. സിറിയയിലെ ഏറ്റവും വലിയ എണ്ണപ്പാടമായ അൽ ഒമാലും ഇതിൽ ഉൾപ്പെടുന്നു. 

അബു സയ്യാഫിന്റെ ഭാര്യയേയും സൈന്യം പിടികൂടിയിട്ടുണ്ട്. ഇവരെ ഇറാഖിൽ നിന്നും മറ്റൊരു നടപടിയിലൂടെയായിരുന്നു പിടികൂടിയതെന്ന് സേനാവൃത്തങ്ങൾ വ്യക്തമാക്കുന്നു. അബു സയ്യാഫിനെ പോലെ തന്നെ ഐ.എസിന്റെ ബന്ധിയാക്കൽ നടപടികളെ കുറിച്ച് ഭാര്യ ഉം സയ്യാഫിനും (UMM Sayyaf) വ്യക്തമായ അറിവുണ്ടെന്നാണ് കരുതപ്പെടുന്നത്. നിരവധി ബന്ധിയാക്കൽ നടപടികളിൽ ഇവർ നേരിട്ട് പങ്കെടുത്തിരുന്നു എന്ന് വ്യക്തമായിട്ടുണ്ട്. ഇവരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഈ ദന്പതികൾക്കെതിരെയുള്ള സൈനിക നടപടിയുടെ വിജയം സഖ്യസേനാ പക്ഷത്തിന് ഏറെ ഗുണം ചെയ്യുമെന്നു തന്നെയാണ് അമേരിക്കയുടെ വിശ്വാസം. 

എന്നാലിതിനെതിരെ വിമർ‍ശനങ്ങളും വന്നു കഴിഞ്ഞു. താരതമ്യേന അറിയപ്പെടാത്ത വ്യക്തിയായ സയ്യാഫിന്റെ കൊലപാതകം കേവലം ആകസ്മികം മാത്രമാകാനാണ് സാധ്യതയെന്നു ഐ.എസ് കാര്യ വിദഗ്ദ്ധനായ മൈക്കേൽ വെയിസ് വിലയിരുത്തുന്നു. മറ്റേതോ ഉന്നതനെന്നു കരുതിയായിരുന്നു അമേരിക്കയുടെ നടപടി. ഒടുവിൽ സാഹചര്യങ്ങളുടെ സമ്മർ‍ദ്ദപ്രകാരം അബു സയ്യാഫിനെ ഉന്മൂലനം ചെയ്യുകയായിരുന്നു. ഐ.എസിന്റെ സാന്പത്തിക ശക്തിയിൽ എണ്ണ, പ്രകൃതി വാതക പാടങ്ങൾക്ക് കാര്യമായ പങ്കില്ല എന്നാണു വെയിസ് വിലയിരുത്തുന്നത്. അതിൽ കഴന്പില്ലാതില്ല. 

എന്നാൽ അബുവിന്റെ മരണം കൂടി പരിഗണിക്കുന്പോൾ ഐ.എസ്സിനിത് കാലം അത്ര നന്നല്ല എന്ന് തന്നെ വിലയിരുത്തേണ്ടി വരും. ഒരാഴ്ചക്കിടെ സംഘടനാ തലപ്പത്ത് ഒന്നിലധികം കരുത്തന്മാരെ ഐ.എസിനു നഷ്ടപ്പെട്ടു കഴിഞ്ഞു.

കഴിഞ്ഞതിനു തൊട്ടുമുന്പുള്ള ആഴ്ച ലോകജാലകത്തിൽ നമ്മൾ പരാമർശിച്ചത് ഐ.എസിന്റെ നേതൃസ്ഥാനത്തെ ആൾമാറ്റത്തെ കുറിച്ചായിരുന്നു. ഐ.എസിന്റെ സ്വയം പ്രഖ്യാപിത ഖലീഫ അബുബക്കർ അൽ ബാഗ്ദാദിയുടെ തുടർച്ചക്കാരനായി അബു ആൽ അഫ്രിയായിരുന്നു കടന്നു വന്നത്. ഭൗതിക ശാസ്ത്രാദ്ധ്യാപകനായിരുന്ന അഫ്രിയുടെ മരണ വാർ‍ത്തയും ഒരാഴ്ച്ചക്കിപ്പുറം നമ്മളറിഞ്ഞു. ഇപ്പോൾ കൊല്ലപ്പെട്ട അബു സയ്യാഫിനെ പോലെയല്ലെങ്കിലും താരതമ്യേന അപ്രശസ്തൻ തന്നെയായിരുന്നു അൽ അഫ്രി. ഐ.എസിന്റെ പൂർവ്വ സംഘടനയായ അൽ അൽ‍ഖ്വയ്ദയുടെ സ്ഥാപകൻ ഒസാമ ബിൻ ലാദനെ പോലെ നീണ്ട താടിക്കാരനായിരുന്നു അൽ അഫ്രിയും. 

അയാളെക്കുറിച്ചുള്ള കൂടുതൽ കഥകൾ പുറത്ത് വന്നുകൊണ്ടിരിക്കെ തന്നെ സേന അയാളെയും ഇല്ലാതാക്കിയിരിക്കുന്നു. അബുബക്കർ അൽ ബാഗ്ദാദിക്കും മുന്നേ ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ഇറാഖിലെ മൊസൂളിൽ പിറന്ന അൽ അഫ്രി. ബിൻ ലാദന്റെ ഇഷ്ടക്കാരനുമായിരുന്നത്രേ താടിക്കാരനായ ഇയാൾ. 2004ൽ അൽ അൽ‍ഖ്വയ്ദയുടെ സജീവ പ്രവർത്തകനായി. 2006ൽ അന്നത്തെ ഇറാഖി അൽ അൽ‍ഖ്വയ്ദ നായകൻ അബു മുസാബ് അൽ സർ‍ഖാവിയുടെ നിർ‍ദ്ദേശപ്രകാരം പാകിസ്ഥാനിലും ഇയാൾ പ്രവർത്തിച്ചിരുന്നു. അബുബക്കർ അൽ ബാഗ്ദാദിയുടെ മുൻഗാമി അബു ഒമർ അൽ ബാഗ്ദാദിയുടെ പിൻ‍ഗാമിയായി 2010ൽ ബിൻ ലാദൻ നിർദ്ദേശിച്ചത് അൽ അഫ്രിയെ ആയിരുന്നു.

പ്രവാചകന്റെ നേരിട്ടുള്ള പിൻതലമുറക്കാരൻ അല്ല എന്നതായിരുന്നു ഐ.എസിന്റെയും ഖലീഫ സാമ്രാജ്യത്തിന്റെയും നായക സ്ഥാനത്തേക്കുള്ള അൽ അഫ്രിയുടെ കടന്നു വരവിനു തടസ്സം. എന്നാൽ കഴിഞ്ഞ മാർച്ചിൽ സഖ്യ സേനാ ആക്രമണത്തിൽ ബാഗ്ദാദിക്ക് ഗുരുതരമായി പരിക്കേറ്റതോടെ അതിനുള്ള സാധ്യത തെളിയുകയായിരുന്നു. ഇതിന്റെ ആദ്യ പടിയായി ആയിരുന്നു. കഴിഞ്ഞ ജൂലൈയിൽ അബുബക്കർ അൽ ബാഗ്ദാദി ഖലീഫയായി സ്വയം പ്രഖ്യാപിച്ച അൽ സാംഗി പള്ളിയിൽ അടുത്തിടെ അൽ അഫ്രി ശുശ്രൂഷ നടത്തിയിരുന്നു. ഇത് ഖലീഫ സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ കടന്നു വരവിനുള്ള സൂചനയായി വിലയിരുത്തപ്പെട്ടിരുന്നു. അബുബക്കർ അൽ ബാഗ്ദാദി മരിച്ചെന്നും ശയ്യാവലംബിയാണ് എന്നുമൊക്കെയുള്ള റിപ്പോർട്ടുകൾ അതിനു ഉപോദ്ബലകങ്ങളുമായി. പ്രസ്ഥാനത്തിന്റെ പരമോന്നത നേതൃസ്ഥാനത്ത് നിന്നും തന്നെ അകറ്റി നിർത്തിയ കാരണം ഇല്ലാതാക്കാനും അൽ അഫ്രി നീക്കമാരംഭിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനായി കുടുംബ ചരിത്രം പൊളിച്ചെഴുതാനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നതിനിടെ ഈ മുൻഭൗതിക ശാസ്ത്ര അദ്ധ്യാപകന്റെ ഭൗതിക ജീവിതം അവസാനിക്കുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ആക്രമണത്തിലായിരുന്നു അൽ അഫ്രി കൊല്ലപ്പെട്ടത്. സംഘടനയിലെ രണ്ടാം സ്ഥാനക്കാരനായ അഫ്രിക്കൊപ്പം ഉന്നത സുരക്ഷാ ചുമതലയുള്ള പ്രമുഖൻ അക്രം ഖിർ‍ബാഷും അന്നത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 

ഇതിനിടെ ബാഗ്ദാദി മരിച്ചിട്ടില്ല എന്നതിന്റെ സൂചനകളും വന്നുതുടങ്ങി. സിറിയൻ അതിർത്തിയിലെ നിനെവ ഗവർണറേറ്റിൽ വെച്ച് കഴിഞ്ഞ മാര്‍ച്ച് 18നായിരുന്നു ബാഗ്ദാദിക്ക് ഗുരുതരമായി പരിക്കേറ്റത്. ആക്രമണത്തിൽ ബാഗ്ദാദിയുടെ നട്ടെല്ലിനു ഗുരുതരമായി പരിക്കേറ്റു എന്നും അയാൾ മരിച്ചു എന്ന് തന്നെയും വാർത്തകൾ പുറത്ത് വന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ബാഗ്ദാദിയുടേത് എന്ന അവകാശവാദവുമായി ഐ.എസ് പുതിയ ശബ്ദരേഖ പുറത്ത് വിട്ടത്. പരിക്കേറ്റ കാര്യം സ്ഥിരീകരിക്കുന്ന ശബ്ദരേഖയിൽ ആക്രമണത്തിനു സഖ്യസേനയോട് പ്രതികാരം ചെയ്യാൻ ബാഗ്ദാദി ആഹ്വാനം ചെയ്യുന്നു. ശാന്തിയുടെയും സമാധാനത്തിന്റേതുമല്ല പോരാട്ടത്തിന്റെ മതമാണ്‌ ഇസ്ലാം എന്നാണു ശബ്ദ രേഖ അവകാശപ്പെടുന്നത്. ഇത് ബാഗ്ദാദിയുടെ ശബ്ദം തന്നെയാണോ എന്ന കാര്യത്തിൽ സ്ഥിരീകരണം ആയിട്ടില്ല. 

ഇറാഖിലും സിറിയയിലും കൂട്ടക്കുരുതിയുടെയും ചോരക്കളിയുടെയും വൈകൃത രാഷ്ട്രീയം തുടരുന്പോൾ അകലെയല്ലാത്ത ഈജിപ്തിൽ വധശിക്ഷയുടെ രാഷ്ട്രീയമാണ് അരങ്ങു കൊഴുപ്പിക്കുന്നത്. ജനകീയ വിപ്ലവത്തിലൂടെ ഈജിപ്ത് നായകൻ ഹോസ്നി മുബാറക്കിനെ പുറത്താക്കി ഭരണത്തിലെത്തിയ മൊഹമ്മദ്‌ മൊഴ്സിക്കും 200 അനുയായികൾക്കുമാണ് ഈജിപ്ഷ്യൻ കോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്. മൊഴ്സിയെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്ത സൈനിക മേധാവി പ്രസിഡണ്ട് സിസിയുടെ ഭരണകൂടം മൊഴ്സിയുടെ വധ ശിക്ഷ നടപ്പാക്കുമോയെന്നു ലോകം ഉറ്റു നോക്കുകയാണ്. വൈകാതെ അക്കാര്യത്തിൽ തീരുമാനമുണ്ടാകും. എങ്കിലും പശ്ചിമേഷ്യയിലെ ഈ ചോരക്കളിക്ക് ഉടനെങ്ങും അവസാനമാകില്ല എന്നുറപ്പ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed