രാമരാജ്യവും ബാബുരാജ്യവും
രാഷ്ട്ര ഭരണം സംബന്ധിച്ച് ഗാന്ധിജി മുന്നോട്ടു വെച്ച ഉദാത്ത മാതൃകയായിരുന്നു രാമരാജ്യ സങ്കൽപ്പം. ഏതെങ്കിലുമൊരു മതവുമായി മാത്രം ചേർത്തു വായിക്കാതിരുന്നാൽ രാമനെന്ന രാജാവ് മാതൃകാ ഭരണാധികാരി തന്നെയായിരുന്നു. വ്യക്തിതാൽപ്പര്യങ്ങൾക്കും സ്വാർത്ഥതക്കുമപ്പുറം രാഷ്ട്രസങ്കൽപ്പത്തിനും രാജ്യതാൽപ്പര്യത്തിനും പൗരഹിതത്തിനും ഊന്നൽ നൽകി സത്യത്തിലും ധർമ്മത്തിലും അധിഷ്ടിതമായി ഭരണം നടത്തിയ അയോദ്ധ്യാധിപൻ. ഭരണാധികാരി പരമാധികാരി തന്നെയായിരുന്നിട്ടും നിയമങ്ങൾക്കും പണ്ധിതർക്കും മൂല്യങ്ങൾക്കും രാമരാജ്യത്ത് പരമ പ്രാധാന്യമുണ്ടായിരുന്നു. അതുകൊണ്ടാണ് രാവണനെ പോരിൽ കൊന്നു വീണ്ടെടുത്ത പ്രാണപ്രേയസിയെ പോലും സംശയാതീതയാക്കാൻ രാമൻ അഗ്നിശുദ്ധി വരുത്തിയത്. അതിനുമപ്പുറം പൊതുസമൂഹം സീതയിൽ സംശയം പ്രകടിപ്പിച്ചപ്പോൾ സ്വന്തം ഹൃദയം പറിച്ചെറിയുന്പോലെ അവളെ എന്നേയ്ക്കുമായി വാത്മീകിയുടെ ആശ്രമത്തിൽ ഉപേക്ഷിച്ചത്. രാജ്യഭാരം സ്വന്തം സുഖ ഭോഗ സമൃദ്ധിക്കുള്ള ഉപാധിയായിരുന്നില്ല രാമന്. അത് ജന്മ നിയോഗമായിരുന്നു. അവിടെ മുന്പ് പറഞ്ഞത് പോലെ സ്വാർത്ഥം പടിക്ക് പുറത്തായിരുന്നു. ഉദാത്തമായ രാഷ്ട്ര സങ്കൽപ്പത്തിൽ ആ നിസ്വാർത്ഥതയും കളങ്ക രാഹിത്യവുമൊക്കെയാണ് ഒരു ഭരണാധിപന് ഭൂഷണം.
ദൗർഭാഗ്യവശാൽ അത്തരം രാഷ്ട്രീയക്കാരുടെ വംശം കുറ്റിയറ്റു പോയിരിക്കുന്നു. അഴിമതി നമ്മുടെ ഭാരണാധിപന്മാർക്ക് അലങ്കാരമായിരിക്കുന്നു. അഗ്നിശുദ്ധി അരോചകമായിരിക്കുന്നു. സ്വതന്ത്ര ഇന്ത്യയിൽ ജനാധിപത്യ സർക്കാർ അധികാരമേറ്റിട്ടും വളരെക്കാലത്തോളം രാമരാജ്യത്തിലേതിനെ ഓർമ്മിപ്പിക്കുന്ന തരത്തിൽ ധാർമ്മികത നില നിന്നിരുന്നു. മഹാനായ മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രി തൊട്ടിങ്ങോട്ട് ഒരുപാടു പേര്‍ അതിനു മാതൃകകളായിട്ടുണ്ട്. 1956ൽ ഒരു റെയിൽവേ അപകടത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ആദ്യ രാജി സമർപ്പണം. പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ആ രാജി സ്വീകരിച്ചില്ലെങ്കിലും മൂന്നു മാസത്തിനു ശേഷം മറ്റൊരു അപകടത്തിന്റെ പേരിൽ ശാസ്ത്രിജി പദവിയൊഴിഞ്ഞു. ഈ മാതൃക പിന്തുടർന്ന ഒരുപാട് പേരുണ്ട്. സ്വന്തം ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റാൻ കഴിയാത്തൊരാൾ ആ സ്ഥാനത്തിരിക്കുന്നത് ധാർമ്മികതക്ക് നിരക്കുന്നതല്ല എന്ന വിശ്വാസമായിരുന്നു അതിനു കാരണം.
സ്വന്തം വ്യക്തിത്വത്തിനും സത്തക്കുമെതിരെ ചോദ്യങ്ങൾ ഉയരുന്പോഴും പണ്ടൊക്കെ ഭരണാധികാരികൾ തങ്ങളുടെ പദവികൾ ഉപേക്ഷിക്കുന്ന പതിവുണ്ടായിരുന്നു. 1964 ഫെബ്രുവരി 20 ന് സംസ്ഥാന മന്ത്രിസ്ഥാനം രാജിവെച്ച് സ്വന്തം രാഷ്ട്രീയ ജീവിതം പോലും അവസാനിപ്പിക്കുന്പോൾ കേരളം കണ്ട ഏറ്റവും തലയെടുപ്പുള്ള രാഷ്ട്രീയ നേതാക്കളിൽ ഒരാളായ പി.ടി ചാക്കോയ്ക്ക് 49 വയസു മാത്രമാണ് ഉണ്ടായിരുന്നത്. അദ്ദേഹത്തിനെതിരെ ഉയർന്നതാകട്ടെ തികച്ചും ബാലിശമായ, ഒരിക്കലും വസ്തു നിഷ്ഠമായി തെളിയിക്കപ്പെട്ടിട്ടില്ലാത്ത ആരോപണങ്ങളും. നിക്ഷിപ്ത താൽപ്പര്യക്കാർ കെട്ടിച്ചമച്ച ചാരക്കേസിന്റെ പേരിൽ ലീഡർ കെ. കരുണാകരനും രാജി വെച്ചൊഴിയേണ്ടി വന്നു. അവരൊക്കെ അന്നൊക്കെ രാജിയുടെ വഴി തേടിയത് ധാർമ്മികത എന്ന ഒരൊറ്റ മൂല്യത്തിന്റെ പേരിലായിരുന്നു. അവരിൽ ചിലരെങ്കിലും അന്വേഷണങ്ങളുടെ അഗ്നിശുദ്ധിയിലൂടെ പൂർവ്വ ശോഭ തിരികെ സ്വന്തമാക്കി. പക്ഷെ കാലം കഴിഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ ആ അഗ്നിശുദ്ധിയുടെ സ്ഥാനം പടിക്ക് പുറത്തായിരിക്കുന്നു. അഴിമതിയുടെ ചെളി പുരണ്ട രാഷ്ട്രീയ ഭിക്ഷാം ദേഹികൾ തങ്ങൾക്കെതിരായ അന്വേഷണങ്ങളെയെല്ലാം ഭാരണസ്വാധീനമുപയോഗിച്ചു വഴിതിരിച്ചു വിടുന്നത് പതിവാക്കിയിരിക്കുന്നു. തങ്ങളുടെ സ്ഥാനങ്ങൾ നിലനിർത്താൻ നട്ടാൽ കുരുക്കാത്ത നുണകൾ പറയാൻ ഭരണ നായകന്മാർക്കു മടിയില്ലാതായിരിക്കുന്നു. അങ്ങനെ പറഞ്ഞ നുണകളുടെ സാധുതയും വാസ്തവവും പരിശോധിക്കാനുള്ള നുണ പരിശോധനകളിൽ പങ്കെടുത്ത് അഗ്നിശുദ്ധി വരുത്താൻ തങ്ങൾക്കു സൗകര്യമില്ലെന്നു പരസ്യമായി പറയാൻ അവർക്കു മടിയില്ലാതായിരിക്കുന്നു. ബാർ കോഴക്കേസിൽ നുണ പരിശോധനക്ക് ഹാജരാകാനാവില്ലെന്ന മന്ത്രി കെ.ബാബുവിന്റെ നിലപാട് സത്യം ഒരു രീതിയിലും വെളിയിൽ വരരുത് എന്ന ഈ നിർബ്ബന്ധ ബുദ്ധിയാണ് വ്യക്തമാക്കുന്നത്. ഭരണാധികാരികൾ അഴിമതിയുടെ വിളനിലങ്ങളായിരിക്കുന്നു. സൽമാൻഖാനെപ്പോലുള്ളവരോട് ജുഡീഷ്യറി പോലും സലാം പറഞ്ഞ് ഒാച്ഛാനിച്ചു നിൽക്കുന്നു. ഇവിടെയാണ് രൂപേഷ്മാരും ഷൈനമാരും പ്രതിഷേധത്തിന്റെ സ്വരങ്ങളായി പിറവി കൊള്ളുന്നത്.
പക്ഷെ പിറവികൊണ്ട നാടുകൾ പോലും പുറന്തള്ളിയ, അപ്രായോഗികമെന്നു പലവട്ടം തെളിഞ്ഞ ആ തത്വശാസ്ത്രങ്ങൾക്ക് പിന്നാലെ പോകുന്നതും രാഷ്ട്ര സങ്കൽപ്പങ്ങൾക്ക് തുരങ്കം വെയ്ക്കുന്നതും ഒരിക്കലും അംഗീകരിക്കാനാവില്ല. ജനാധിപത്യപരമായിതന്നെ വിവേകത്തോടെ നമ്മുടെ ഭരണാധികാരികളെ തിരഞ്ഞെടുക്കുകയാണ് നമ്മൾ ചെയ്യേണ്ടത്. രാമരാജ്യങ്ങൾ ഉണ്ടായില്ലെങ്കിലും സത്യത്തോട് മുഖം തിരിഞ്ഞു നിൽക്കുന്ന ബാബുരാജ്യങ്ങൾ ഉണ്ടാകാതിരിക്കാൻ നമ്മൾ കരുതൽ കാട്ടിയേ മതിയാവൂ.