നാണക്കേടിന്‍റെ പരീക്ഷണങ്ങൾ


ബീഹാറിൽ കഴിഞ്ഞ മാർച്ചിൽ നടന്ന സ്കൂൾ എക്സാമിനേഷൻ ബോർഡ് പരീക്ഷയോടനുബന്ധിച്ച് പുറത്ത് വന്ന നാണക്കേടിന്റെ ചിത്രം മനസ്സിൽ നിന്നും ഇതുവരെ മാഞ്ഞിട്ടില്ല.  പാതിനാല് ലക്ഷം കുട്ടികൾ സ്കൂൾ കടന്പ താണ്ടാനെഴുതിയ പരീക്ഷയിൽ കോപ്പിയടിയായിരുന്നു താരം. മൂന്നും നാലും നിലകളുള്ള കെട്ടിടങ്ങളിൽ പോലും പരീക്ഷ എളുപ്പമാക്കുന്നതിനുള്ള ഉത്തരക്കടലാസുകളുമായി വിദ്യാർ‍ത്ഥികളുടെ സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ അതിസാഹസികമായാണ് കടന്നെത്തിയത്. അധികൃതരാവട്ടെ അതിനോട് മൃദു സമീപനമാണ് കൈക്കൊണ്ടത്. അങ്ങനെ കോപ്പിയടി പ്രകൃയയിൽ‍ പങ്കാളികളാകുന്നവരെ വെടിവച്ചു കൊല്ലാനാവുമോ എന്ന് വിദ്യാഭ്യാസ മന്ത്രി പ്രശാന്ത് കുമാർ സാഹി ചോദിച്ചപ്പോൾ ശശിയായത് ചോദിച്ച പത്രക്കാർ. സംഭവം വിവാദമായപ്പോൾ ആയിരങ്ങളെ പോലീസ് അറസ്റ്റു ചെയ്തു. ബീഹാറിലെ ഒരു കണ്ടീഷൻ വെച്ച് നോക്കിയാൽ അറസ്റ്റിലായവർ‍ക്കൊക്കെ വഴിച്ചെലവും നൽകി യാത്രയയച്ചു കാണുമെന്നുറപ്പ്. ഇങ്ങനെയൊക്കെ കോപ്പിയടിച്ചിട്ടും അവിടെ ഇക്കൊല്ലത്തെ പരീക്ഷയിൽ വിജയശതമാനം 89 ശതമാനം മാത്രമാണ്. പാവങ്ങൾ എങ്ങനെയെങ്കിലും ഒരു സാദാ ജോലിക്കുള്ള യോഗ്യത ഉണ്ടാക്കാനുള്ള തത്രപ്പാടിലാണ് ഈ തരികിടകളൊക്കെ കാട്ടുന്നത്.

പക്ഷെ ഭൂമിമലയാളം അങ്ങനെയല്ല. നമുക്ക് വർ‍ത്തമാന കാലത്ത് ഇത്തരം ചീളു കേസിനൊന്നും എവറസ്റ്റു കയറുന്നത് പോലെ കെട്ടിടത്തിനു മുകളിൽ കയറുകയോ റിസ്ക്കെടുത്തു കോപ്പിയടിക്കുകയോ ഒന്നും വേണ്ട. കാരണം വാരിക്കോരി മാർ‍ക്ക് ദാനം ചെയ്യാൻ  നമുക്കു സ്വന്തമായി  അബ്ദുറബ്ബ് എന്നൊരു വിവരദോഷിയായ മന്ത്രി പുംഗവനുണ്ടല്ലോ. മാർ‍ക്ക്ദാനക്കാര്യത്തിൽ അക്ഷരാർ‍ത്ഥത്തിൽ ഒരു മാജിക്കുകാരനാണ് ഈ അക്ഷര വിരോധി എന്ന് ഭൂമി മലയാളത്തിനു വ്യക്തമായിക്കഴിഞ്ഞു. ഒന്നാം സ്ഥാനത്തിനു യോഗ്യനെ ഒന്നുമില്ലാത്തവനാക്കാനും വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങൾ മാത്രമുള്ള പാലക്കാട്ടെ ഒരു വിദ്യാലയത്തിനു മൊത്തം എ  പ്ലസ് നൽകിയും പരീക്ഷാ ഹാളിൽ കയറിയിട്ടില്ലാത്ത ഭാഗ്യവാന് ഗ്രേഡു നൽകിയുമൊക്കെ കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ പുതിയ വഴിത്തിരിവുകളിലേക്ക് നയിക്കുന്ന മഹാരഥൻ. യഥാർത്ഥത്തിൽ ഇന്നലെയൊരു പാവം ഐ.ജിയേമാനെ കോപ്പിയടിക്ക് പിടിക്കാൻ കാരണവും ഈയൊരൊറ്റ മന്ത്രിയാണ്. ഐ.ജിയദ്യത്തിനറിയാവുന്നവരും അല്ലാത്തവരുമായ വിവരമുള്ളവരും വിവരം തൊട്ടു തേച്ചിട്ടുപോലും ഇല്ലാത്തവരുമായ സകലമാന മാക്കാച്ചിക്കുഞ്ഞുങ്ങളെയും ഇത്തവണ അബ്ദു റബ്ബ് സാഹിബ് കരകയറ്റി വിട്ടു. അങ്ങനെയുള്ള സാഹചര്യത്തിൽ ഐ.ജിയദ്യം പരൂഷ തോറ്റേച്ചു ചെന്നാൽ‍ സ്വന്തം പെന്പിള പോലും മൈൻഡ് ചെയ്യുവോ? ഒന്നാമതായി അതുകൊണ്ടാണ് പാവം പോലീസേമാൻ ഒരു തുണ്ടുമായി പരൂഷക്ക് പോയത്. രണ്ടാമതായി സർ‍വ്വകലാശാലാ പരൂഷയുടെ മാർ‍ക്കിടലും വിജയം പ്രഖ്യാപിക്കലുമൊക്കെ റബ്ബ് സായിബ് തന്നെ നടത്തിയിരുന്നു എങ്കിലും ഏമാൻ കോപ്പിയടിക്കേണ്ടി വരില്ലായിരുന്നു. അങ്ങനെയെങ്കില്‍ ഈ പരൂക്ഷയ്ക്കും റബ്ബണ്ണൻ ഓൾ പാസ് ഉറപ്പാക്കുമായിരുന്നല്ലോ. ഇനിയുമുണ്ട് ഒരു കാര്യം കൂടി. എഴുതുന്ന പരീക്ഷയെല്ലാം റബ്ബ് സായിബ് ഓൾ പാസാക്കുകയാണെങ്കിൽ കോപ്പിയടി എന്ന പുരാതന പരന്പരാഗത കല അന്യം നിന്നു പോകും. പാരന്പര്യ കലകളെ നിലനിർ‍ത്തേണ്ടത് ഓരോ സംസ്കാരങ്ങളുടെയും ആവശ്യകതയാണ്. ബീഹാർ അക്കാര്യം ഉറപ്പാക്കിയിരിക്കുന്നു. പിന്നെ കേരളത്തിനു പിന്നോട്ടു പോകാൻ കഴിയുമോ? ഇന്നലെ നടന്നത് കേവലം വെറും കോപ്പിയടിയായി കാണുന്നിടത്താണ് പ്രശ്നം. ആ പരീക്ഷയുടെ ഇൻ‍വിജിലേറ്ററാണ്  യഥാർ‍ത്ഥിൽ‍ കുഴപ്പക്കാരൻ. ഐ.ജിയദ്യം നമ്മുടെ സംസ്കാരത്തിന്റെ നിലനിൽ‍പ്പും തുടർ‍ച്ചയും ഉറപ്പാക്കുകയായിരുന്നു. പണ്ടും ഇക്കാര്യത്തിൽ അദ്ദേഹം ബദ്ധ ശ്രദ്ധാലുവായിരുന്നുവെന്നു പുരാതന രേഖകൾ പറയുന്നു. കഴിഞ്ഞ വർഷത്തെ പരീക്ഷയിലും ഏമാൻ കോപ്പിയടിക്കുകയും പിടിക്കപ്പെടുകയും ചെയ്തിരുന്നു. ഇനിയും പിന്തിരിഞ്ഞു ചികഞ്ഞാലറിയാം ഏമാന്റെ പദവിയും പ്രമാണങ്ങളുമെല്ലാം ഇത്തരം കോപ്പിയടികളിലൂടെ സ്വന്തമായതാണോയെന്ന്. 

സംഗതി ആഭ്യന്തര മന്ത്രിയദ്യത്തിന്റെ ദുര്യോഗം കൂടിയാണ്. അല്ലെങ്കിൽ ഇന്നത്തെ മുഖ്യധാരാ പത്രങ്ങളൊക്കെ മാവോയിസ്റ്റ് നേതാക്കളായ രൂപേഷിന്റെയും കൂട്ടാളികളുടെയും അറസ്റ്റ് വാർത്തകൾ കൊണ്ട് നിറയേണ്ടാതായിരുന്നു. വന്നത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്റെ നാണംകെട്ട ചെയ്തിയുടെ വർത്തമാനവും.

ഐ.എ.എസ്സുകാരും ഐ.പി.എസ്സുകാരുമൊക്കെ നമ്മുടെ സമൂഹത്തിനു മാതൃകകളാകേണ്ടാവരാണ്. ഇത്തരം ഉദ്യോഗസ്ഥന്മാരുടെ വഴി വിട്ട പ്രവർ‍ത്തനങ്ങൾക്ക്  സർ‍ക്കാർ‍ ഒരു തരത്തിലും കൂട്ടു നിൽക്കരുത്. ഒരു പരിധി വരെ എസ്.എസ്.എൽ.സി തോന്ന്യാസം നടത്തിയ മന്ത്രിക്കെതിരെ നടപടിയുണ്ടാകാത്തതു മൂലമാണ് ഐ.ജിയെ പോലൊരു ഉദ്യോഗസ്ഥനും ഇത്തരം തോന്ന്യാസത്തിനു മുതിർന്നത് എന്നും നമുക്ക് വിലയിരുത്താം. ഇത്തരക്കാരെ മാതൃകാപരമായി ശിക്ഷിച്ചേ മതിയാവു.

അങ്ങനെയൊക്കെയാണെങ്കിലും സർ‍വ്വകലാശാല ഡീബാറു ചെയ്താലും ഐ.ജി വാശിയോടെ  പഠനം തുടരുക തന്നെ വേണം. കോപ്പിയടിച്ചതിന് കേരളത്തിലെ സർവ്വകലാശാല ഡീബാറു ചെയ്‌താൽ കേരളത്തിനു വെളിയിൽ‍ പോയി നമുക്ക് പഠിച്ചു മിടുക്കന്മാരാകാം. ഇക്കാര്യത്തിൽ വകുപ്പ് മന്ത്രിയുടെ എതിർ‍ ഗ്രൂപ്പുകാരനാണെങ്കിലും മുതിർ‍ന്ന നേതാവ് എം.എം. ഹസനോട് വേണമെങ്കിലും ഐ.ജിക്ക് ഉപദേശം തേടാം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed