നാണക്കേടിന്‍റെ പഞ്ചാബ് മോഡൽ
പഞ്ച നദികളുടെ നാട് സംസ്കാരത്തിന്റെ വിളഭൂമിയാണ്. ലോകത്തെ ആദ്യ സർവ്വകലാശാലയായ തക്ഷശില സ്ഥാപിക്കപ്പെട്ടത് ഈ മണ്ണിലാണ്. ആയിരക്കണക്കിനാണ്ടുകളുടെ സംഭവ ബഹുലമായ ചരിത്രം പറയാനുണ്ട് പഞ്ചാബിന്. സംസ്കാരത്തിനൊപ്പം അളവില്ലാത്ത ചോരപ്പുഴകളുടെയും കണ്ണിൽ ചോരയില്ലാത്ത അധിനിവേശങ്ങളുടെയും കഥകൾ ഈ മണ്ണിൽ എത്രയോ എഴുതപ്പെട്ടിരിക്കുന്നു. മോഹൻജെദാരോ ഹാരപ്പൻ സംസ്കാരമെന്ന് നമ്മൾ ചരിത്ര പുസ്തകത്തിൽ പഠിച്ചതിലെ ഹാരപ്പൻ സംസ്കാരത്തിന്റെ മണ്ണാണ് പഞ്ചാബ്. അധിനിവേശങ്ങളും ഒരുപാടു കണ്ട മണ്ണാണ് അഞ്ചു നദികളുടെ നാട്. ഭാരതത്തിനെ ഇതര ഭാഗങ്ങളിലേക്ക് പടർന്നു പരിശോഭിച്ച ഒരു സംസ്കാരത്തിന്റെ മണ്ണ് ഭാരത ഭൂമിയിലേക്കുള്ള ഭൂരിപക്ഷം വിദേശ ആക്രമികളുടെയും കവാട ഭൂമിയുമായി. അഫ്ഗാനികളും ഗ്രീക്കുകാരും പേർഷ്യക്കാരും തുർക്കികളുമൊക്കെ പുരാതന ഭാരതത്തിലേക്ക് കടന്നു വന്നത് ഈ മണ്ണിലൂടെയായിരുന്നു.
വിഭജനത്തിന്റെ വേദനയും പഞാബിന്റെ മണ്ണ് കുറച്ചൊന്നുമല്ല അനുഭവിച്ചിട്ടുള്ളത്. ഭാരത ഭൂമിയെ ഇന്ത്യയെന്നും പാകിസ്ഥാനെന്നും ബ്രിട്ടീഷുകാരൻ രണ്ടായി വിഭജിച്ചപ്പോൾ പഞ്ചാബും രണ്ടായി. ഒരേ സംസ്കാരത്തിന്റെ ഭൂമിയെ ഒരതിർത്തിവരെ രണ്ടായി പകുത്തപ്പോൾ ദുരിതം ദുരന്തം വിതച്ച പലായനത്തിനും ഇവിടം സാക്ഷ്യം വഹിച്ചു. ഇതിനെയൊക്കെ പഞ്ചാബ് അതിജീവിച്ചു എന്നും പറയാം. പോരാടി വിജയം വരിക്കാൻ ശേഷി ഏറെയുള്ളവരുടെ ഭൂമിയാണ് പഞ്ചാബ്. മഹാരാജാ രഞ്ജിത്ത് സിംഗ്ജിയും വീർ ഭഗത് സിംഗുമടക്കം വീരന്മാർ ഏറെപ്പേർക്കു ജന്മം നൽകിയ പുണ്യഭൂമി. ചോര കണ്ടു ഭീതിയകന്ന ചങ്കൂറ്റമുള്ള വീരന്മാരുടെ ഭൂമി. സ്നേഹമുള്ളവരും നിർമ്മല ഹൃദയരും മാന്യന്മാരുമാണ് ഈ മണ്ണിൽ പിറന്നവർ എന്നാണു പറയുന്നത്. ഈ ചങ്കൂറ്റത്തെ ഉപമിച്ച് പഞ്ചാബിനെ മാതൃകയാക്കണം എന്ന തരത്തിൽ ‘പഞ്ചാബ് മോഡൽ’ പ്രസംഗം നടത്തിയാണ് പണ്ട് നമ്മുടെ ബാലകൃഷ്ണ പിള്ള പുലിവാല് പിടിച്ചത്.
ഏതായാലും ഒട്ടും അനുകരണീയമല്ല പുതിയ പഞ്ചാബ് മോഡൽ. വീരന്മാരുടെ മണ്ണിലെ പുതിയ വീരസ്യം കാട്ടൽ പെണ്ണിനോടായിരിക്കുന്നു, അവളുടെ മാനത്തോടായിരിക്കുന്നു. പഞ്ചാബിൽ നിന്നുള്ള വർത്തമാനങ്ങൾ തികച്ചും ലജ്ജാകരവും ആശങ്കാ ജനകവുമാണ്. ഒന്നിന് പിന്നാലെ ഒന്നായി രണ്ടു കൂട്ട ബലാത്സംഗ വാർത്തകളാണ് പഞ്ചാബിൽ നിന്നും നമ്മളെ തേടിയെത്തിയിരിക്കുന്നത്. അതിലൊന്ന് ഡൽഹി കൂട്ടമാനഭംഗത്തിനു സമാനമായിരുന്നു. ഒരു ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന അമ്മയേയും മകളെയും നരാധമന്മാർ ലൈംഗികമായി ആക്രമിക്കുകയും അതിൽ നിന്ന് രക്ഷതേടി 14 കാരി ബാലിക ബസ്സിൽ നിന്നും മരണത്തിലേക്ക് ചാടി രക്ഷപ്പെടുകയുമായിരുന്നു. പിന്നാലെ ഈ സംഭവം നടന്ന സ്ഥലത്ത് നിന്ന് തന്നെ മറ്റൊരു ക്രൂര ബലാത്സംഗ വാർത്തയും പുറത്ത് വന്നു. ഇവിടെ ഭർത്താവടക്കം പതിനൊന്നു പിശാചുക്കളാണ് ഒരു പെണ്മയിൽ കാമ വൈകൃതം കൊണ്ടു നാണക്കേടിന്റെ പുത്തനദ്ധ്യായമെഴുതിയത്.
സ്ത്രീയുള്ളിടത്തെല്ലാം സ്ത്രീപീഡനവുമുണ്ടാകും എന്ന് നായനാർ സഖാവ് പണ്ടു പറഞ്ഞ സാമാന്യ തത്വം ശരിവച്ചാൽ കൂടി ഇതുപോലുള്ള തെമ്മാടിത്തരങ്ങൾ കണ്ടില്ലെന്നു നടിക്കാനും ഇത്തരം സാഹചര്യങ്ങൾ സംഭാവിക്കാതെ കാക്കുന്നതിൽ ഭരണ കൂടങ്ങൾ കാട്ടുന്ന അലംഭാവത്തിനെതിരെ മൗനം പാലിക്കാനുമാകില്ല. നമ്മളെയെല്ലാം ഞെട്ടിച്ച ഡൽഹി സംഭവത്തിനു ശേഷം അത്തരത്തിലൊരു പാതകം ആവർത്തിക്കപ്പെടരുത് എന്ന് ഭാരതം പലയാവർത്തി ദൃഢപ്രതിജ്ഞയെടുത്തതാണ്. അതെല്ലാം ജല രേഖകളായി. നിയമങ്ങൾ നിർമ്മിക്കുക മാത്രമല്ല അത് പാലിക്കപ്പെടുന്നു എന്നുറപ്പാക്കാനും ഭരണകൂടങ്ങൾക്കു ബാദ്ധ്യതയുണ്ട്. പക്ഷെ ആ ബാധ്യത നിറവേറ്റേണ്ട ഭരണകൂടവും എതെങ്കിലുമൊക്കെ രീതിയിൽ പ്രതിഭാഗത്താവുന്പോൾ അസ്തമിക്കുന്നത് നമ്മുടെ ശുഭപ്രതീക്ഷകൾ കൂടിയാണ്. ദൗർഭാഗ്യവശാൽ പഞ്ചാബിൽ ഇപ്പോഴുള്ളത് അത്തരമൊരു സാഹചര്യമാണ്.
ആദ്യ ദുരന്തമുണ്ടായത് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിന്റെ പുത്രനും ഉപമുഖ്യമന്ത്രിയുമായ സുഖ് ബീർ സിംഗ് ബാദലിന്റെ ഉടമസ്ഥതയിലുള്ള ട്രാൻസ്പോർട്ടിംഗ് കന്പനിയുടെ വാഹനത്തിൽ വെച്ചാണ്. പഞ്ചാബിന്റെ മാത്രമല്ല ഭാരതത്തിന്റെയാകമാനം സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ ബാധ്യതയുള്ള ദേശീയ ഭരണ കക്ഷിയായ ബി.ജെ.പിക്കു കൂടി ഭരണത്തിൽ പങ്കാളിത്തമുള്ള സംസ്ഥാനമാണ് പഞ്ചാബ്. പലപ്പോഴായി ഒന്നര ദശാബ്ദം സംസ്ഥാനം ഭരിച്ച പരിചയ സന്പന്നനാണ് പ്രകാശ് സിംഗ് ബാദൽ. പക്ഷെ പരിചയം ഏറിയപ്പോൾ ധാർമ്മികത ഇല്ലാതെയാകുന്നു എന്നതാണ് അവിടുത്തെ സ്ഥിതി എന്ന് വിലയിരുത്തേണ്ടി വരുന്നു. സംസ്ഥാനത്ത് ഇത്തരത്തിലൊരു നാണക്കേടിന്റെ തുടർച്ച സംഭവിച്ചാൽ അതിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്തു മുഖ്യമന്ത്രി രാജിവെയ്ക്കുകയാണ് വേണ്ടത്. ആദ്യ സംഭവം നടന്നത് സ്വന്തം കന്പനിയുടെ ബസ്സിലായിരുന്നു എന്നത് ഇക്കാര്യത്തിൽ ബാദൽ കുടുംബത്തിന്റെ ബാധ്യത ഏറ്റുന്നു. എന്നാൽ രാജിക്ക് പകരം കുറേ പണം കൊടുത്തു കേസ് രാജിയാക്കി തലയൂരാനായിരുന്നു അവരുടെ ശ്രമം. കേസിൽ ബദൽമാരെ വെള്ള പൂശാനായി ഇതൊരു സാധാരണ സംഭവം മാത്രമാണെന്ന വാദവുമായി ബാദൽ സർക്കാരിലെ സാമാജികൾ ജോഗീന്ദർ പാലും നാണമില്ലാതെ രംഗത്തെത്തിയിട്ടുണ്ട്.
നാണക്കേടിന്റെ ഈ മാനസിക രോഗാവസ്ഥ ചികിത്സിച്ചു ഭേദമാക്കുക എളുപ്പമല്ല. പക്ഷേ ചികിത്സ തുടങ്ങാനുള്ള കാലം അതിക്രമിച്ചിരിക്കുന്നു.