ദുരന്തങ്ങളിൽ കൈത്താങ്ങാവാം
ഓണവും വിഷുവും ക്രിസ്മസും ഈദുമൊക്കെ എന്നു വരുമെന്നു നമുക്കു കൃത്യമായി കണക്കാക്കാം. ഇടവപ്പാതിയും വേനലുമൊക്കെ എന്നു വരുമെന്നും വേണമെങ്കിൽ പ്രവചിക്കാം. പക്ഷെ ശാസ്ത്രം ഇത്ര വികസിച്ചിട്ടും പ്രകൃതി എപ്പോൾ, എങ്ങനെ പ്രതികരിക്കും എന്നു പിഴവില്ലാതെ പ്രവചിക്കാനാവില്ല. പ്രകൃതിയെ നമ്മൾ മാതാവായാണ് കാണുന്നത്. അമ്മ സ്ത്രീയാണ്. ‘സ്ത്രീണാം ച ചിത്തം പുരുഷസ്യ ഭാഗ്യം ദേവോ ന ജാനാതി, കുതോ മനുഷ്യ’ എന്നാണു പ്രമാണം. സ്ത്രീ മനസ് പ്രവചനാതീതമെന്നു ചുരുക്കം. അതുകൊണ്ടാണ് പ്രകൃതിയിലെ പല പ്രതിഭാസങ്ങളും ഇന്നും നമ്മുടെ പ്രവചന സാദ്ധ്യതകൾക്കുമപ്പുറം കയ്യെത്താ ദൂരത്തു നിൽക്കുന്നത്.
അതിലൊന്നിന്റെ ആഘാതത്തിലാണ് ഇന്ന് നമ്മൾ. നേപ്പാളിലും ഉത്തരേന്ത്യയിലുമുണ്ടായ ഭൂകന്പത്തിന്‍റെ ദുരന്ത വ്യാപ്തി അറിവാകുന്നതേയുള്ളൂ. പക്ഷെ ഭൂകന്പത്തിന്റെ പ്രഭവ കേന്ദ്രം നേപ്പാൾ ആണെന്നതും റിച്ചർ സ്കെയിലിൽ അതിന്റെ ശക്തി 7.9 ആണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നതും ദുരന്ത വ്യാപ്തി കുറവായിരിക്കില്ല എന്ന ആശങ്ക ശക്തമാക്കുന്നു. ഭൂകന്പത്തിന്റെ ആദ്യം ലഭ്യമായ ചിത്രങ്ങളും വിരൽ ചൂണ്ടുന്നതും അങ്ങോട്ട് തന്നെ. നെടുകെ പിളർന്ന റോഡുകളും തകർന്നടിഞ്ഞ കെട്ടിടങ്ങളും ഉള്ളിലുണർത്തുന്നത് ലാത്തൂരിന്റെയും കച്ചിന്റെയും ഓർമ്മകളാണ്.
ഒട്ടേറെ ഭൂകന്പങ്ങളും ഭൂകന്പാനുബന്ധ ദുരന്തങ്ങളും അനുഭവിച്ചവരാണ് നമ്മൾ. അതിൽ മായാതെ നിൽക്കുന്നവയാണ് രാജ്യത്തെ ഞെട്ടിക്കുകയും കണ്ണീരിലാഴ്ത്തുകയും ചെയ്ത ഗുജറാത്ത് ഭൂകന്പവും 1993ൽ മഹാരാഷ്ട്രയിലെ ലാത്തൂരിൽ ഉണ്ടായ ഭൂകന്പവും. 2001ൽ രാജ്യം റിപ്പബ്ലിക് ദിനാഘോഷങ്ങളിലേക്ക് ഉണർന്നെണീറ്റ പ്രഭാതത്തിൽ എട്ടരയോടെ ആയിരുന്നു ഗുജറാത്ത് ഭൂകന്പം. 7.6 മുതൽ 7.7 വരെയായിരുന്നു റിച്ചർ സ്കെയിലിൽ ആ ഭൂകന്പത്തിന്റെ തീവ്രത. തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങളിൽ നിന്നും ജീവനോടെയുണ്ടായിരുന്നവരെ പുറത്തെടുക്കാനും നാശനഷ്ടങ്ങളുടെ കണക്കെടുക്കാനും ദിവസങ്ങൾ വേണ്ടി വന്നു. ലോകമൊട്ടാകെ നിന്നും സഹാനുഭൂതിയുടെ കിരണങ്ങൾ ഗുജറാത്തിലേക്ക് നീണ്ടിട്ടും പകർച്ച വ്യാധികളും അനാഥത്വവും ഗുജറാത്തിന്റെ ചക്രവാളങ്ങളിൽ കരിനിഴൽ വീഴ്ത്തി. ഗുജറാത്ത് ഭൂകന്പ് ദുരിതാശ്വാസ പ്രവർത്തനങ്ങളും ഗുജറാത്തിന്റെ പുനർ നിർമ്മാണവും വേണ്ട രീതിയിൽ ചെയ്തില്ലെന്ന ഗുരുതരമായ ആരോപണം അന്നത്തെ ഗുജറാത്ത് മുഖ്യ മന്ത്രി കേശുഭായ് പട്ടേലിന്റെ പതനത്തിനും സംസ്ഥാന ഭരണ നേതൃത്വത്തിലേക്കുള്ള നരേന്ദ്രമോഡിയുടെ കടന്നു വരവിനും കാരണമായി. ഭൂകന്പാനന്തര ഗുജറാത്തിന്റെ പുനർ നിർമ്മാണത്തിൽ പുലർത്തിയ മികവ് മോഡിയെന്ന ഭരണാധികാരിയുടെ വിശ്വാസ്യത ഉയർത്തുകയും ചെയ്തു. പതിനായിരങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ട ഗുജറാത്ത് ഭൂകന്പത്തിന്റെ ഞെട്ടൽ മാറും മുന്പായിരുന്നു മറ്റൊരു ഭൂകന്പം നമ്മുടെ മണ്ണിൽ മരണത്തേർവാഴ്ച നടത്താൻ കാരണമായത്. ഇന്തോനേഷ്യയിലെ സുമാത്രക്കടുത്തുണ്ടായ ഭൂകന്പമുയർത്തിയ സുനാമിത്തിരമാലകൾ ഇന്ത്യക്ക് നഷ്ടമാക്കിയത് എത്ര ജീവനുകളാണ് എന്നതിന് ഇന്നും കൃത്യമായ കണക്കു ലഭ്യമല്ല.
ആന്ധ്രയുടേയും തമിഴകത്തിന്റെയും കേരളത്തിന്റെയും തീരങ്ങളിൽ സംഹാര താണ്ധവമാടിയ സുനാമിക്ക് കാരണം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ ഭൂകന്പമായിരുന്നു. 9.1 ആയിരുന്നു സുനാമിക്ക് കാരണമായ സുമാത്രൻ ഭൂകന്പത്തിന്റെ തീവ്രത. അതിന്റെ പ്രഭവസ്ഥാനം കടലിലല്ലായിരുന്നു എങ്കിൽ അപകട തീവ്രത ഇതിന്റെ പതിന്മടങ്ങാകുമായിരുന്നു എന്ന് വിലയിരുത്തപ്പെടുന്നു. സുനാമി ദുരന്തം ഇന്നും ഞെട്ടലോടെ മാത്രമേ നമുക്കൊക്കെ ഓർക്കാൻ കഴിയൂ. പലയിടങ്ങളിലായി കടൽത്തിരകളെടുത്തത് അന്ന് മൂന്നു ലക്ഷത്തോളം പേരുടെ ജീവനായിരുന്നു. മുന്നറിയിപ്പുകളും ദുരന്തത്തെക്കുറിച്ചുള്ള മുൻ ധാരണകളും ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷെ ദുരന്ത വ്യാപ്തി ഒട്ടു കുറഞ്ഞേനെ.
ഭൗമ പാളികളുടെ ചലനം മൂലമാണ് പലപ്പോഴും ഇത്തരത്തിലുള്ള പ്രതിഭാസങ്ങളും അത് മൂലമുള്ള ദുരന്തങ്ങളും ഉണ്ടാകുന്നത്. പക്ഷെ ഇതൊന്നും നമുക്കൊരിക്കലും പൂർണ്ണമായും ഒഴിവാക്കാനാവില്ല എന്നതാണ് വാസ്തവം. അതേസമയം അന്ധമായ പ്രകൃതി നശീകരണം മൂലം നമ്മൾ തന്നെ ഇത്തരം ദുരന്തങ്ങൾക്ക് വഴിെവയ്ക്കുന്നു എന്ന വാസ്തവം തള്ളിക്കളയാനുമാവില്ല. ഭൂമിയുടെ മേൽമണ്ണിന്റെ പുതപ്പു പോലെ വർത്തിക്കുന്ന സസ്യ ജാലത്തെ വെട്ടി നശിപ്പിച്ചും മലഞ്ചെരുവുകളിൽ പോലും പ്രകൃതിയെ നശിപ്പിച്ചു നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയുമൊക്കെ നമ്മൾ അതിന് ആക്കം കൂട്ടുന്നു. ഇത്തരം പ്രവർത്തനങ്ങൾ നിർത്തിയാൽ തന്നെ പ്രകൃതി ദുരന്തങ്ങളുടെ വ്യാപ്തി നമുക്ക് ഒട്ടൊന്നു കുറയ്ക്കാം. ഈ ദിശയിലേക്കുള്ള ഓർമ്മപ്പെടുത്തലുകളാണ് ഓരോ പ്രകൃതി ദുരന്തവും. അവയൊന്നും പൂർണ്ണമായും നമുക്ക് ഒഴിവാക്കാനാവില്ല. അതുകൊണ്ട് അവ വരുത്തി വെയ്ക്കുന്ന ദുരന്തങ്ങളിൽ നിന്നും അതിവേഗം നേപ്പാളിലേയും ഉത്തരേന്ത്യയിലെയും ജനങ്ങൾക്ക് കഴിയട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം. ഒപ്പം ഇത് അവരുടെ മാത്രം ദുരന്തമല്ലെന്ന തിരിച്ചറിവോടെ ആ ഹതഭാഗ്യരുടെ പുനരുദ്ധാരണത്തിൽ പങ്കാളികളുമാകാം.