ഇത് ആരേ തോൽപ്പിക്കാൻ ?
സോഷ്യൽ മീഡിയയിൽ നിന്നാണ് എന്‍റെ നാടായ നെടുംകുന്നത്തെ സംബന്ധിച്ച ഒരു നല്ല വാർത്ത ഇന്നലെ അറിഞ്ഞത്. നെടുംകുന്നത്തെ മൂന്നു പ്രധാന സ്കൂളുകളും എസ്.എസ്.എൽസി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയിരിക്കുന്നു. അതിലൊന്ന് എന്‍റെ സ്കൂളായ നെടുംകുന്നം ഗവണ്‍മ
െന്‍റ് ഹൈസ്കൂൾ എന്ന ഇപ്പോഴത്തെ നെടുംകുന്നം ഗവണ്‍മെന്‍റ് ഹയർ സെക്കണ്ടറി സ്കൂളാണ്. തികച്ചും സന്തോഷജനകമായ വർത്തമാനമാണ് അതെങ്കിലും എന്‍റെ സ്കൂളുമായി ബന്ധപ്പെട്ട ചില യാഥാർത്ഥ്യങ്ങൾ എന്നെ ചില ആശങ്കകളിലേക്കു നയിക്കുകയും ചെയ്തു.
താഴ്ന്ന വരുമാനക്കാരായ സാധാരണക്കാരുടെയും ചുരുക്കം ചില അദ്ധ്യാപകരുടെയുമൊക്കെ മാത്രം മക്കൾ പഠിക്കുന്ന ഒരു വിദ്യാലയമായിരുന്നു ഇന്നലെകളിൽ എന്‍റെ പള്ളിക്കൂടം. ഞാൻ പഠിക്കുന്ന കാലത്തെ എന്‍റെ സഹപാഠികളിൽ നിരവധിപേർ സ്കൂളിൽ വന്നിരുന്നത് ലംപ്സം ഗ്രാന്‍റ് എന്ന സഹായധനം വാങ്ങാൻ മാത്രമായിരുന്നു. ചൊവ്വ, വെള്ളി ദിവസങ്ങളിലായിരുന്നു ഞങ്ങളുടെ ആഴ്ച്ചചന്തകൾ. ആ ദിവസങ്ങളിൽ കുട്ടികൾ പലരും സ്കൂളിൽ വരാറുണ്ടായിരുന്നില്ല. ചന്തക്കച്ചവടമടക്കം പല തൊഴിലുകളും ചെയ്ത് അന്നു കുടുംബത്തെ സഹായിക്കുന്നതിലായിരുന്നു അവരുടെ ശ്രദ്ധ. പെൺകുട്ടികളിൽ പലരെയും പത്താം ക്ലാസ് കഴിയുന്നതോടേ കെട്ടിച്ചും വിട്ടിരുന്നു.
കാലം മാറിയപ്പോൾ ഇക്കാര്യത്തിലൊക്കെ കാതലായ മാറ്റം വന്നിട്ടുണ്ട്. എങ്കിലും എനിക്കു മനസ്സിലാക്കാൻ പറ്റുന്ന കാര്യങ്ങൾ വെച്ചു നോക്കിയാൽ എസ്.എസ്.എൽസി പരീക്ഷയിൽ എന്‍റെ സ്കൂൾ നൂറു ശതമാനം വിജയം നേടി എന്നു പൂർണ്ണമായും വിശ്വസിക്കാൻ എനിക്കെന്തോ കഴിയുന്നില്ല. ഇത് ഒരുതരത്തിലും എന്‍റെ നാടിനെ തള്ളിപ്പറയുന്നതല്ല. നാടിന്‍റെ മികവു കുറച്ചു കാണുന്നതുമല്ല. വിദ്യാഭ്യാസ കാര്യത്തിൽ കോട്ടയം എന്നും മുന്‍പന്തിയിൽ തന്നെയുണ്ട് എന്ന സത്യവും വിസ്മരിക്കുന്നില്ല. 2011 ൽ കഴിഞ്ഞ സർക്കാരിന്‍റെ അവസാന എസ്.എസ്.എൽ.സി ഫല പ്രഖ്യാപനത്തിൽ 96.24 ശതമാനവുമായി ഏറ്റവും മുന്നിലുള്ള ജില്ല കോട്ടയമായിരുന്നു. ഈ വസ്തുതകളൊന്നും വിസ്മരിക്കാതിരിക്കെത്തന്നെ സമീപ വർഷങ്ങളിൽ സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷാ വിജയ ശതമാനത്തിൽ ഉണ്ടായിരിക്കുന്ന കുതിച്ചു ചാട്ടം പരിശോധിക്കുന്പോൾ അതു യാഥാർത്ഥ്യത്തിനു നിരക്കാത്തതാണോ എന്ന സംശയം ശക്തമാകുന്നു.
ആ കണക്കുകൾ നമുക്കിങ്ങനെ ചുരുക്കിപ്പറയാം. 2011 ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ എം.എ. ബേബിയുടെ അവസാന എസ്.എസ്.എൽ.സി ഫലപ്രഖ്യാപന വേളയിലെ വിജയ ശതമാനം 91.37 ആയിരുന്നു. 2012ൽ ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ പി.കെ അബ്ദുറബ്ബിന്‍റെ ആദ്യ എസ്.എസ്.എൽ. സി ഫല പ്രഖ്യാപനത്തിൽ വിജയ ശതമാനം 93.64 ആയി. 2013 ൽ ഇത് 94.17 ഉം തൊട്ടടുത്ത വർഷം 95.47ഉം ആയി. ഇത്തവണ ഇത് സർവ്വകാല റെക്കോഡായ 97.99 ലും എത്തി നിൽക്കുന്നു. ഇപ്പോഴത്തെ പോക്കും മന്ത്രിയും തുടർന്നാൽ നമ്മുടെ സംസ്ഥാനത്ത് എസ്.എസ്.എൽ.സിക്ക് എല്ലാവരും പാസാകുന്ന കാലം വിദൂരമല്ല. സേ പരീക്ഷ കൂടി കഴിയുന്നതോടേ ഇത് ഇക്കൊല്ലം തന്നെ സംഭവിക്കാനും മതി. സന്പൂർണ്ണസാക്ഷര സംസ്ഥാനം സന്പൂർണ്ണ എസ്.എസ്.എൽ.സി സംസ്ഥാനമാകുന്നത് വളരെ നല്ല കാര്യം തന്നെ. പക്ഷെ ഈ പരീക്ഷയുടെ മൂല്യനിർണ്ണയം സംബന്ധിച്ച റിപ്പോർട്ടുകൾ നമ്മുടെ എസ്.എസ്.എൽ.സി പരീക്ഷയുടെ തന്നെ മൂല്യം ചോർത്തിക്കളയുന്നതാണ് എന്ന ആക്ഷേപം അതിശക്തമാണ്.
ഇത്തവണത്തെ ഫലപ്രഖ്യാപന കാര്യത്തിൽ റെക്കോർഡു ശതമാനം കുട്ടികൾ വിജയിച്ചപ്പോൾ തോറ്റത് വിദ്യാഭ്യാസ വകുപ്പാണെന്ന് ഭരണാനുകൂല മാധ്യമങ്ങൾ പോലും വിലയിരുത്തുന്നു. കേവലം 18 ദിവസങ്ങൾ കൊണ്ടു മൂല്യനിർണ്ണയം പൂർത്തിയാക്കിയപ്പോൾ പല കാര്യത്തിലും അദ്ധ്യാപകർക്കും മറ്റുള്ളവർക്കും ആവശ്യമായ ശ്രദ്ധ ഇക്കാര്യത്തിൽ പുലർത്താനായില്ലെന്ന് ആക്ഷേപമുണ്ട്. ഫലപ്രഖ്യാപന ദിവസം ഇതുമായി ബന്ധപ്പെട്ട സൈറ്റുകളെല്ലാം അബദ്ധ പഞ്ചാംഗങ്ങളായിരുന്നു. പലരുടെയും മാർക്കുകൾ മാർക് ഷീറ്റുകളിൽ കാണാനില്ലായിരുന്നു. ജയിച്ച പലർക്കും ഉപരി പഠനത്തിന് അർഹതയില്ലെന്നും സൈറ്റുകൾ തെറ്റായ വിവരം നൽകി. ഇതൊക്കെ കേവലം സാങ്കേതിക പ്രശ്നങ്ങൾ മാത്രമാണ് എന്നാണ് വകുപ്പു മന്ത്രി പറയുന്നത്. അത് അങ്ങനെ തന്നെയാവട്ടെ. അങ്ങനെയൊക്കെയാണെങ്കിലും ചില ആശങ്കകൾ അവസാനിക്കുന്നില്ല. ഒരു സോഷ്യൽ മീഡിയ പോസ്റ്റു തന്നെയാണ് ഈ ആശങ്ക അധികരിപ്പിക്കുന്നത്. എസ്.എസ്.എൽ.സി ഫലമറിഞ്ഞ ഒരു മിടുമിടുക്കന്‍റെ സ്റ്റാറ്റസ് അപ്ഡേറ്റ് “I AM PASSED AWAY...”എന്നായിരുന്നു. പാസായി എന്നുദ്ദേശിച്ച് എഴുതി വന്നപ്പോൾ സ്വന്തം കാറ്റുപോയി എന്നായിപ്പോയി.
യഥാർത്ഥ മൂല്യമുയർത്താതെ വിജയശതമാന റെക്കോഡുകൾക്കായി നമ്മുടെ മന്ത്രിപുംഗവന്മാർ കപട തന്ത്രങ്ങൾ പയറ്റുന്നതു തുടർന്നാൽ കാറ്റു പോകുന്നത് നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ തന്നെയാകും എന്നുറപ്പ്.