ന്യായവും നിയമവും


വി.ആർ സത്യദേവ്  

സാധാരണ സാമൂഹ്യ വ്യവസ്ഥിതിയിൽ വിവാഹമെന്ന സ്ഥാപനത്തിന്റെ മഹത്തരമായ ഫലങ്ങളിൽ പ്രധാനം പുതിയ തലമുറയുടെ ജനനമാണ്‌. പ്രതിസന്ധികളുടേയും പ്രകൃതിദുരന്തങ്ങളുടേയും ഭൂമുഖത്ത് മനുഷ്യകുലത്തിന്റെ നിലനിൽപ്പിനെ സഹായിക്കുന്ന ഘടകവും ഇതുതന്നെ. സമയഭേദമില്ലാതെ ഇണചേരാനുള്ള മനുഷ്യന്റെ ശേഷി അതിന് അവനും (അവൾക്കും) സഹായകരമാകുന്നു. അതുവഴി പിറക്കുന്ന കുഞ്ഞുങ്ങൾ അവന്റെ (അവളുടെ)  മുന്നോട്ടുള്ള കുതിപ്പിനു പ്രേരകവും പ്രത്യാശയുമാകുന്നു. ഓരോ വ്യക്തിയുടേയും ഓരോ കുടുംബത്തിന്റേയും ഐശ്വര്യത്തിലും പുരോഗതിയിലും കുഞ്ഞുങ്ങളെന്ന ഘടകം വഹിക്കുന്ന പങ്ക് വളരെ വളരെ വലുതാണ്‌.

വിവാഹിതരായ, പരസ്പരസ്നേഹവും വിശ്വാസവും ഒക്കെ പങ്കുവെയ്ക്കുന്ന ഇണകൾക്ക് മക്കൾ പിറക്കുന്പോഴുള്ള കാര്യങ്ങളാണ് ഇതൊക്കെ. കുഞ്ഞുങ്ങൾ ജനിക്കാൻ മേൽപ്പറഞ്ഞ ഘടകങ്ങളൊന്നും വേണമെന്നില്ല. സമയഭേദമില്ലാതെ ഇണചേരാനുള്ള മനുഷ്യന്റെ ശേഷിയടക്കം പല വിഷയങ്ങളുടേയും ദോഷ ഫലങ്ങളിലൊന്നായ ബലാൽസംഗങ്ങളാണ് ഇത്തരം അസാധാരണ ശിശു ജനനത്തിന്റെ പ്രധാന മാർഗ്ഗങ്ങളിൽ ഒന്ന്. നമ്മളാദ്യം ചർച്ച ചെയ്ത ഉദാത്തമായ സാഹചര്യങ്ങളുടെ സ്ഥാനത്ത് അക്രമവും പൈശാചികതയും അധീശത്വവും മനുഷത്വരാഹിത്വവും ഒക്കെയാണ് ഇത്തരം ഇടങ്ങളിൽ ഒരു പുതിയ ജന്മത്തിനു വഴി വെയ്ക്കുന്നത്. ഇങ്ങനെ പിറക്കുന്നവരിലും പിന്നീട് ലോകഗതിയെ തന്നെ മാറ്റിമറിച്ച മിടുക്കന്മാരും മിടുക്കികളും ഒക്കെയുണ്ടായേക്കാം. എന്നാൽ സാധാരണഗതിയിൽ അവരിൽ‍ ബഹുഭൂരിപക്ഷത്തിനും മക്കൾ എന്ന പദവിയിൽ മനുഷ്യന് ലഭിക്കേണ്ട അവകാശങ്ങളോ സംരക്ഷണമോ ലഭിക്കാറില്ല എന്നതാണ് വാസ്തവം.

കുടുംബബന്ധത്തിൽ ദന്പതികൾക്കുള്ള ട്രോഫികളാണ് കുഞ്ഞുങ്ങൾ എന്നാണ് തമാശച്ചൊല്ല്. അതിൽ ഒത്തിരി യാഥാർത്ഥ്യവുമുണ്ട്. ഒരു വിവാഹബന്ധത്തിലെ ഇണകളുടെ സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും കരുതലിന്റെയും ഒക്കെ ഫലവും മൂർത്തരൂപവും തന്നെയാണ് മക്കൾ. എന്നാൽ ബലപ്രയോഗത്തിലൂടെയുള്ള കവർന്നെടുക്കലിന്റെയും അതിക്രൂരമായ വേഴ്ചയുടെയും ഫലമായുണ്ടാകുന്ന മക്കളാവട്ടെ ബഹുഭൂരിപക്ഷത്തിനും ആവർത്തിച്ചോർക്കാൻ പോലും ഇഷ്ടപ്പെടാത്ത ഒരു ദുരന്തത്തിന്റെ സാക്ഷ്യപത്രം മാത്രമായിരിക്കും. തന്റെ പ്രിയപ്പെട്ടവന്റെ സ്നേഹമേറ്റുവാങ്ങി അതിനു ചോരയും നീരും മജ്ജയും മാംസവും നൽകി സസന്തോഷം സന്താനത്തെ ജനിപ്പിക്കുന്ന ഒരു മാതാവിന്റെ മാനസികാവസ്ഥയായിരിക്കില്ല തന്റെ അനുവാദമില്ലാതെ ഗർഭവതിയാക്കപ്പെടുന്ന ഒരു പാവം പെണ്ണിന്റേത്. തന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിനോടു പോലും അവൾക്കു സ്നേഹമുണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്.

അതുവരെയുള്ള അവളുടെ ജീവിതം അത്തരത്തിലൊരു ബലാൽക്കാരത്തിലൂടെയും ആഗ്രഹിക്കാത്ത ശിശു ജനനത്തിലൂടെയും ഗതി മാറിയൊഴുകുന്നു. ഭൂരിപക്ഷം സാഹചര്യങ്ങളിലും ആ പെൺ ജന്മം അത്തരമൊരു സംഭവത്തോടെ ഞെട്ടറ്റു പോവുകയോ വാടിക്കൊഴിയുകയോ ഒക്കെ ചെയ്യുന്നു. ഒരു പെണ്ണിന് വന്നു ചേരാവുന്ന ഏറ്റവും  വലിയ ദുരനുഭവങ്ങളിൽ ഒന്നാണ് അവളുടെ അനുവാദത്തോടെയല്ലാതെയുള്ള ലൈംഗിക ബന്ധം. അതിലൂടെ ഗർ‍ഭധാരണം സംഭവിക്കുകയാണെങ്കിൽ ആ ദുരനുഭവവേദനയുടെ ദൈർഘ്യം അവസാനമില്ലാതെ നീളുന്നു. അതിൽ നിന്നുള്ള ആഘാതം കുറക്കാനുള്ള മാർഗ്ഗങ്ങളിൽ ഒന്നാണ് ഗർ‍ഭച്ഛിദ്രം അഥവാ ഭ്രൂണഹത്യ. ലൈംഗിക അതിക്രമം വഴിയുള്ള ഗർഭധാരണം ഭ്രൂണഹത്യ വഴി ഇല്ലാതാക്കുന്നതിന്റെ ധാർമ്മികത നിരന്തരം ചർ‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ലോകമൊട്ടാകെ പല തരത്തിലുള്ള വിശ്വാസങ്ങളുടെ പേരിൽ ഭ്രൂണഹത്യയെ അനുകൂലിക്കുന്നവരും എതിർ‍ക്കുന്നവരും തന്നെയാണ് ഈ പ്രശ്നത്തിലും പക്ഷം പിടിക്കുന്നത്. ഗർഭപാത്രങ്ങളിൽ ഉയിർകൊണ്ട ഓരോ ജീവനും ഭൂമുഖത്ത് ജീവിക്കാനുള്ള അവകാശത്തെ മുൻ‍നിർത്തിയാണ് ഭ്രൂണഹത്യാ വിരുദ്ധർ നിലപാട് കടുപ്പിക്കുന്നത്. ഇരയുടെ മാനസികാവസ്ഥക്കും അവകാശങ്ങൾക്കും ഈ വിഭാഗം ഒട്ടും പ്രാധാന്യം നൽകുന്നില്ല.

ഭാരതത്തിലെ സാമൂഹ്യ സാഹചര്യങ്ങളനുസരിച്ച് ഇത്തരത്തിൽ ഇരയും മാതാവും ആകപ്പെട്ട ഒരു പെൺകൊടിയുടെ അവസ്ഥ അതീവ പരിതാപകരമായിരിക്കും. ഇത് കണക്കിലെടുക്കാതെയാണ് ഗുജറാത്ത് ഹൈക്കോടതി കഴിഞ്ഞ ദിവസം ഇത്തരമൊരു കേസിൽ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. ബാലാത്കാരത്തിനിരയായ പെൺകുട്ടിക്ക് ഭ്രൂണഹത്യക്ക് അനുവാദം നിഷേധിച്ച കോടതി ധൈര്യമായി കുട്ടിക്ക് ജന്മം നൽകാനാണ് അവളോട് നിർദ്ദേശിച്ചിരിക്കുന്നത്. ധാർമ്മികമായും നിയമപരമായും ഇതാണ് ശരിയെന്നും കോടതി നിരീക്ഷിക്കുന്നു. നിയമപരമായ ശരികൾ നിലനിൽ‍ക്കുകയും അംഗീകരിക്കുകയും ചെയ്യുന്പോൾ തന്നെ പരാതിക്കാരിയുടെയും അവളെ പോലെയുള്ള മറ്റു പെൺകുട്ടികളുടെയും മാനസികാവസ്ഥക്കും നമ്മുടെ രാജ്യത്തെ കോടതികളും നിയമ  സംവിധാനങ്ങളും ഊന്നൽ നൽ‍കേണ്ടിയിരിക്കുന്നു എന്ന് പറയാതെ വയ്യ. മാനുഷികത പാലിക്കാത്ത നിയമങ്ങൾ തിരുത്തലുകൾക്ക് വിധേയമായേ തീരൂ.

You might also like

  • Straight Forward

Most Viewed