ശത്രുത വഴി മാറുന്പോൾ
വി.ആർ. സത്യദേവ്
ചിലർ വരുന്പോൾ ചരിത്രം വഴിമാറുമെന്നാണ് ചൊല്ല്. മറ്റു ചിലർ വരുന്പോഴാകട്ടെ ശത്രുതയും വഴിമാറും. അത് പുതിയ ചരിത്ര രചനയ്ക്ക് നാന്ദിയാകും. പനാമ സിറ്റിയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത് അതാണ്. അമേരിക്കൻ മേഖലയുടെ പൊതുവായുള്ള പ്രശ്നങ്ങളും വികസന പരിപ്രേക്ഷ്യവും ചർച്ച ചെയ്യാൻ പനാമ സിറ്റിയിൽ ചേർന്ന അമേരിക്കൻ ഉച്ചകോടിയിൽ അമേരിക്കയുടേയും ക്യൂബയുടേയും രാഷ്ട്ര നായകന്മാർ പരസ്പരം ഹസ്ത ദാനം ചെയ്തത് മേഖലയുടെ ഭാവി തന്നെ തിരുത്തി കുറിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒബാമ-കാസ്ട്രോ ഹസ്ത ദാനത്തോടെ അമേരിക്കൻ ഉച്ചകോടി ഒബാമ-കാസ്ട്രോ ഉച്ചകോടിയായി പരിണമിച്ചു എന്നാണ് സി.എൻ.എൻ ചാനലിന്റെ റിപ്പോർട്ടർ ജിം അക്കൊസ്റ്റ വിലയിരുത്തിയത്. അത് വാസ്തവവുമാണ്. ഇന്നലെ ഇരുനേതാക്കളും ഹസ്തദാനം ചെയ്തതോടെ ഉച്ചകോടിയിലെ മറ്റു വിഷയങ്ങളെല്ലാം തികച്ചും അപ്രസക്തങ്ങളായിക്കഴിഞ്ഞു. ലോക മാധ്യമങ്ങളെല്ലാം ചർച്ച ചെയ്യുന്നത് ഈ ചരിത്ര ഹസ്തദാനം തന്നെ.
ശത്രുത സംഘർഷങ്ങൾക്ക് വഴിെവയ്ക്കുന്നു. അത് എവിടെയും അസ്വസ്ഥതയുടെ ഇരുൾ പരത്തുന്നു. ആ ഇരുൾ മാറുന്നത് ലോകത്തെ കൂടുതൽ മനോഹരമായ ഇടമാക്കുന്നു. അതിനുള്ള ശ്രമങ്ങളാണ് അമേരിക്കൻ രാഷ്ട്ര നായകൻ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത് എന്നതിൽ രണ്ടഭിപ്രായമില്ല. ഒബാമയുടെ നിലപാടുകളിലും നടപടികളിലും ആത്മാർത്ഥതയുണ്ടെങ്കിൽ അത് ലോകഗതി മാറ്റുമെന്നും ഉറപ്പാണ്. ദശാബ്ദങ്ങളായി പരസ്പരം പോരടിച്ചു നിൽക്കുന്ന ശക്തികൾക്കിടയിൽ ഇത്തരത്തിലൊരു ആത്മാർത്ഥത ദർശിക്കാനാകുന്നു എങ്കിൽ അത് ഗുണകരമാണ്. അമേരിക്ക ക്യൂബ പക്ഷങ്ങൾക്കിടയിൽ പരസ്പര വിശ്വാസത്തിന്റെ ശക്തമായ സാന്നിദ്ധ്യം കണ്ടു തുടങ്ങി എന്നാണ് ഉച്ചകോടിക്കിടെ പ്രസിഡണ്ട് റൗൾ കാസ്ട്രോ നടത്തിയ പ്രസംഗം നൽകുന്ന സൂചന.
തങ്ങൾക്കു ലഭിക്കുന്ന അന്താരാഷ്ട്ര വേദികളിലൊക്കെ ക്യൂബയുടെ വികസനത്തിന്റെ വഴി മുടക്കുന്നത് അമേരിക്ക ഏർപ്പെടുത്തിയ വ്യാപാര വിലക്കാണ് എന്ന് നൂറാവർത്തി ഉരുക്കഴിക്കുന്ന പതിവിന് ഇത്തവണയും റൗൾ കാസ്ട്രോ മുടക്കം വരുത്തിയില്ല. സംസാരിക്കാൻ ആറു മിനിട്ട് ലഭിച്ചപ്പോൾ അദ്ദേഹമെടുത്തത് അര മണിക്കൂറിൽ ഏറെയാണ്. എന്നാൽ അതിനിടെ പറഞ്ഞ ഒരൊറ്റ വാചകം ഉഭയ കക്ഷി ബന്ധം സാധാരണ ഗതിയിൽ ആക്കുന്ന കാര്യത്തിൽ ഏറെ പ്രതീക്ഷ നൽകുന്നതുമായിരുന്നു. പ്രസിഡണ്ട് ഒബാമ വിശ്വസിക്കാൻ കൊള്ളാവുന്നവനാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. വർത്തമാന കാല യാഥാർത്ഥ്യങ്ങൾ എന്തൊക്കെയായാലും ശത്രുതയുടെ മഞ്ഞുരുകാനുള്ള സാഹചര്യങ്ങൾ നിലവിലുണ്ട് എന്നതാണ് “In my openion president Obama is an honest man”എന്ന വാക്കുകൾ നൽകുന്ന സൂചന. താൻ ഒബാമയുടെ ഒന്ന് രണ്ടു ജീവചരിത്ര പുസ്തകങ്ങൾ വായിച്ചിരുന്നു. അവ പൂർത്തിയാക്കാനായില്ല. ഇനിയും സമയമെടുത്ത് അവ വായിക്കും. അദ്ദേഹത്തിന്റെ ചെറുപ്പ കാലത്തെ ബുദ്ധിമുട്ടു നിറഞ്ഞ സാഹചര്യങ്ങൾ ഒബാമയുടെ മികച്ച വ്യക്തിത്വം രൂപീകരിക്കുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നും റൗൾ കാസ്ട്രോ പറയുന്നു.
പ്രസിഡണ്ട് റൗളുമായി നടത്തിയ കൂടിക്കാഴ്ചയിൽ തനിക്കേറെ പ്രതീക്ഷയുണ്ടെന്നായിരുന്നു ചരിത്ര കൂടിക്കാഴ്ച്ചക്കിടെ ഒബാമ മാധ്യമങ്ങളോട് പറഞ്ഞത്. കൂടിക്കാഴ്ച ഊഷ്മളവും ഫലപ്രദവുമായിരുന്നു. രണ്ടു തവണ ഫോണിലും ഇപ്പോൾ നേരിട്ടും നടത്തിയ ചർച്ചകളിൽ ഇരുവർക്കും തങ്ങളുടെ വ്യത്യസ്ത നിലപാടുകളും അഭിപ്രായങ്ങളും ആശങ്കകളും ആത്മാർത്ഥതയോടെ തുറന്നു പ്രകടിപ്പിക്കാനായി.
ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിനു പുതിയ ദിശാഗതി നൽകും. സാമൂഹ്യ പരമായി തികച്ചും വ്യത്യസ്തമായ നിലപാടുകളും രീതികളുമാണ് രണ്ടു രാജ്യങ്ങൾക്കുമുള്ളത്. ഇതിൽ വിവാദപരവും പ്രകോപനപരവുമായ വിഷയങ്ങൾ ഒഴിവാക്കി പരസ്പരം ഇടപെടുകയെന്നതാണ് ഇപ്പോൾ അനുവർത്തിക്കുന്ന രീതി. അമേരിക്കയുടെ നിലപാടുകളിലും ശൈലിയിലും പൂർണ്ണമായ വിശ്വാസം നിലനിർത്തുന്പോൾ തന്നെ ആ ശൈലി എല്ലാവരും അതേപോലെ അനുവർത്തിക്കണം എന്ന നിലപാടല്ല അമേരിക്കയുടേത്. പ്രസിഡണ്ട് ഒബാമ ഇക്കാര്യത്തിലുള്ള തന്റെ നിലപാട് വ്യക്തമാക്കുന്നത് ഇങ്ങനെയാണ്. ഇവിടെ ക്യൂബൻ പ്രശ്നത്തിൽ മാത്രമല്ല ആഗോള രാഷ്ട്രീയത്തിൽ തന്നെയുള്ള അനാവശ്യ അപ്രമാദിത്വത്തിനുള്ള എടുത്തു ചാട്ട ശ്രമങ്ങളിൽ നിന്നും അമേരിക്ക ചുവടു മാറ്റം നടത്തി തുടങ്ങുന്നു എന്ന് വ്യക്തമാകുന്നു. ലോകത്തെ എല്ലാ രാഷ്ട്രങ്ങൾക്കുമേലും സ്വന്തം അധീശത്വം അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾക്കായി അത്യദ്ധ്വാനം ചെയ്യുന്പോൾ അമേരിക്കൻ മണ്ണിൽ തന്നെ തങ്ങളുടെ കാലിനടിയിലെ മണ്ണൊലിച്ചു പോകുന്നത് അവർ തിരിച്ചറിയുന്നു. അമേരിക്കൻ ഭൂഖണ്ധത്തിലെ ബ്രസീലും ചൈനയും റഷ്യയും ഭാരതവും ഒക്കെ ചേർന്ന് തങ്ങളുടെ അപമാദിത്വത്തിനെതിരെ സംഘടിച്ചു ശക്തരാകുന്നത് അവർ തിരിച്ചറിയുന്നു. കരുത്തരായ പുതിയ ലോക നേതാക്കളുടെ സാന്നിധ്യം അവരെ മാറ്റിചിന്തിപ്പിക്കുന്നു. അകലങ്ങളിൽ ചങ്ങാത്തം കൂടുന്നതിനൊപ്പം അടുത്തുള്ള ശത്രുക്കളെ എങ്ങനെയും മിത്രങ്ങളാക്കേണ്ടതിന്‍റെ പ്രാധാന്യവും അമേരിക്ക തിരിച്ചറിഞ്ഞു കഴിഞ്ഞു.
ഇതൊന്നും ഒരൽപ്പ കാലം മുന്പ് വരെ ലോകത്തിനു പ്രതീക്ഷിക്കാവുന്ന കാര്യങ്ങളായിരുന്നില്ല. അതുകൊണ്ടാണ് എല്ലാ പൂർവ്വ വൈരാഗ്യങ്ങളും വിമതരുടെ ആരോപണങ്ങളും മറന്ന് ക്യൂബയുമായി അടുക്കാൻ ഒബാമയെ നിർബ്ബന്ധിതനാക്കുന്നത്. “United states will not be imprisoned by the past.” എന്നാണ് ഒബാമ പറഞ്ഞത്. പൂർവ്വ സൂരികളുടെ കാലങ്ങളിൽ സംഭവിച്ച കാര്യങ്ങളൊന്നും ഭാവിയിലെ സൗഹൃദത്തിനു വിലങ്ങുതടിയാവില്ല എന്നാണ് ഇതിന്റെ വ്യംഗ്യാർത്ഥം. ഭാവിയിലേക്കാണ് തങ്ങൾ ഉറ്റു നോക്കുന്നതെന്നും ഒബാമ വ്യക്തമാക്കുന്നു. ക്യൂബൻ വിഷയത്തിലെ അമേരിക്കൻ നിലപാടുമാറ്റം മേഖലയുടെ മൊത്തം ഗതി മാറ്റത്തിന് വഴിവെയ്ക്കുമെന്നും ഒബാമ പറയുന്പോൾ ലോകം അത് യാഥാർത്ഥ്യമാകും എന്ന് തന്നെ പ്രതീക്ഷിക്കുന്നു.
അര നൂറ്റാണ്ടായി പരസ്പരം കൊന്പു കോർത്തിരുന്ന ഇരു രാജ്യങ്ങളും തമ്മിൽ സൗഹൃദം തളിരിടുന്നതിന്റെ സൂചനകൾ കഴിഞ്ഞ കുറേ മാസങ്ങളായി കണ്ടു തുടങ്ങിയിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഒബാമയാണ് ഈ ദിശയിലുള്ള ആദ്യ ചുവടു വെപ്പ് നടത്തിയത്. തുടർന്ന് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനരാരംഭിക്കാനുള്ള നടപടികളും തുടങ്ങി. നയതന്ത്ര ഉദ്യോഗസ്ഥർ തമ്മിൽ നിരന്തരം ബന്ധപ്പെടുന്നത് കാര്യങ്ങൾ ഏറെ എളുപ്പമാക്കി.
ഇതൊക്കെയാണെങ്കിലും ഇരു രാജ്യങ്ങളും തമ്മിൽ ഊഷ്മളമായ ഒരു ബന്ധം ഉണ്ടാകുക എന്നത് എളുപ്പവുമല്ല. പല കാര്യങ്ങളിലും വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്ന രാഷ്ട്രങ്ങളാണ് അമേരിക്കയും ക്യൂബയും. ക്യൂബയിൽ കമ്യൂണിസ്റ്റുകളുടെ ഏകകക്ഷി ഭരണമാണ് നിലനിൽക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യം കമ്യൂണിസ്റ്റ് ക്യൂബയിൽ അടിച്ചമർത്തപ്പെടുന്നു എന്നത് പരസ്യമായ രഹസ്യമാണ്. അതുകൊണ്ട് തന്നെ പരസ്യമായ പ്രതിഷേധങ്ങളും അടിച്ചമർത്തപ്പെടുന്നു. അങ്ങനെ അതൊക്കെ മനുഷ്യാവകാശ ധ്വംസ്സനങ്ങൾക്ക് വഴി വെയ്ക്കുകയും ചെയ്യുന്നു. ഇതിനു കടകവിരുദ്ധമായ ജനാധിപത്യത്തിലൂന്നിയ ഭരണ സംവിധാനമാണ് അമേരിക്കയുടേത്. ജനാധിപത്യത്തിന്റെ ആഗോള സംരക്ഷക സ്ഥാനം സ്വയം അവകാശപ്പെടുന്ന ശക്തിയാണ് അമേരിക്ക. ഇത് മാത്രമല്ല അമേരിക്കയിലെ വലിയൊരു വിഭാഗത്തിനു ഇനിയും ക്യൂബയെ അംഗീകരിക്കാനും ആയിട്ടില്ല. ഒബാമയുടെ സ്വന്തം ഡെമോക്രാറ്റിക് കക്ഷിയിൽ പെട്ട സെനറ്റർ ബോബ് മെനൻഡസ് പോലുള്ളവരും ഇക്കാര്യത്തിൽ ഒബാമയെ വിമർശിക്കുകയാണ്.
തീവ്രവാദത്തെ തുണയ്ക്കുന്ന രാഷ്ട്രങ്ങളുടെ പട്ടികയിൽ നിന്നും ക്യൂബയെ നീക്കാൻ അമേരിക്ക ഇതുവരെ തയ്യാറായിട്ടില്ല. ഇക്കാര്യത്തിൽ തനിക്കനുകൂലമായി തീരുമാനമെടുക്കാൻ അമേരിക്കൻ കോൺഗ്രസിനെ പ്രേരിപ്പിക്കാൻ ഒബാമക്ക് പാട് പെടേണ്ടി വരും.
1959ൽ അന്നത്തെ അമേരിക്കൻ പ്രസിഡണ്ട് റിച്ചാർഡ് നിക്സണും ക്യൂബൻ നായകൻ ഫിദൽ കാസ്ട്രോയും തമ്മിൽ കൂടിക്കാഴ്ച നടത്തിയ ശേഷം ഇരു രാഷ്ട്രങ്ങളുടേയും പുതിയ നായകന്മാർ കൂടിക്കാഴ്ച നടത്തിയിരിക്കുന്നു. ഇത് ചരിത്രമാണ്. ചരിത്രം തിരുത്തിക്കുറിക്കുന്നത് തന്നെയുമാണ്.
“പുതുമ തേടാൻ സമയമായിരിക്കുന്നു. നമുക്ക് ഭാവിയിലേക്ക് ചുവടു വെയ്ക്കാം.” എന്ന് ഒബാമ പറയുന്പോൾ വിരിയുന്നത് പ്രതീക്ഷയുടെ പുതിയ പൂക്കളാണ്.