മികച്ച സി.പി.എം മാതൃക


കേരളത്തിലെ അതിർത്തി ടൗണായ കുമളിയിൽ നിന്നും തമിഴകത്തെ കന്പത്തേക്കുള്ള റോഡിൽ  വലത്തോട്ടു തിരിഞ്ഞാണ് പ്രശസ്തമായ സുരുളി വെള്ളച്ചാട്ടത്തിലേക്കുള്ള വഴി. മുന്തിരിത്തോപ്പുകളും തെങ്ങിൻ തോപ്പുകളും പച്ചക്കറിപ്പാടങ്ങളും എല്ലാം കൊണ്ട് സന്പന്നമായ പ്രകൃതിയുടെ നിറവിലൂടെയാണ് അങ്ങോട്ടുള്ള വഴി. വെള്ളച്ചാട്ടം കണ്ടു തിരികെ വരും വഴിയായിരുന്നു മനോഹരമായ ഒരു മുന്തിരിത്തോട്ടത്തിനരികിൽ വണ്ടി നിർത്തിയത്. വേലി കെട്ടി ഭദ്രമാക്കിയ തോട്ടത്തിന്റെ വാതിൽക്കൽ മുന്തിരിപ്പഴങ്ങൾ നിറച്ച കൂടകളും നിരത്തി തോട്ടക്കാരൻ. അയാൾ പഴത്തിന്റെ ഗുണഗണങ്ങൾ മലയാളത്തിലും തമിഴിലുമായി പറഞ്ഞു കൊണ്ടേയിരുന്നു.

തോട്ടക്കാരന്റെ അനുവാദത്തോടെ ഉള്ളിൽ കയറിയതും ഒരു വല്ലാത്ത അനുഭൂതി. അതി പുരാതന കാലം തൊട്ട് കഥകളിലും കാവ്യങ്ങളിലും ഇടം കണ്ട മുന്തിരിയുടേയും മുന്തിരിത്തോപ്പിന്റെയും സാന്നിധ്യം അറിയാതെ പെട്ടെന്ന് മറ്റേതോ ലോകത്തേക്ക് കൈ പിടിച്ചു നയിക്കും പോലെ. സ്വാഭാവികമായ കൗതുകത്തോടെ അവിടെയുണ്ടായിരുന്ന തൊഴിലാളികളുമായി ഇടപെട്ടതോടെ സ്ഥലത്തെ മുന്തിരി കൃഷിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിവായി. ഭൂമിയുടെ വിലയെപ്പറ്റിയും കൃഷി രീതിയെപ്പറ്റിയും കൂലിയെയും ലാഭത്തെയും എല്ലാമുള്ള വിവരങ്ങൾ അവരിലെ പ്രമാണിമാർ വിശദീകരിച്ചു. കൃഷിയിലെ കീടശല്യത്തെയും നഷ്ടത്തെയും കുറിച്ചു പറയുന്പോൾ അവരൊരൽപ്പം കരുതൽ കാട്ടി.

സംഭാഷണത്തിലൂടെ അടുത്തതോടെ പഴുത്ത മുന്തിരിക്കുലയിൽ നിന്നും ആവശ്യമുള്ളത് പറിച്ചെടുത്തുകൊള്ളാനും അവരെനിക്ക് സമ്മതം തന്നു. അങ്ങനെ അറുത്തെടുക്കാൻ കയ്യെത്തി പിടിക്കുന്പോഴാണ് മനോഹരമായ മുന്തിരി ഗോളങ്ങളിലെ വെളുപ്പും മഞ്ഞയും നിറങ്ങളിലുള്ള പാടുകൾ ശ്രദ്ധിച്ചത്. അതെന്താണെന്ന എന്റെ ചോദ്യത്തിന് അതിനിസാരമായാണ് കറുത്തു തടിച്ച ആ തൊഴിലാളി സ്ത്രീ പ്രതികരിച്ചത്. “ അത് മരുന്തു പൊട്ടത് താൻ സാർ. ഡ്രൈയ്യാറുക്ക്. എന്ത പ്രച്നൈയും കെടയാത്. സൂപ്പർ പളം. സാപ്പിടുങ്കോ, സാർ.” (മരുന്നടിച്ചതാ സാറേ. അത് ഉണങ്ങി പിടിച്ചിരിക്കുന്നതാ. ഒരു പ്രശ്നവുമില്ല. നല്ല സൂപ്പർ സാധനമാ. കഴിച്ചോളൂ; എന്ന് വാച്യാർത്ഥം.)

മരുന്ന് എന്നതുകൊണ്ടവർ‍ അർ‍ത്ഥമാക്കിയത് നമ്മൾ ഭീതിയോടെ മാത്രം കേൾക്കുകയും പറയുകയും  ചെയ്യുന്ന എൻഡോസൾഫാനും ഫ്യൂരിഡാനും ഒക്കെയാണ്. എന്റെ ഉള്ളൊന്നു കാളി. പെട്ടെന്നുള്ള എന്റെ ഭാവ മാറ്റം കണ്ടാവാം എനിക്ക് വിശ്വാസം പകരാൻ‍ ആ സ്ത്രീ ഒന്നു രണ്ടു മുന്തിരിങ്ങ പറിച്ചു തിന്നു. ദൈവമേ, വിഷത്തിൽ‍ മുങ്ങിക്കുളിച്ച ഈ പഴങ്ങളാണ് മലയാളി കഴുകിയും കഴുകാതെയും ഒക്കെ രുചിയോടെ അകത്താക്കുന്നത്. നമ്മുടെ അതിർത്തി ഗ്രാമങ്ങളിലെ പാടങ്ങളിലൊക്കെ വിളഞ്ഞു നിൽക്കുന്ന പുഴുക്കുത്തേൽക്കാത്ത പച്ചക്കറിയുടെ സംരക്ഷകർ ഈ കൊടിയ വിഷങ്ങളാണ്. നമ്മുടെ മനസിനെയും രുചി മുകുളങ്ങളെയും സംതൃപ്തമാക്കുകയെന്നതാണ് അവയുടെ പ്രാഥമിക ധർമ്മം. പോക്കറ്റ് കാലിയാക്കുന്ന വിലയാണ് നമ്മൾ അതിനു നല്കേണ്ടി വരുന്നത്. നമ്മളറിയാതെ അതിലും വലിയൊരു വിലയും അതിനു നൽകുന്നുണ്ട് എന്നതാണ് വാസ്തവം. വിഷലിപ്തമായ ആ പച്ചക്കറികൾ മലയാളിക്ക് സമ്മാനിക്കുന്നത് മാരക രോഗങ്ങളുടെ കൊടിയ ദുരിതം കൂടിയാണ്. സത്യത്തിൽ അകാല മരണവും ദുരിതവും വില കൊടുത്ത് വാങ്ങുകയാണ് മലയാളി ചെയ്യുന്നത്.

ദുരിതങ്ങളുടെ പരകോടിയിൽ കഴിയുന്ന സാധാരണ തമിഴ് കർഷകനെ പട്ടിണിയിൽ നിന്നും അകറ്റി നിർത്താൻ ഒരു പക്ഷെ  സംരക്ഷണത്തിന്റെ മരുന്നു പ്രയോഗം ആവശ്യമായിരിക്കാം. എന്നാൽ ആ വിഷമത്രയും വാങ്ങിക്കഴിക്കാൻ നമ്മൾ മലയാളികൾ പ്രതിജ്ഞാ ബദ്ധരൊന്നുമല്ല. ഒരൽപം അദ്ധ്വാനവും ശ്രദ്ധയുമുണ്ടെങ്കിൽ നമുക്കാവശ്യമുള്ള പച്ചക്കറികളിൽ ഭൂരിഭാഗവും നമുക്ക് തന്നെ വിളയിച്ചെടുക്കാം എന്നതാണ് എന്റെയും അനുഭവം. സമൂഹത്തിൽ മറ്റെന്തിനെക്കാളും അടിയന്തിരമായ ആവശ്യം ഇത്തരത്തിലുള്ള അവബോധം വളർന്നു വരികയെന്നതാണ്. ഇക്കാര്യത്തിൽ‍ നമ്മുടെ സാമൂഹ്യ സംഘടനകൾക്ക് വഹിക്കാനുള്ള പങ്ക് വളരെ വലുതാണ്‌. രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഗ്രൂപ്പ് കളികളുടെയും തരംതാണ രാഷ്ട്രീയ കളികളുടേയും പതിവ് കളങ്ങളിൽ നിന്നും പുറത്ത് വന്ന് അടിയന്തിരമായി ഇടപെടേണ്ടത് ഇത്തരം വിഷയങ്ങളിലാണ്. 

ഇക്കാര്യത്തിൽ സി.പി.എമ്മും അതിന്റെ പ്രാദേശിക ഘടകങ്ങളും കാട്ടുന്ന ശ്രദ്ധ മറ്റു രാഷ്ട്രീയ പാർട്ടികൾക്കും മാതൃകാപരവും അഭിനന്ദനാർഹവുമാണ്. ആലപ്പുഴ കേന്ദ്രീകരിച്ച് ഡോക്ടർ തോമസ്‌ ഐസക്കിന്റെ നേതൃത്വത്തിൽ നടക്കുന്ന ജൈവ പച്ചക്കറി കൃഷിക്കും മാലിന്യ നിർമ്മാർജ്ജന പരിപാടികൾക്കുമൊപ്പം മറ്റു പല പ്രാദേശിക ഘടകങ്ങളും ജൈവ പച്ചക്കറി പ്രചാരണ പരിപാടികളുമായി രംഗത്തെത്തിയിരിക്കുന്നു. സി.പി.എം കാലടി ഏരിയാ കമ്മറ്റിയുടെ ജൈവ പച്ചക്കറി വ്യാപന പരിപാടി ഇതിന്റെ ഭാഗമാണ്. ഇത് കൂടുതലിടങ്ങളിലേക്ക് വ്യാപിക്കേണ്ടതുണ്ട്. രാഷ്ട്രീയത്തെയും രാഷ്ട്രീയക്കാരെയും കുറിച്ചുള്ള പൊതു സമൂഹത്തിന്റെ ധാരണ തിരുത്തിക്കുറിക്കാനും ഭൂമി മലയാളത്തിന്റെ സാമൂഹികാരോഗ്യവും സന്പദ് രംഗവും കൂടുതൽ ശോഭാനമാകാനും ഇത് വഴി വയ്ക്കും എന്നുറപ്പ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed