നാണക്കേടിന്റെ രാഷ്ട്രീയം
വി.ആർ സത്യദേവ്
ആന്ധ്ര വന മേഖലയിൽ തുടരുന്ന ഏറ്റുമുട്ടലിൽ അവസാന റിപ്പോർട്ടു കിട്ടുന്പോൾ ഇരുപതിലേറെ ചന്ദന കൊള്ളക്കാർ മരിച്ചു എന്നാണു വിവരം. വനത്തിലെ ചന്ദനം മുറിച്ചു കടത്തുന്നവർക്കാണ് ഭരണകൂടത്തിന്റെ ഭാഗമായ പൊലീസ്, വിചാരണ കൂടാതെ വധശിക്ഷ നൽകിയിരിക്കുന്നത്. സംരക്ഷിക്കപ്പെടേണ്ട സസ്യമാണ് ചന്ദനം. പക്ഷെ അത് വംശനാശ ഭീഷണിയിലൊന്നുമല്ല ഉള്ളത്. ചന്ദനത്തിന്റെ ഇലയോ തൊലിയോ ഒക്കെ മാത്രം തിന്നു ജീവിക്കുന്ന ജന്തുക്കളും ഉള്ളതായി അറിയില്ല. 20 മനുഷ്യ ജീവനേക്കാൾ വിലപ്പെട്ടതാണോ ഓരോ ചന്ദനത്തിന്റേയും നിലനിൽപ്പ് എന്ന കാര്യത്തിലും സംശയമുണ്ട്. കൊല്ലപ്പെട്ട മനുഷ്യരെല്ലാം കാട്ടിലെ ചന്ദന മരം വെട്ടി വിറ്റു കോടീശ്വരന്മാരാകാൻ കച്ചകെട്ടിയിറങ്ങിയവരായിരുന്നോ എന്ന കാര്യത്തിലും സംശയമുണ്ട്.
ഈ ചന്ദനക്കൊള്ളക്കാർ ആ തൊഴിലിൽ എത്തിപ്പെട്ടത് എങ്ങനെയെന്നു പരിശോധിക്കേണ്ടതുണ്ട്. അവരെ നല്ല വഴിക്ക് നടത്താനും അകാല മരണത്തിന്റെ കുരുക്കിൽ നിന്നും വഴി തിരിച്ചു വിടാനും എന്ത് കൊണ്ട് നമ്മുടെ ഭരണ കൂടങ്ങൾക്കായില്ല എന്ന ചോദ്യവും പ്രസക്തമാണ്. പ്രത്യേകിച്ച്, ഭൂമി മലയാളത്തിലെ രാഷ്ട്രീയാഭാസങ്ങൾ കാണുന്പോൾ. നാളുകളായി, മാസങ്ങളായി മലയാളക്കരയിൽ സുനാമിയായി അടിച്ചു കൊണ്ടിരുന്ന സോളാർ വിവാദം വീണ്ടും പ്രോജ്ജ്വലമാകുന്നതും ഈ വിവാദക്കുത്തൊഴുക്കിന്റെ ഭാഗം തന്നെയായാണ്.
മലയാളക്കരയിലെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം പി.സി ജോർജാണ് എന്നതാണ് വാർത്താ ചാനലുകളും സകലമാന പത്രങ്ങളും പരിശോധിച്ചാൽ കാണുന്ന വസ്തുത. പി.സി ജോർജ് എങ്ങനെയാണ് ഇത്ര വലിയ ഒരു മഹാപ്രശ്നമാകുന്നത്? ഒന്നുകിൽ അയാൾ സാമൂഹ്യ ജീവിതത്തെ തകിടം മറിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തണം. ഇതുവരെയുള്ള വിവരങ്ങൾ വെച്ച് അദ്ദേഹം ഒരു സാമൂഹ്യ വിരുദ്ധനല്ല. പ്രകോപനമില്ലാതെ ഏതെങ്കിലും ചന്ദ്രദാസിനെ ആക്രമിക്കുകയോ കൊലപ്പെടുത്തുകയോ ചെയ്തിട്ടുള്ള മറ്റൊരു നിഷാമാണ് ജോർജെന്ന് ആരും പറഞ്ഞു കേട്ടിട്ടില്ല. അടുത്തതായി, നാടിന്റെ വികസന പദ്ധതികളെയെല്ലാം തുരങ്കം വെയ്ക്കുന്ന ഒരു വികസന വിരുദ്ധനാണെങ്കിലും അയാളെ ഒരു വലിയ പ്രശ്നമായി നമുക്ക് വിലയിരുത്താം. പണ്ട് കോടികൾ കൊയ്തു കൂട്ടാനുള്ള ചില നിക്ഷിപ്ത താൽപ്പര്യക്കാരുടെ തന്ത്രത്തിന്റെ ഭാഗമായ എക്സ്പ്രസ് ഹൈവേ നടപ്പാക്കാൻ ശ്രമിച്ചപ്പോൾ മദ്ധ്യ തിരുവിതാംകൂറിൽ അതിനെതിരെയുള്ള സാധാരണക്കാരുടെ പ്രതിരോധത്തോട് ശക്തമായ ഐക്യ ദാർഡ്ഡ്യം പ്രഖ്യാപിച്ചതൊഴിച്ചാൽ നാടിന്റെ മറ്റു വികസനങ്ങൾക്കൊന്നും അദ്ദേഹം തടസ്സം നിന്നിട്ടുമില്ല. അങ്ങനെയുള്ള പി.സി എങ്ങനെയാണ് നമ്മുടെ പൊതു സമൂഹത്തെ സംബന്ധിച്ചിടത്തോളം ഇത്ര വലിയ പ്രശ്നമാകുന്നത് എന്നുറക്കെ ചിന്തിച്ചേ മതിയാവൂ.
നമ്മുടെ രാഷ്ട്രീയത്തെ പൊതു താൽപ്പര്യങ്ങൽക്കുപരി സ്വാർത്ഥ താൽപ്പര്യങ്ങളും അതിന്റെ അനുബന്ധ ദോഷങ്ങളും പിടി മുറുക്കിയിരിക്കുന്നു. ഭരണ, പ്രതിപക്ഷങ്ങളെല്ലാം ഈ ദോഷങ്ങളുടെ ചെളിക്കുഴിയിൽ നീന്തിത്തുടിക്കുകയാണ്. ജനാധിപത്യ പ്രക്രിയയിലൂടെ കൈവന്ന അധികാര സ്ഥാനങ്ങൾ അനധികൃത സ്വത്തു സന്പാദനത്തിനുള്ള അവകാശമായാണ് മന്ത്രിമാരും മറ്റുള്ളവരും എടുക്കുന്നതെന്ന പൊതു ധാരണ ശക്തമാണ്. ആഗോള കുത്തകകളെ നാഴികക്ക് നാൽപ്പത് വട്ടം കുറ്റം പറയുന്ന ‘അതി ജനകീയ’ നേതാക്കൾ പോലും തനിക്കും തന്റെ മക്കൾക്കുമായുള്ള കോർപ്പറേറ്റ് മാനേജ്മെന്റ് സ്ഥാപനങ്ങൾ പോലെ തന്നെയാണ് സ്വന്തം പാർട്ടികളേയും ഗ്രൂപ്പുകളേയും സംരക്ഷിച്ചു നയിക്കുന്നത്.
തൊഴിലാളികളെ ചൂഷണം ചെയ്യുന്നു എന്നും കൊള്ള ലാഭമുണ്ടാക്കുന്നു എന്നുമൊക്കെയുള്ള ആരോപണങ്ങൾ നേരിടുന്നവരാണ് കുത്തക മുതലാളിമാർ. ലാഭമുണ്ടാക്കുകയെന്നതാണ് അടിസ്ഥാനപരമായി ഒരു നല്ല വ്യവസായിയുടെ പ്രധാന ഗുണം. അത് പരസ്യമായി പ്രഖ്യാപിച്ചാണ് അവർ തങ്ങളുടെ വ്യവസായങ്ങൾ നടത്തുന്നത്. എന്നാൽ നിസ്വാർത്ഥ സേവനം മാത്രമാണ് തങ്ങളുടെ ജീവിത ലക്ഷ്യമെന്നു നാഴികക്ക് നാൽപ്പത് വട്ടം ആവർത്തിച്ചുകൊണ്ടാണ് നമ്മുടെ നേതാക്കളിൽ ബഹുഭൂരിപക്ഷവും ഇതിനെക്കാളൊക്കെ വലിയ ചൂഷണം നടത്തുന്നത്. ഇത് ജനങ്ങളോടുള്ള കൊടിയ വഞ്ചനയാണ്. പൊതുജന സേവകരെന്നു നടിച്ച് നമ്മുടെ നേതാക്കളിൽ ബഹുഭൂരിപക്ഷവും നടത്തുന്നത് തീവെട്ടിക്കൊള്ളയാണ്. ചിലരുടെയെങ്കിലും ഇത്തരം തീവെട്ടിക്കൊള്ളകൾക്ക് താളഭംഗം വരുത്തിയത് കൊണ്ട് മാത്രമാണ് ‘പി.സി ജോർജ്’ ഇപ്പോഴൊരു ‘മഹാ’ പ്രശ്നമാകുന്നത്.
ഒരു സാധാരണക്കാരൻ സ്വന്തം അദ്ധ്വാനം കൊണ്ട് കോടീശ്വരനാകുന്നതിൽ തെറ്റ് പറയാനാവില്ല. എന്നാൽ അധികാര ദുർവ്വിനിയോഗങ്ങളിലൂടെ മാത്രം കോടികോടീശ്വരന്മാരായ ഒരുപാട് നേതൃക്കോമരങ്ങളെ നമുക്കറിയാം. കഴുതകളേപ്പോലെ നമ്മൾ അവരെ ചുമന്നുകൊണ്ടു യാത്ര തുടരുകയുമാണ്. വിചാരണ കൂടാതെ ചന്ദനക്കൊള്ളക്കാരെ ഉന്മൂലനം ചെയ്ത നിയമപാലന സംവിധാനം അവരെക്കാളൊക്കെ വലിയ ഇത്തരം രാഷ്ട്രീയ കൊള്ളക്കാരുടെ ചട്ടുകങ്ങളായാണ് പ്രവർത്തിക്കുന്നത്. യഥാർത്ഥത്തിൽ അഷ്ടിക്കു വക തേടിയ ആ മരം വെട്ടുകാരെയല്ല നാട്ടുകാരെ മൊത്തം പറ്റിച്ചു കൊഴുക്കുന്ന, നമ്മുടെ നാടിനു ഒരു ഗുണവുമില്ലാത്ത ഇത്തരം രാഷ്ട്രീയക്കാർക്കെതിരെയാണ് അതിശക്തമായ നടപടികൾ ഉടനുണ്ടാകേണ്ടത്.