ഒരു വശത്തേയ്ക്ക് മാത്രം ഒഴുകുന്ന പുഴ


മാതാപിതാക്കൾ‍ക്ക് മക്കളോട് എന്തുമാത്രം സ്‌നേഹമുണ്ട്? അത് വിവരണാതീതമാണ്. തിരിച്ച് മക്കൾ‍ മാതാപിതാക്കൾ‍ക്ക് എന്താണ് നൽകുന്നത്? അത് വിവരിക്കാതിരിക്കുന്നതായിരിക്കും നല്ലത്. മക്കളോടുള്ള സ്‌നേഹം ഒരു വശത്തേയ്ക്കുമാത്രം ഒഴുകുന്ന ഒരു പുഴയാണെന്ന് പറയാറുണ്ട്. നമ്മുടെ മാതാപിതാക്കൾ‍ നമ്മളെ സ്‌നേഹിക്കും. നമ്മുടെ സ്‌നേഹം പക്ഷേ അവരോടായിരിക്കില്ല, നമ്മുടെ മക്കളോടായാരിക്കും. 

ഗൗതമബുദ്ധന്റെ കാലത്ത് മഗധയിലെ രാജാവായിരുന്നു അജാതശത്രു. അദ്ദേഹത്തിന്റെ പിതാവ് ബിംബിസാരൻ‍ ബുദ്ധന്റെ ശിഷ്യനായിരുന്നു. അധികാരക്കൊതി മൂത്ത അജാതശത്രു പിതാവിനെ വധിച്ച് രാജാവാകാൻ‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ബിംബിസാരനാകട്ടെ മകനെ ശിക്ഷിക്കുന്നതിന് പകരം സ്വമനസാ രാജ്യാധികാരം കൈമാറുകയാണുണ്ടായത്. 

അജാതശത്രു ഇതിന് നന്ദി കാണിച്ചത് പിതാവിനെ തുറുങ്കിലടച്ച് പട്ടിണിക്കിട്ടു കൊല്ലാൻ‍ വിധിച്ചു കൊണ്ടാണ്. അജാതശത്രുവിന്റെ അമ്മയ്ക്ക് മാത്രമേ ബിംബിസാരനെ കാണാൻ‍ അനുവാദമുണ്ടായിരുന്നുള്ളൂ. രാജ്ഞി മടിയിൽ‍ ഭക്ഷണം ഒളിപ്പിച്ചു കടത്തി ബിംബിസാരന്റെ ജീവൻ നിലനിർ‍ത്താൻ‍ ശ്രമിച്ചു. അജാതശത്രു ഇതറിഞ്ഞു. തുടർ‍ന്ന് രാജ്ഞി മുടിക്കെട്ടിൽ‍ ഭക്ഷണം ഒളിപ്പിച്ചുകടത്തി. ഇതും രാജാവിന്റെ ചെവിയിലെത്തി. അപ്പോൾ‍ രാജ്ഞി സുഗന്ധദ്രവ്യങ്ങളാൽ‍ സ്‌നാനം ചെയ്ത് തേൻ, വെണ്ണ, നെയ്യ് തുടങ്ങിയവയുടെ മിശ്രിതം ശരീരത്തിൽ‍ തേച്ചുപിടിപ്പിച്ച് രാജാവിനെ കാണാൻ‍പോയി. ബിംബിസാരൻ അതു ഭക്ഷിച്ച് ജീവൻ‍ നിലനിർ‍ത്തി. ഇതും അറിഞ്ഞ അജാതശത്രു അമ്മ ഇനി അച്ഛനെ കാണേണ്ടെന്ന് ഉത്തരവിറക്കി.

എന്നാൽ‍, ബുദ്ധന്റെ ധർ‍മ്മോപദേശത്തിൽ‍ നിർ‍വാണത്തിലേയ്ക്കുള്ള ആദ്യപടി കടന്നിരുന്ന ബിംബിസാരൻ ഭക്ഷണമില്ലാത്തതൊന്നും കാര്യമാക്കാതെ ആത്മീയാനന്ദത്തിൽ‍ മുഴുകിക്കഴിഞ്ഞു പോന്നു. പിതാവിനെ കൊന്നേ അടങ്ങൂ എന്ന് നിശ്ചയിച്ചിരുന്ന അജാതശത്രു, തന്റെ ക്ഷുരകനെ വിളിച്ച് അച്ഛന്റെ കാൽ‍വെള്ളയിലെ തൊലി ചെത്തിക്കളഞ്ഞശേഷം ഉപ്പും എണ്ണയും പുരട്ടി തീക്കനലിൽ‍ക്കൂടി നടത്താൻ‍ ഉത്തരവിട്ടു. ക്ഷുരകൻ ശിക്ഷ നടപ്പാക്കി. ബിംബിസാരൻ‍ വലിയ വേദന അനുഭവിച്ചു മരിച്ചു. 

അന്നേദിവസം തന്നെ അജാതശത്രുവിന് ആദ്യജാതനുണ്ടായി. പിതാവിന്റെ മരണവും മകന്റെ ജനനവും സംബന്ധിച്ചുള്ള കുറിപ്പുകൾ‍ ഒരേ സമയമാണ് രാജാവിനടുത്തെത്തിയത്. ആദ്യം വായിച്ചത് മകന്റെ ജനനവാർ‍ത്തയാണ്. അജാതശത്രു അത്യധികം സന്തോഷിച്ചു. പുത്രവാത്സല്യത്തിൽ‍ നിറഞ്ഞ അദ്ദേഹം ഓടി തന്റെ അമ്മയുടെ അടുത്തെത്തി ചോദിച്ചു ‘അമ്മേ ഞാൻ‍ കുഞ്ഞായിരുന്നപ്പോൾ‍ അച്ഛൻ എന്നെ സ്‌നേഹിച്ചിരുന്നോ?’

വേദനനിറഞ്ഞ ഭാവത്തോടെ അമ്മ മകനെ നോക്കി. തുടർ‍ന്ന് പറഞ്ഞു ‘ഞാൻ‍ നിന്നെ ഗർ‍ഭം ധരിച്ചിരിക്കേ നിന്റെ പിതാവിന്റെ വലത്തേ കയ്യിലെ രക്തം കുടിക്കണമെന്ന് എനിക്കാഗ്രഹം തോന്നി. മനുഷ്യത്വരഹിതമായ മോഹം അദ്ദേഹത്തെ അറിയിക്കാൻ‍ ആദ്യം എനിക്ക് മടിയായിരുന്നു. പക്ഷേ എനിക്കു നിയന്ത്രിക്കാനായില്ല. നിന്റെ പിതാവ് സന്തോഷത്തോടുകൂടിത്തന്നെ ആ ആഗ്രഹം സാധിച്ചുതരികയാണുണ്ടായത്. ഗർ‍ഭത്തിലിരിക്കേതന്നെ ജോത്സ്യന്മാർ‍ പ്രവചിച്ചിരുന്നു, നീ പിതാവിന്റെ ഘാതകനാകുമെന്ന്. അതിനാലാണ് നിനക്ക് അജാതശത്രു എന്ന പേര് നൽകിയത്. ഗർ‍ഭത്തിൽ‍വെച്ചുതന്നെ നിന്നെ കൊല്ലാൻ‍ ഞാൻ‍ ശ്രമിച്ചെങ്കിലും നിന്റെ പിതാവ് സമ്മതിച്ചില്ല. ജനിച്ചു കഴിഞ്ഞും നിന്നെ ഇല്ലാതാക്കാൻ‍ ഞാൻ‍ ശ്രമിച്ചു, അപ്പോഴും അച്ഛനാണ് രക്ഷപ്പെടുത്തിയത്. നീ ചെറുപ്പമായിരിക്കേ നിന്റെ കയ്യിലൊരു പരു വന്നു. വേദനയാൽ‍ നിനക്ക് ഉറങ്ങാൻ‍ പോലും പറ്റാതായി. അക്കാലമത്രയും അച്ഛനായിരുന്നു നിനക്കാശ്വാസം. അച്ഛന്‍ നിന്റെ വിരൽ‍ തന്റെ വായിൽ‍ വച്ച് ഉറിഞ്ചിക്കൊണ്ടിരിക്കുന്പോൾ‍ മാത്രമാണ് നീ സ്വസ്ഥനായിരുന്നത്. ദർ‍ബാറിൽ‍ ഭരണം നടത്തുന്പോഴും അദ്ദേഹം നിന്നെ മടിയിലിരുത്തി നിന്റെ വിരൽ‍ ഉറുഞ്ചിക്കൊണ്ടിരുന്നു. അവസാനം പരു അദ്ദേഹത്തിന്റെ വായിൽ ‍‍വെച്ച് പൊട്ടി. നിന്നോടുള്ള സ്‌നേഹത്താൽ‍ പഴുപ്പ് തുപ്പിക്കളയാൻ‍ പോലും അദ്ദേഹം തയ്യാറായില്ല.’

അമ്മ പറഞ്ഞ കഥകൾ‍ അജാതശത്രുവിനെ ഉലച്ചു. ഒരു പിതാവാകുന്പോൾ‍ മാത്രമേ പിതൃവാത്സല്യം എന്താണെന്ന് മനസിലാകൂ എന്ന് അജാതശത്രുവിന് ബോധ്യപ്പെട്ടു. അദ്ദേഹം പശ്ചാത്താപത്താൽ‍ വിവശനായി കൈകളിൽ‍ മുഖംപൊത്തി. ചുടുകണ്ണീർ‍ ഒഴുക്കിക്കൊണ്ട് പിതാവിനെ ഉടൻ മോചിപ്പിക്കാൻ‍ അജാതശത്രു ഉത്തരവിട്ടു. പക്ഷേ, സമയം കഴിഞ്ഞിരുന്നു. ബിംബിസാരൻ എന്നെന്നേയ്ക്കുമായി കണ്ണടച്ചിരുന്നു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed