തമസോ­മ ജ്യോ­തി­ർ­ഗമയ....


പ്രദീപ് പുറവങ്കര

ഇന്ന് സപ്തംബർ എട്ട്. ലോക സാക്ഷരതാ ദിനം. 1965 നവംബർ 17 ന് സാക്ഷരതയുടെ വളർ‍ച്ച ലക്ഷ്യമാക്കി ലോകജനതയുടെ ഇടയിൽ ഇതിന്റെ പ്രസക്തി ആഗോളതലത്തിൽ ബോധവൽക്കരണത്തിലൂടെ നടത്തണമെന്ന് ഐക്യരാഷ്ട്രസഭ തീരുമാനിച്ചതിന്റെ ഫലമാണ് ലോക സാക്ഷര ദിനം രുപീകൃതമായത്. സാക്ഷരതയിൽ പറഞ്ഞുവരുന്പോൾ ഏറെ മുന്പിലാണ് കേരളമെങ്കിലും സന്പൂർണ സാക്ഷരത എന്ന സ്വപ്നം ഇപ്പോഴും അകലെ തന്നെയാണ്. നമ്മുടെ നാട്ടിൽ തുടർ സാക്ഷരത പ്രവർത്തനങ്ങൾ നടക്കാത്തത്തും, മുന്പത്തെ പോലെ സജീവമായ പ്രവർത്തകരുടെ ആവേശം കുറഞ്ഞുപോയതുമാണ് ഇതിന്റെ പ്രധാന കാരണം. 2001ലെ കാനേഷുമാരി പ്രകാരം ഇന്ത്യയിലെ സാക്ഷരത 65.38 ശതമാനമാണ്. കേരളത്തിൽ അത് 90.92 ശതമാനമാണ്. സാക്ഷരത മികവിലൂടെ മനുഷ്യൻ ഒരു ഭാഗത്ത് വളർ‍ച്ചയുടെ കൊടുമുടി നേടിയപ്പോൾ‍ നിരക്ഷരരായ ഒരു വിഭാഗം ജനങ്ങൾ‍ ഇന്ന് ലോകത്ത് ജീവിക്കുന്നുണ്ട്. ഏകദേശം 775 മില്യൺ ജനങ്ങളാണ് ഇന്നും അക്ഷരങ്ങൾ എന്താണെന്നും, എഴുത്തും, വായനയും എന്താണെന്നും അറിയാതെ ജീവിക്കുന്നത്. അഞ്ചിൽ ഒരാൾ‍ക്ക് എഴുത്തിന്റെയും വായനയുടെയും അറിവ് ലഭിച്ചിട്ടില്ല എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇതിൽ തന്നെ മൂന്നിൽ രണ്ടു പേരും സ്ത്രീകളാണ്. 60.7 മില്യൺ‍ വരുന്ന കുട്ടികൾ നാളിതു വരെ സ്‌കൂളുകളുടെ പരിസരത്ത് വരെ പോയിട്ടില്ല എന്ന് പറയുന്പോൾ സാക്ഷരതയുടെ ലോകം എവിടെ വരെ എത്തി നിൽ‍ക്കുന്നു എന്ന് മനസിലാക്കാം.

മനുഷ്യൻ ഇന്ന് കൈവരിച്ചിരിക്കുന്ന നേട്ടങ്ങളുടെയെല്ലാം അടിസ്ഥാനം എഴുത്തിന്റെയും വായനയുടെയും ലോകമാണ്. പരസ്പരം അറിവ് പകർന്നാണ് ഈ കാണുന്ന എല്ലാ നേട്ടങ്ങളും ഉണ്ടാക്കിയിരിക്കുന്നത്. ദൃശ്യമാധ്യമങ്ങളുടെയും കംപ്യൂട്ടർ കീബോർ‍ഡുകളുടെയും യുഗത്തിൽ‍ അക്ഷരങ്ങളുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടുകയാണെന്ന വാദം ബാലിശമാണെന്നും എഴുതിയതും അച്ചടിക്കപ്പെട്ടതുമായ അക്ഷരങ്ങൾ ഭാവിയിലേക്കുള്ള കരുതൽ ധനമാണെന്നും ഐക്യരാഷ്ട്രസഭ അടക്കമുള്ള സംഘടനങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു. ഒരു സമൂഹത്തിന്റെ തന്നെ സാമൂഹിക, സാന്പത്തിക വളർച്ചയ്ക്കും അടിസ്ഥാനമാണ് സാക്ഷരത എന്നത്. മനുഷ്യാവകാശ ലംഘനങ്ങളെ തിരിച്ചറിയാനും, ലോകത്തെ പുതിയ വീക്ഷണ കോണിൽ നിന്ന് നോക്കി കാണുവാനും, അസമത്വം, അനീതി എന്നിവയ്ക്കെതിരെ പോരാടാനും സാക്ഷരത ആയുധമാണ്. ആത്മവിശ്വാസത്തോടെ, അന്തസോടെ തല ഉയർത്തി ജീവിക്കാൻ അക്ഷരങ്ങളുടെ ലോകം ആർക്കും തന്നെ കരുത്ത് നൽകുമെന്നതും വാസ്തവാണ്. 

നിരക്ഷരരുടെ ലോകം ശാപമാണെന്ന് ഒരിക്കൽ മഹാത്മാഗാന്ധി പറഞ്ഞതും, മനുഷ്യ പുരോഗതിക്കും അതിലൂടെ സ്ത്രീകൾ‍, കുട്ടികൾ, എന്നുവേണ്ട എല്ലാ ജനങ്ങൾ‍ക്കും അവരവരുടെ കഴിവ് തിരിച്ചറിഞ്ഞ് നല്ല ജീവിതം സൃഷ്ടിക്കുന്നതിന് സാക്ഷരത ഒരു പാതയാകുന്നു എന്ന് ഐക്യരാഷ്ട്രസഭയുടെ ഏഴാമത് സെക്രട്ടറി ജനറലായിരുന്ന കോഫി അന്നൻ പറഞ്ഞതും ഈ ലോകസാക്ഷരത ദിനത്തിൽ‍ നമുക്ക് ഓർ‍ക്കാം. അറിവ് പ്രകാശമാണ്, അത് ഇരുട്ടിനെ ഇല്ലാതാക്കും എന്ന പ്രാർത്ഥനയെ ഒരിക്കൽ കൂടി ഈ ദിനത്തിൽ ഹൃദയത്തിലേറ്റാം... 

You might also like

  • Lulu Exchange
  • Straight Forward

Most Viewed